Hivision Channel

തൃശൂർ പടിയൂരിലെ ഇരട്ടക്കൊല; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്, 3 ഭാഷകളിൽ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതിക്കെതിരേ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഇതിന്റെ ഭാഗമായി മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്.

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഴുകിത്തുടങ്ങിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ് കോട്ടയം കുറുച്ചി സ്വദേശി പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.

ബുധനാഴ്ച രാത്രി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന നിരീക്ഷണത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *