Hivision Channel

hivision

റിപ്പബ്ലിക് ദിനാഘോഷം: 24 പ്ലാറ്റൂണുകള്‍ അണിനിരക്കും

കണ്ണൂര്‍:റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് ജനുവരി 26 ന് ആഘോഷ പരിപാടികള്‍ നടക്കുക. പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍, എന്‍ സി സി, എസ് പി സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ ഫ്ളോട്ടുകളും ഉണ്ടാകും.

ജനുവരി 22, 23, 24 തിയതികളില്‍ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ എ.ഡി.എം കലാ ഭാസ്‌ക്കര്‍, ഹുസൂര്‍ ശിരസ്തദാര്‍ നിസാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ശബരിമലയില്‍ മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പര്‍ണശാലകള്‍ കെട്ടി മകരവിളക്ക് ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും.

രണ്ടുദിവസമായി പര്‍ണശാലകള്‍ കെട്ടി അയ്യപ്പ ഭക്തര്‍ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. പൊന്നമ്പലമേട്ടില്‍ നിന്ന് മകര വിളക്ക് തെളിയുന്നത് കാണാന്‍ പറ്റുന്ന മേഖലകളിലാണ് ഭൂരിഭാഗം ഭക്തരും തമ്പടിച്ചിരിക്കുന്നത്. എരുമേലി പേട്ടതുള്ളല്‍ കൂടി കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ കൂടുതലായി സന്നിധാനത്തേക്ക് മല ചവിട്ടി തുടങ്ങി. പന്തളം കൊട്ടാരത്തില്‍ നിന്ന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള യാത്ര നാളെ വൈകിട്ടോടെ സന്നിധാനത്തെത്തും.

മകരവിളക്ക് ദിവസമായ നാളെ 35000 തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്കുള്ള പ്രവേശനം. ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. പൊലീസിന്റേയും അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സന്നിധാനം കൂടാതെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്‍മേട് അടക്കമുള്ള മേഖലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും..

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിന്‍ ടാങ്കറില്‍ തീപിടുത്തം

തിരുവനന്തപുരത്ത് പെട്രോളുമായി എത്തിയ ഗുഡ്‌സ് ട്രെയിനിലെ ടാങ്കറില്‍ തീപിടുത്തം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപിടുത്തം ഉണ്ടായത്. പൊതുജനങ്ങളുടെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരു അപകടം ഒഴിവായത്.

ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സിഗ്‌നലില്‍ ലഭിക്കാനായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടര്‍ന്നത്. നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. റെയില്‍വേ അധികൃതര്‍ തീപിടുത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.

ഐഷ പോറ്റി കോണ്‍ഗ്രസില്‍

കൊട്ടാരക്കര മുന്‍ എം എല്‍ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍. കോണ്‍ഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ വി ഡി സതീശന്‍
ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയായേക്കും.

കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികള്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ ചൊടിപ്പിച്ചതെന്നാണ് വിവരം.

കെ ജി എം ഓ എ അമൃതകിരണം സീസണ്‍ 8 ക്വിസ് മത്സരം നടത്തി

കണ്ണൂര്‍:സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും മെഡിക്കല്‍ മേഖലയിലെ തെറ്റായ സന്ദേശങ്ങളില്‍ നിന്നും കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനും ആയി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ അസോസിയേഷന്‍ വര്‍ഷംതോറും നടത്തുന്ന അമൃതകിരണം മെഡി- ഐ ക്യു ക്വിസ് സീസണ്‍ 8 കണ്ണൂര്‍ ഐ എം എ ഹാളില്‍ വച്ചു നടത്തി. കെ ജി എം ഓ എ സ്റ്റേറ്റ് മാനേജിംഗ് എഡിറ്റര്‍ ഡോ ബിജോയ് സിപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ ജിതിന്‍ വിഎസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌റ് ഡോ രാജേഷ് ഒ ടി മുഖ്യ അതിഥിയായി. ഡോ അജിത് കുമാര്‍ (നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ഇലക്ട്) ഡോ ഷാഖിര്‍, ഡോ അമൃതകല (സംസ്ഥാന സമിതി അംഗങ്ങള്‍ ) ആശംസകള്‍ അറിയിച്ചു. ജില്ലാ ട്രഷറര്‍ ഡോ സജ്നാ നാരായണന്‍ സ്വാഗതവും അമൃതകിരണം ജില്ലാ കണ്‍വീനര്‍ ഡോ ശ്വേത ബി നന്ദിയും അറിയിച്ചു.

41 ഹൈസ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ തോക്കിലങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി ഇ, ഹരിനന്ദ സുരേഷ് കെ എന്നിവര്‍ ഒന്നാം സ്ഥാനവും മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂളിലെ വിദ്യാര്‍ഥികളായ ശ്രീരാഗ് ന്‍, ലെനിന്‍ റോഷ് എന്നിവര്‍ രണ്ടാം സ്ഥാനവും സെന്റ് മൈക്കല്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളായ അമന്‍ ല്‍ ബിനോയ് ധനുര്‍വേഡ് രാജേഷ് എന്നിവര്‍ മൂന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ 24 ആം തീയതി കെജിഎം ഒയെ സ്റ്റേറ്റ് ആനുവല്‍ മീറ്റിനോട് അനുബന്ധിച്ച് നടക്കുന്ന സംസ്ഥാനതല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.

കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. എംസി റോഡില്‍ മോനിപ്പള്ളിയില്‍ ആണ് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂര്‍ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ സയന്‍സ് വിദ്യാര്‍ഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയത്. സ്‌കൂളിലെ മൂന്നാം നിലയുടെ മുകളില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. കണ്ണൂര്‍ തിരൂര്‍ സ്വദേശിനിയാണ് വിദ്യാര്‍ഥിനി.

സ്വര്‍ണ വില വര്‍ധിച്ചു.പവന് 1,04,240 രൂപ

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വര്‍ണവില. ഗ്രാമിന് 155 രൂപ ഉയര്‍ന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില വര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്. ഈങ്ങാപുഴ സ്വദേശി സുബിക്കി, കൊടുവള്ളി സ്വദേശി നിഹാല്‍, വയനാട് സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. താമരശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

കടുത്ത നടപടിക്ക് നിയമസഭ; രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടും, സ്പീക്കര്‍ എ എന്‍ ഷംസീര്‍

മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതില്‍ സ്പീക്കര്‍ക്ക് റോളില്ല. അറസ്റ്റ് എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്നും എ എന്‍ ഷംസീര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും രംഗത്തെത്തി.ഏറെ പണിപ്പെട്ടാണ് രാഹുലിനെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു. പത്തനംതിട്ടയ്ക്ക് പുറമെ പാലക്കാട് ബിജെപിയുടെ നേത്യത്വത്തിലും പ്രതിഷേധം ഉണ്ടായി. രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ആണ് പ്രതിഷേധം നടന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാഹുലിന്റെ കോലം കത്തിച്ചു. സ്ഥലത്ത് പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പത്തനംതിട്ട AR ക്യാംപില്‍ ആറുമണിക്കൂറിലേറെ നേരം രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്തു.വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ കോടതിയില്‍ ഹാജരാക്കും. പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാത്രി പന്ത്രണ്ടരയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമാണ് നിലവില്‍ വിദേശത്തുള്ള യുവതിയുടെ പരാതി.