Hivision Channel

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം കോണ്‍ഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് മന്‍മോഹന്‍ സിങിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീര്‍ഘദര്‍ശിയാണ് വിടവാങ്ങിയത്.

1932 സെപ്റ്റംബര്‍ 26ന് പഞ്ചാബിലാണ് ഡോ മന്‍മോഹന്‍ സിംഗ് ജനിച്ചത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേംബ്രിഡ്ജ്, ഓക്സ്ഫെഡ് സര്‍വകലാശാലകളില്‍ തുടര്‍പഠനം. 1971-ല്‍ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായാണ് മന്‍മോഹന്‍ സിങ് ഇന്ത്യാ സര്‍ക്കാരിന്റെ ഭാഗമാകുന്നത്. 1972-ല്‍ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1982 മുതല്‍ 85 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പിന്നീട് രണ്ട് വര്‍ഷം ആസൂത്ര കമ്മീഷന്‍ മേധാവിയായും പ്രവര്‍ത്തിച്ചു. 1987-ല്‍ പദ്മവിഭൂഷണ്‍ നല്‍കി ഡോ. മന്‍മോഹന്‍ സിങ്ങിനെ രാജ്യം ആദരിച്ചു.

1990ല്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. പാപ്പരത്വത്തിലേക്ക് വീഴുമെന്ന് ഭയന്ന കാലം. കൈപിടിച്ച് നടത്താന്‍ രാജ്യത്തിന് ഒരു രക്ഷകനെ ആവശ്യമായിരുന്നു. 91ലെ തിരഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയ നരസിംഹ റാവു ആ രക്ഷകനെ കണ്ടെത്തിയത് മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തിക ഉപദേശകനുമായ ഡോ. മന്‍മോഹന്‍ സിങ്ങിലാണ്. പ്രായോഗികവാദിയായ സാമ്പത്തിക വിദഗ്ധനായിരുന്നു, അതുവരെ രാഷ്ട്രീയത്തിലില്ലാതിരുന്ന മന്‍ മോഹന്‍ സിങ്. ധനമന്ത്രിയായി ചുമതലയേറ്റ് മാസങ്ങള്‍ക്കുള്ളില്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റ്, പുതു ഇന്ത്യയുടെ ജാതകമായിരുന്നു. ഉദാരീകരണത്തിലൂന്നിയ സാമ്പത്തിക നയത്തിലൂടെ മന്‍മോഹന്‍സിങ് ഇന്ത്യയുടെ സമ്പദ് രംഗത്ത് മാറ്റത്തിന്റെ നാന്ദി കുറിച്ചു. ആഗോളീകരണത്തിലൂടെ, വിശാലതയിലേക്ക് ഇന്ത്യന്‍ വിപണിയെ തുറന്നുകൊടുത്തു. രാജ്യത്തിന്റെ വ്യവസായ, വാണിജ്യ മേഖലകളെ ചുവപ്പു നാടകളില്‍ നിന്ന് മോചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *