Hivision Channel

പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരി നിയയുടെ മൃതദേഹം ഖബറടക്കി

പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരി നിയയുടെ ഖബറടക്കം പൂര്‍ത്തിയായി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കൂടുതല്‍ പേര്‍ക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. പൊതുദര്‍ശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയില്‍ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്. പള്ളിയില്‍ നിന്നും കുറച്ചുപേര്‍ മാത്രമാണ് സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലിരുന്നത്. ഇന്ന് പുലര്‍ച്ചെ നിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. 15 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കും. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്തില്‍ എബിസി സെന്റര്‍ ഇല്ല. കുരിയോട്ടുമലയിലെ ഷെല്‍ട്ടറിന്റെ പണി പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് തെരുവ് നായ്ക്കളെ അവിടേക്ക് മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.

ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്‌സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാല്‍ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

മാര്‍ച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്‌സീന്‍ നല്‍കി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു.

സംസ്ഥാനത്ത് 2021ല്‍ 11പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേര്‍. 2023 ല്‍ 25 പേര്‍. 2024 ല്‍ 26 പേര്‍. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്‌സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യ മിനിറ്റുകള്‍ അത്യധികം പ്രധാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്‌സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *