Hivision Channel

എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാര്‍ത്ഥിനി ക്ലാസില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു

പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജിലെ രേഖകളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല ക്ലാസില്‍ ഇരുന്നതെന്ന് തെളിഞ്ഞത്. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.

മെഡിക്കല്‍ കോളജിലെ അധ്യാപകന്‍ തന്നെയാണ് കുട്ടിയുടെ പേര് ഹാജര്‍ രജിസ്റ്ററില്‍ ചേര്‍ത്തത്. പ്രവേശന പരീക്ഷയെഴുതിയിരുന്നെന്നും പ്രവേശനം കിട്ടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ പ്രവേശനം കിട്ടാതിരുന്ന സമയത്താണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ക്ലാസ് ആരംഭിച്ച വിവരമറിഞ്ഞത്. അവിടെ പെണ്‍കുട്ടി എത്തുകയും ചെയ്തു. പുറത്ത് നിന്നൊരു ഫോട്ടോ എടുത്ത് മടങ്ങാം എന്നാണ് ആദ്യം കുട്ടി കരുതിയത്. ആ സമയത്ത് മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുന്നത് കണ്ട പെണ്‍കുട്ടിയും അവര്‍ക്കൊപ്പം കയറി. ഹാജര്‍ ബുക്കില്‍ പേര് വിളിച്ചതോടെ മറ്റ് പ്രശ്നങ്ങളില്ലെന്ന് കരുതി നാല് ദിവസം ക്ലാസില്‍ തുടരുകയായിരുന്നു. ഒടുവില്‍ പിടിക്കപ്പെടുമെന്ന് മനസിലാക്കിയപ്പോള്‍ ക്ലാസില്‍ വന്നില്ല. ആ സമയത്താണ് മെഡിക്കല്‍ കോളജ് അധികൃതരും തെറ്റ് മനസിലാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *