ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യണ്‍ കടക്കും. ഏറ്റവും പുതിയ യുഎന്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ല്‍ ഏകദേശം 8.5 ബില്യണിലേക്കും, 2050 ല്‍ 9.7 ബില്യണിലേക്കും 2100 ല്‍ 10.4 ബില്യണിലേക്കും വളരുമെന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത് എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ വാര്‍ഷിക വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട് റിപ്പോര്‍ട്ടില്‍ 1950ന് ശേഷം ആദ്യമായി 2020ല്‍ ലോകജനസംഖ്യ വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായി കുറഞ്ഞതായും വ്യക്തമാക്കുന്നു. 2050-ഓടെ ലോകജനസംഖ്യ 9.7 ബില്യണും 2100-ഓടെ 10.4 ബില്യണും ആയിരിക്കുമെന്നും യുഎന്‍ കണക്കാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം വളരെ കുറവുള്ള രാജ്യങ്ങളിലാണ് ജനനനിരക്കിലെ വര്‍ദ്ധനവ് കൂടുതലും കാണുന്നത്.
145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. അതേസമയം 2023ല്‍ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎന്‍ വ്യക്തമാക്കുന്നു. ആഗോള ജനസംഖ്യ 700 കോടിയില്‍ നിന്ന് 800 കോടിയിലേക്ക് എത്താന്‍ 12 വര്‍ഷമെടുത്തപ്പോള്‍ അത് 900 കോടിയിലേക്കെത്താന്‍ ഏകദേശം 15 വര്‍ഷത്തോളമെടുക്കുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ച നിരക്ക് കുറയുന്നു എന്നതിന്റെ സൂചനയാണെന്നും വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.