Hivision Channel

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷനില്‍ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലിയലെ ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തിലും പ്രതികളായവ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കുകയും മൂന്ന് വര്‍ഷത്തേക്ക് മറ്റ് കോളജുകളില്‍ ചേരുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. ഈ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *