Hivision Channel

Kerala news

മാലൂരില്‍ തീവ്ര പേവിഷ പ്രതിരോധ യജ്ഞം

പേവിഷബാധക്കെതിരായ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മാലൂര്‍ ഗ്രാമപഞ്ചായത്തില്‍ തീവ്ര പേവിഷ പ്രതിരോധ യജ്ഞം. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി ഡിസ്‌പെന്‍സറിയും സംയുക്തമായി പേവിഷ നിര്‍മ്മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന മാസ്സ് ഡോഗ് വാക്സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബര്‍ 30വരെ പഞ്ചായത്തിലെ 32 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടക്കുക. ഇതിലൂടെ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുയാണ് ലക്ഷ്യം. സംരക്ഷിച്ചു പോരുന്ന തെരുവ് നായകളെ ബന്ധപ്പെട്ടവര്‍ ക്യാമ്പില്‍ എത്തിച്ചാല്‍ അവക്കും കുത്തിവെപ്പ് നല്‍കുന്നുണ്ട്. ഒരു നായയുടെ കുത്തിവെപ്പിന് 45 രൂപയാണ് ഈടാക്കുന്നത്. തെരുവ് നായകള്‍ക്ക് സൗജന്യമായാണ് കുത്തിവെപ്പ്. രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ക്യാമ്പ് പ്രവര്‍ത്തനം. രണ്ട് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും നാല് സഹായികളുമടങ്ങിയ ടീമാണുള്ളത്. എട്ട് സ്ഥലങ്ങളിലാണ് ബുധനാഴ്ച (സെപ്റ്റംബര്‍ 27) ക്യാമ്പ് നടന്നത്.
പരിപാടിയുടെ ഉദ്ഘാടനം മാലൂര്‍ പ്രഭാത് ആര്‍ട്സ് ക്ലബ്ബ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ സി രജനി, അംഗം ചന്ദ്രമതി പരയത്ത്, മാലൂര്‍ വെറ്ററിനറി ഡിസ്പെന്‍സറി വെറ്ററിനറി സര്‍ജ്ജന്‍ ഡോ. പി എന്‍ ഷിബു, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ എം വിജില്‍, സൂരജ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.

എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.ആരോപണ വിധേയനോട് വിശദീകരണം തേടി. തന്റെ ഓഫീസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് പരാതി നല്‍കിയത്. പേഴ്സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.

പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്താല്‍ കര്‍ശനനടപടി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അഴിമതി രഹിതമായി തന്നെ പരിഹരിക്കും.

പണം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്യങ്ങള്‍ പരിശോധിക്കും. എവിടുന്നാണ് മെയില്‍ പോയത് എന്നിവയുള്‍പ്പെടെ പരിശോധിക്കും. സത്യം മാത്രമേ വിജയിക്കൂ സത്യം പുറത്ത് വരുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെയാണ് കൈക്കൂലി ആരോപണം വന്നത്. താത്കാലിക നിയമനത്തിന് അഖില്‍ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി.

ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്ദാനം ചെയ്തത്.

വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് വേണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി. കണ്ണൂര്‍, തലശേരിയിലെ കൊടിയേരിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്.തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോണ്‍ ആപ്പ് തട്ടിപ്പ്; കേന്ദ്രസഹായം തേടി കേരള പൊലീസ്

ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്നാണ് ആവശ്യം. ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേരള പൊലീസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്രസഹായം കൂടി തേടിയത്.

സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇവയെ പിടിച്ചുകെട്ടാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. നേരത്തെ 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ വിവിധ വെബ്സൈറ്റുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിനാണ് കേരള പൊലീസ് കത്തയച്ചിരിക്കുന്നത്. ലോണ്‍ ആപ്പുകള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇതില്‍ താമസമുണ്ടാകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കേരള പൊലീസിന്റെ സ്പെഷ്യല്‍ വിംഗ് ലോണ്‍ ആപ്പുകള്‍ നിരീക്ഷിച്ചുവരികയാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ അറിയിക്കാന്‍ പൊലീസ് പുറത്തിറക്കിയ വാട്സാപ്പ് നമ്പറിലേക്ക് പരാതികളുടെ പ്രവാഹമാണ്. സൈബര്‍ ഡോം കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായ്പാ ആപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. എസ്.പി. ഹരിശങ്കര്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്സൈറ്റ് വഴിയാണ് ഭൂരിഭാഗം തട്ടിപ്പെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിനിമാ പ്രേമികള്‍ക്കായി ചലച്ചിത്ര ശില്പശാല

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മൂന്ന് ദിവസത്തെ ചലച്ചിത്ര ശില്‍പശാല നടത്തുന്നു. സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, തിരക്കഥാ നിര്‍മ്മാണം, സംവിധാനം, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീത സംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, പിച്ച് ഡെക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്വന്തമായി തയ്യാറാക്കിയ ഒരു ഫോട്ട് ഫിലിം/ഡോക്യുമെന്ററി/ആല്‍ബം/മ്യൂസിക്കല്‍ വീഡിയോ/പരസ്യ ചിത്രം/റീല്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ (ദൈര്‍ഘ്യം അരമണിക്കൂറില്‍ താഴെ, എംപി ഫോര്‍ ഫോര്‍മാറ്റ്) ലിങ്ക് filimworkshop01@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. യൂട്യൂബ് വീഡിയോ, ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളും അയക്കാം. ഫോണ്‍ നമ്പര്‍, പൂര്‍ണ്ണ വിലാസം എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ് എസ് എല്‍ സി/ആധാര്‍/വോട്ടര്‍ ഐ ഡി എന്നിവയില്‍ ഏതെങ്കിലും) എന്നിവയും അയക്കണം. പ്രായപരിധി 18-35 ഇടയില്‍. അപേക്ഷക അയക്കേണ്ട അവസാന തീയ്യതി ഒക്‌ടോബര്‍ അഞ്ച്. ഫോണ്‍: 0471 2733602.

ആന്തൂര്‍ വ്യവസായ എസ്റ്റേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കണ്ണൂര്‍:ജില്ലയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആന്തൂര്‍ വ്യവസായ പ്ലോട്ടില്‍ പുതിയ വ്യവസായ എസ്റ്റേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. ആന്തൂര്‍ വ്യവസായ പ്ലോട്ടില്‍ ഒമ്പത് സെന്റിലായി 21.25 ലക്ഷം രൂപ ചെലവഴിച്ചാണ് 750 ചതുരശ്ര അടിയില്‍ ഓഫീസ് നിര്‍മ്മിച്ചത്. ആന്തൂര്‍ വ്യവസായ പ്ലോട്ടില്‍ 54 ഏക്കറിലായി 173 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വ്യവസായ സ്ഥാപനങ്ങളുടെയും സംരംഭകരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ഓഫീസ് ഒരുക്കിയത്. 1981-82 കാലഘട്ടത്തിലാണ് പഴയ തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ എസ്റ്റേറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ സാധ്യമായ എല്ലായിടങ്ങളിലും വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായ ഭൂമി അനുവദിച്ചത്.
ആദ്യഘട്ടത്തില്‍ 21.99 ഏക്കറില്‍ 95 യൂണിറ്റുകളും രണ്ടാംഘട്ടത്തില്‍ 32.26 ഏക്കറില്‍ 78 യൂണിറ്റുകളുമാണ് ഒരുക്കിയത്. ഈ യൂണിറ്റുകള്‍ മുഖേന ഏകദേശം നൂറുകോടിയുടെ നിക്ഷേപമുണ്ട്. 1250 പേര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ജോലി നല്‍കുന്നു. എസ് സി വിഭാഗത്തിന് ഏഴു ഷെഡുകള്‍ മാറ്റിവച്ചു. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഇവിടെയാണ് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് ഫാക്ടറികളുള്ളത്. കൂടാതെ ബ്രിക്സ് നിര്‍മ്മാണം, ഭക്ഷ്യാധിഷ്ഠിത സംരംഭങ്ങള്‍, തുണിത്തരങ്ങള്‍, എന്‍ജിനീയറിങ് വര്‍ക്സ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആന്തൂര്‍ നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ആന്തൂര്‍ വ്യവസായ വികസന ഭൂമി.

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള തീയതികളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴക്കൊപ്പം ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം ദേശീയ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിന്‍ അനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ അലേര്‍ട്ടുകളില്ല. വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു. ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ഐ ടി-പ്രവര്‍ത്തിപരിചയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ മേഖല പ്രസിഡന്റ് ആഗസ്തി ഇ ജെ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് സജീവ് വി കെ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കവണാട്ടേല്‍, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, പ്രോഗ്രാം കോഡിനേറ്റര്‍ ഷീന ജോസ് എന്നിവര്‍ സംസാരിച്ചു. പുരാവസ്തുക്കളുടേയും കാര്‍ഷികോപകരണങ്ങളുടേയും പ്രദര്‍ശനവും നടന്നു.

കേരളാ വ്യാപാരി വ്യവസായി സമിതി ഉളിയില്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍

ഉളിയില്‍: കേരളാ വ്യാപാരി വ്യവസായി സമിതി ഉളിയില്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉളിയില്‍ നടന്നു.വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം പ്രമോദ് മാനന്തേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി പവനന്‍ അധ്യക്ഷത വഹിച്ചു.
യുണിറ്റ് സെക്രട്ടറി കെ ടി ടോമി,ട്രഷറര്‍ നിഷാദ് സെബാസ്റ്റ്യന്‍,ഏരിയ പ്രസിഡന്റ് പി. പ്രഭാകരന്‍, ഏരിയ സെക്രട്ടറി വിജേഷ് ഒ, ശിവശങ്കരന്‍, ബിനു,കെ സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കീഴൂര്‍ വാഴുന്നവേഴ്‌സ് യു പി സ്‌കൂളില്‍ സുരീലി ഹിന്ദി പഠന പരിപോഷണ പരിപാടി സംഘടിപ്പിച്ചു

ഇരിട്ടി:കീഴൂര്‍ വാഴുന്നവേഴ്‌സ് യു പി സ്‌കൂളില്‍ ഭാഷാപഠനം ആകര്‍ഷകമാക്കുന്നതിന് ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ സുരീലി ഹിന്ദി പഠന പരിപോഷണ പരിപാടി സംഘടിപ്പിച്ചു.കൗണ്‍സിലര്‍ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.കെ കെ അബ്ദുള്‍ അസീസ്,കെ വി മീര,കെ കൃഷ്ണന്‍ നമ്പൂതിരിപ്പാട്,എം മധു,ധന്യ അപ്പുക്കുട്ടന്‍,കെ സംഗീത എന്നിവര്‍ സംസാരിച്ചു