Hivision Channel

ദുര്‍ബലരായ 41.99 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപകൂടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്.

18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂര്‍ണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയത്തില്‍ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്ര വിഹിതമുള്ളത്.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അംഗത്വം നേടുന്നതിന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂര്‍ണമായും സൗജന്യമാണ്.

197 സര്‍ക്കാര്‍ ആശുപത്രികളും, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവില്‍ പദ്ധതിയുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *