
വീട് വയ്ക്കുന്ന സമയത്ത് പലതരം പ്രതിസന്ധികളാണ് നമ്മള്‍ നേരിടേണ്ടി വരുന്നത്. കുറഞ്ഞ ബജറ്റില്‍ ഇഷ്ടാനുസൃതം ഒരു വീട് വയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. മനോഹരമാക്കുന്നതിനൊപ്പം ആവശ്യമായ കാര്യങ്ങളെയും പരിഗണിച്ചാവണം വീട് പണിയേണ്ടത്. അത്തരത്തില്‍ ഒന്നാണ് വീട്ടിലെ മാലിന്യ സംസ്‌കരണവും. ചെറിയ സ്ഥലമായതിനാല്‍ മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ട. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു.
അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടത് ഇങ്ങനെ
വീട്ടില്‍ എപ്പോഴും മാലിന്യം ഉണ്ടാവുന്നത് അടുക്കളയിലാണ്. എന്നാല്‍ ഇത് എങ്ങനെ സംസ്‌കരിക്കുമെന്ന് ആലോചിച്ച് തലപുകയ്‌ക്കേണ്ട. മണ്ണില്‍ ലയിക്കുന്നവയും അല്ലാത്തതുമായ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കണം. ഇതിലൂടെ മാലിന്യങ്ങള്‍ എളുപ്പത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളെ കമ്പോസ്റ്റാക്കി മാറ്റാം. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
കമ്പോസ്റ്റിങ് ഇങ്ങനെയും ചെയ്യാം
പലരീതികളില്‍ നമുക്ക് കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മണ്ണിര കമ്പോസ്റ്റിങ് കൂടാതെ പോര്‍ട്ടബിള്‍ ബയോബിന്‍ കമ്പോസ്റ്റിങ്, മോസ്പിറ്റ് കമ്പോസ്റ്റിങ്, മണ്‍കല കമ്പോസ്റ്റിങ്, റിങ് കമ്പോസ്റ്റിങ്, കളിമണ്‍ ഭരണികള്‍ കൊണ്ടുള്ള ജൈവ സംസ്‌കരണ ഭരണി തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ബയോഗ്യാസിന്റെ ഉപയോഗം
അടുക്കള മാലിന്യങ്ങളെ ബയോഗ്യാസ് ആക്കിയും ഉപയോഗപ്രദമാക്കാന്‍ സാധിക്കും. ഇതുവഴി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലൂടെ പാചകവാതകവും വളമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സ്ലറിയും ലഭിക്കുന്നു. അടുക്കള മാലിന്യങ്ങള്‍ക്കൊപ്പം ചാണകം, ജൈവമാലിന്യങ്ങള്‍ എന്നിവയും ബയോഗ്യാസ് പ്ലാന്റില്‍ നിറക്കാവുന്നതാണ്.
മെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്‌കരണം
എല്ലാ വീടുകളിലും മെഡിക്കല്‍ മാലിന്യങ്ങള്‍ ഉണ്ട്. ഇപ്പോഴും പലര്‍ക്കും അറിയാത്ത കാര്യമാണ് ഇത് എങ്ങനെ സംസ്‌കരിക്കുമെന്നത്. ഒരിക്കലും മെഡിക്കല്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. ഇത് ശേഖരിച്ച് വെച്ചതിന് ശേഷം ശരിയായ രീതിയില്‍ സംസ്‌കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കാം
വീടിന്റെ അതിര്‍ത്തിയില്‍ നിന്നും 1.2 മീറ്ററെങ്കിലും ഉള്ളിലേക്കായിരിക്കണം സെപ്റ്റിക് ടാങ്ക് പണിയേണ്ടത്. ഇനി സ്ഥലം കുറവാണെങ്കില്‍ വീട് വയ്ക്കുന്ന സമയം അടിത്തറയുടെ താഴെയായി സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാവുന്നവതാണ്. അതേസമയം കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത ദൂരം ഉണ്ടായിരിക്കണം. കൂടാതെ അടുത്തുള്ള ജലസ്രോതസ്സുകളില്‍ നിന്നും എത്ര അകലം ഉണ്ടെന്നും രേഖപ്പെടുത്തേണ്ടതുണ്ട്. കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ ഉചിതം. സ്ഥലപരിമിതി മൂലം മുറികളുടെയും സിറ്റൗട്ടിന്റെയും താഴെ സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഭാവിയില്‍ വീട് പുതുക്കി പണിയുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തിലാകണം ഇത് ചെയ്യേണ്ടത്.














