Hivision Channel

മാലൂരില്‍ തീവ്ര പേവിഷ പ്രതിരോധ യജ്ഞം

പേവിഷബാധക്കെതിരായ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മാലൂര്‍ ഗ്രാമപഞ്ചായത്തില്‍ തീവ്ര പേവിഷ പ്രതിരോധ യജ്ഞം. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി ഡിസ്‌പെന്‍സറിയും സംയുക്തമായി പേവിഷ നിര്‍മ്മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന മാസ്സ് ഡോഗ് വാക്സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബര്‍ 30വരെ പഞ്ചായത്തിലെ 32 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടക്കുക. ഇതിലൂടെ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുയാണ് ലക്ഷ്യം. സംരക്ഷിച്ചു പോരുന്ന തെരുവ് നായകളെ ബന്ധപ്പെട്ടവര്‍ ക്യാമ്പില്‍ എത്തിച്ചാല്‍ അവക്കും കുത്തിവെപ്പ് നല്‍കുന്നുണ്ട്. ഒരു നായയുടെ കുത്തിവെപ്പിന് 45 രൂപയാണ് ഈടാക്കുന്നത്. തെരുവ് നായകള്‍ക്ക് സൗജന്യമായാണ് കുത്തിവെപ്പ്. രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ക്യാമ്പ് പ്രവര്‍ത്തനം. രണ്ട് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും നാല് സഹായികളുമടങ്ങിയ ടീമാണുള്ളത്. എട്ട് സ്ഥലങ്ങളിലാണ് ബുധനാഴ്ച (സെപ്റ്റംബര്‍ 27) ക്യാമ്പ് നടന്നത്.
പരിപാടിയുടെ ഉദ്ഘാടനം മാലൂര്‍ പ്രഭാത് ആര്‍ട്സ് ക്ലബ്ബ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ സി രജനി, അംഗം ചന്ദ്രമതി പരയത്ത്, മാലൂര്‍ വെറ്ററിനറി ഡിസ്പെന്‍സറി വെറ്ററിനറി സര്‍ജ്ജന്‍ ഡോ. പി എന്‍ ഷിബു, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ എം വിജില്‍, സൂരജ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *