
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 2025- 2026 സംസ്ഥാന ബജറ്റില്‍ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് കൊണ്ടു വരും. നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.
അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബോലഗോപാല്‍
ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 5,39,043 വീടുകള്‍ അനുവദിച്ചതില്‍ 4,27,736 വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 1,11,306 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ പട്ടികജാതിയില്‍ ഉള്‍പ്പെട്ട 1,16,996 പേരും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 43,332 പേരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്. വില അനുസരിച്ചായിരിക്കും നികുതിയില്‍ മാറ്റം വരുക.
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.
ബജറ്റില്‍ കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വയോജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിച്ചത്. സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ഗ്രിഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പു രോഗികള്‍ക്കും പാലിയേറ്റീവ് കെയര്‍, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പു വരുത്തുമെന്ന് ബജറ്റിലൂടെ അറിയിച്ചു. വയോജനങ്ങളുടെ അവകാശങ്ങള്‍ എല്ലാം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യം, സാമൂഹ്യക്ഷേമം, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്‌കീമുകള്‍ പ്രാദേശിക തലത്തില്‍ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു സമഗ്ര പരിപാടിയാണിതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.