Hivision Channel

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാന്‍ മൂന്ന് വെല്‍നെസ് സെന്ററുകള്‍

മട്ടന്നൂര്‍ നഗരസഭയുടെ ആരോഗ്യ മേഖലക്ക് കരുത്ത് പകരാനായി മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഒരുങ്ങി. നഗരസഭയിലെ കല്ലൂര്‍, ഉരുവച്ചാല്‍, വെമ്പടി എന്നിവിടങ്ങളിലാണ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓരോ സെന്ററിനും 75 ലക്ഷം രൂപ വീതം ധനകാര്യ കമ്മീഷന്റെ ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗിച്ചാണ് സെന്ററുകള്‍ ഒരുക്കിയത്.
നഗരസഭ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുക. ഒന്ന് വീതം ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, അറ്റന്റര്‍, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഓരോ സെന്ററിലും ഉള്ളത്. ഒ പി ചികിത്സയും മരുന്നും സൗജന്യമാണ്. ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് ഒ പി സമയം. ഇതിന് പുറമെ ഔട്ട്‌റീച്ച് ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം വഴി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ആഴ്ചയില്‍ ഒരിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തുന്ന പോളിക്ലിനിക്ക് ഒരുക്കാനുള്ള ആലോചനയുമുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയാണ് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും മുനിസിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലും ജീവനക്കാരെ നിയമിക്കല്‍, ആവശ്യമായ ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവ മുനിസിപ്പല്‍ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുമാണ് നടത്തിയത്.
കല്ലൂരിലെ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വഹിക്കും. ഈമാസം തന്നെ ബാക്കിയുള്ള രണ്ടു സെന്ററുകളും പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *