Hivision Channel

Kerala news

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു.ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേര്‍ ചികിത്സയിലാണ്.

വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു

കൊട്ടിയൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു. കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കണ്ണികുളത്തില്‍ വിജയമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിജയമ്മ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന മോഷ്ടാവ് വിജയമ്മയെ ആക്രമിച്ച് മാല മോഷ്ടിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച വിജയമ്മയെ മോഷ്ടാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.പരിക്കേറ്റ വിജയമ്മയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ പാസായി

ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതോടെ നിയമസാധുത ലഭിക്കും.

പട്ടയ ഭൂമിയിലെ റിസോര്‍ട്ട് നിര്‍മ്മാണം, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, വാണിജ്യ മന്ദിരങ്ങള്‍ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.

പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂപതിവ് നിയമ ഭേദഗതി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചെന്നും റവന്യുമന്ത്രി പറഞ്ഞു. പതിച്ചുകൊടുത്ത ഭൂമിയിലെ നിലവിലെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുമെന്നും ഇപ്പോള്‍ അനുവദിക്കാത്ത ചില പ്രവൃത്തികള്‍ പട്ടയഭൂമിയില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു

ലോക വിനോദ സഞ്ചാര ദിനം; ടൂര്‍ വാരാചരണവുമായി കെഎസ്ആര്‍ടിസി

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.
ഗവി-കുമളി-കമ്പം: സെപ്റ്റംബര്‍ 21ന് വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ച് അന്ന് ഹോട്ടലില്‍ താമസം, ശനിയാഴ്ച ഗവിയിലും സന്ദര്‍ശനം നടത്തി ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ എത്തിച്ചേരും.
വാഗമണ്‍ -മൂന്നാര്‍: സെപ്റ്റംബര്‍ 22, 30 തീയതികളില്‍ വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ വാഗമണ്ണില്‍ എത്തിച്ചേരും. ഓഫ് റോഡ് ജീപ്പ് സഫാരി, പൈന്‍ ഫോറസ്റ്റ്, അഡ്വെഞ്ചര്‍ പാര്‍ക്ക്, വാഗമണ്‍ മേഡോസ് എന്നിവ സന്ദര്‍ശനം. രാത്രിയില്‍ ക്യാമ്പ് ഫയര്‍ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറില്‍ ആറോളം ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് തിരിച്ചെത്തും.
മൂന്നാര്‍: സെപ്റ്റംബര്‍ 30ന് വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഒക്ടോബര്‍ മൂന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തും. ഒന്നാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, പൊന്മുടി ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ഓറഞ്ച് ഗാര്‍ഡന്‍, മാലൈ കള്ളന്‍ കേവ്, ഫോട്ടോ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് മൂന്നാറില്‍ ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം ഇരവികുളം നാഷണല്‍ പാര്‍ക്ക്, ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റ്, കുണ്ടള തടാകം, സിഗ്‌നല്‍ പോയിന്റ് എന്നിവ സന്ദര്‍ശിക്കും.
പൈതല്‍ മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയം തട്ട്: സെപ്റ്റംബര്‍ 24ന് രാവിലെ 6.30 പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജില്‍ മൂന്നു ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കും. ഭക്ഷണവും എന്‍ട്രി ഫീ ഉള്‍പ്പെടെയാണ് പാക്കേജ.്
വയനാട്: സെപ്റ്റംബര്‍ 24ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി 10.30 തിരിച്ചെത്തുന്ന പാക്കേജില്‍ ബാണാസുരസാഗര്‍ ഡാം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ചെയിന്‍ ട്രീ എന്നിവ സന്ദര്‍ശിക്കും.
വയനാട്: സെപ്റ്റംബര്‍ 30ന് രാവിലെ 5.45നു പുറപ്പെട്ട് സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാര്‍ക്ക് (ഗ്ലാസ് ബ്രിഡ്ജ്), മുത്തങ്ങ ജംഗിള്‍ സഫാരി എന്നിവ സന്ദര്‍ശിച്ച് രാത്രി രണ്ട് മണിയോടെ കണ്ണൂരില്‍ തിരിച്ചെത്തുന്നു. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെയുള്ള രാത്രി യാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
റാണിപുരം-ബേക്കല്‍: ഒക്ടോബര്‍ ഒന്നിന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജില്‍ വടക്കേ മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ ബീച്ച് ആന്‍ഡ് പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്നു. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും ഫോണ്‍: 8089463675, 9496131288.

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാന്‍ മൂന്ന് വെല്‍നെസ് സെന്ററുകള്‍

മട്ടന്നൂര്‍ നഗരസഭയുടെ ആരോഗ്യ മേഖലക്ക് കരുത്ത് പകരാനായി മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഒരുങ്ങി. നഗരസഭയിലെ കല്ലൂര്‍, ഉരുവച്ചാല്‍, വെമ്പടി എന്നിവിടങ്ങളിലാണ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓരോ സെന്ററിനും 75 ലക്ഷം രൂപ വീതം ധനകാര്യ കമ്മീഷന്റെ ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗിച്ചാണ് സെന്ററുകള്‍ ഒരുക്കിയത്.
നഗരസഭ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുക. ഒന്ന് വീതം ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, അറ്റന്റര്‍, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഓരോ സെന്ററിലും ഉള്ളത്. ഒ പി ചികിത്സയും മരുന്നും സൗജന്യമാണ്. ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് ഒ പി സമയം. ഇതിന് പുറമെ ഔട്ട്‌റീച്ച് ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം വഴി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ആഴ്ചയില്‍ ഒരിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തുന്ന പോളിക്ലിനിക്ക് ഒരുക്കാനുള്ള ആലോചനയുമുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയാണ് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും മുനിസിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലും ജീവനക്കാരെ നിയമിക്കല്‍, ആവശ്യമായ ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവ മുനിസിപ്പല്‍ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുമാണ് നടത്തിയത്.
കല്ലൂരിലെ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വഹിക്കും. ഈമാസം തന്നെ ബാക്കിയുള്ള രണ്ടു സെന്ററുകളും പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ പറഞ്ഞു.

17 സ്‌കൂളുകളില്‍ കൂടി സ്‌കൂഫേ പദ്ധതി; 36.50 ലക്ഷം രൂപ അനുവദിച്ചു

കണ്ണൂര്‍:ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീമിഷന്‍ മുഖേന നടപ്പിലാക്കുന്ന കഫേ അറ്റ് സ്‌കൂള്‍ സ്‌കൂഫേ പദ്ധതി 17 സ്‌കൂളുകളില്‍ കൂടി നടപ്പിലാക്കും. ഇതിനായി 36.50 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. പദ്ധതിക്കായി മുറി സൗകര്യമില്ലാത്ത ജിഎച്ച്എസ്എസ് ശ്രീപുരം, ഉദയഗിരി, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ, എംഎഎസ്എസ് ജിഎച്ച്എസ്എസ് എട്ടിക്കുളം, ജിഎച്ച്എസ് രയരോം, സിഎച്ച്എംകെഎസ് ജിഎച്ച്എസ്എസ് മാട്ടൂല്‍, സിഎച്ച്എംഎം എച്ച്എസ്എസ് തില്ലങ്കേരി, എകെജിഎം ജിഎച്ച്എസ്എസ് പെരളശ്ശേരി, എടയന്നൂര്‍ എച്ച്എസ് ആന്‍ഡ് വിഎച്ച്എസ്ഇ ബ്ലോക്ക്, ജിഎച്ച്എസ്എസ് ഫോര്‍ ബോയ്സ് ചെറുകുന്ന്, ജിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ചെറുകുന്ന്, ജിഎച്ച്എസ്എസ് കൊയ്യം, ജിഎച്ച്എസ്എസ് ചുഴലി, സിഎച്ച്എംഎസ് ജിഎച്ച്എസ്എസ് വളപട്ടണം, ജിഎച്ച്എസ്എസ് പാല എന്നീ 14 സ്‌കൂളുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും മുറി സൗകര്യമുള്ള ജിഎച്ച്എസ്എസ് ചെറുതാഴം, നിര്‍മ്മല എച്ച്എസ്എസ് ചെമ്പേരി, ഇഎംഎസ്എസ് ജിഎച്ച്എസ്എസ് പാപ്പിനിശ്ശേരി എന്നിവയ്ക്ക് 50,000 രൂപ വീതവുമാണ് അനുവദിച്ചത്.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന, പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് സൈന്യത്തില്‍ ചേരുന്നതിന് പ്രീറിക്രൂട്ട്മെന്റ് പദ്ധതിക്കായി പരിശീലന ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ടെണ്ടര്‍ ക്ഷണിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് പദ്ധതി നിര്‍വഹണ ഓഫീസര്‍. ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് 9.90 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് പ്രീവൊക്കേഷനല്‍ ട്രെയ്നിംഗ് പദ്ധതിയുടെ പരിശീലന സ്ഥാപനമായി കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം എന്ന സ്ഥാപനത്തെ തീരുമാനിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസറാണ് പദ്ധതി നിര്‍വഹണ ഓഫീസര്‍.
ജില്ലാ പഞ്ചായത്തിന്റെ 24 ഡിവിഷനുകളിലും മെംബര്‍മാരുടെ നേതൃത്വത്തില്‍ പദ്ധതി പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി എ വി അബ്ദുലത്തീഫ്, മെംബര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. ആടഘ ലെവല്‍ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ ജാഗ്രത മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റന്നാളും (16923) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. നിപ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക നിലവില്‍ 789 ആണ്. സമ്പര്‍ക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചയോടെ എത്തി. വൈകിട്ടോടെ ലാബ് പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പരിശോധനയും ഫലപ്രഖ്യാപനവും കോഴിക്കോട് തന്നെ നടത്താനാകും. രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്.

തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ഹിന്ദി ദിനം ആചരിച്ചു

പേരാവൂര്‍:തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ഹിന്ദി ദിനാചരണം നടന്നു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സോജന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അധ്യാപകനായ പ്രസാദ് തോമസ് ഹിന്ദി ദിന സന്ദേശം നല്‍കി. അധ്യാപകരായ ഷൈന്‍ എം.ജോസഫ്, ജെസി അബ്രാഹം, ഡാര്‍വിന്‍ കെ.കെ, നിനു ജോസഫ്, സ്‌കൂള്‍ ലീഡര്‍ ദര്‍ശന്‍ സുഹാസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളില്‍ പ്രത്യേക ഹിന്ദി അസംബ്ലിയും,കുട്ടികള്‍ നിര്‍മ്മിച്ച അക്ഷര ചാര്‍ട്ടുകള്‍ ഉപയോഗിച്ച് സ്‌കൂള്‍ കെടിടത്തിന്റെ നീളത്തില്‍ അക്ഷരമാല തീര്‍ക്കുകയും, മുഴുവന്‍ കുട്ടികളും ഹിന്ദിദിന പോസ്റ്റര്‍ നിര്‍മ്മിക്കുകയും ചെയ്തു.വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസമാകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി. 2006 ലെ ഫിനാന്‍സ് ആക്ട് പ്രകാരം സഹകരണ ബാങ്കുകള്‍ നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് പുതിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ 74 ബാങ്കുകള്‍ക്കാണ് സുപ്രീംകോടതി വിധി ആശ്വാസകരമാകുന്നത്. 600 കോടിയോളം നികുതിയിനത്തില്‍ അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍, അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവര്‍ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായി.

നിപ;കേന്ദ്ര സംഘം കോഴിക്കോടെത്തി

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും.

ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.