
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വര്‍ണവില. ഗ്രാമിന് 155 രൂപ ഉയര്‍ന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില വര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.














