Hivision Channel

Kerala news

പായം ഗ്രാമപഞ്ചായത്ത് എഫ്എച്ച്‌സി വള്ളിത്തോട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു

പായം: ഗ്രാമപഞ്ചായത്ത് എഫ്എച്ച്‌സി വള്ളിത്തോട് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാടത്തില്‍ വാര്‍ഡില്‍ ആരോഗ്യമേള സംഘടിപ്പിച്ചു.മാടത്തില്‍ സ്‌കൂളിന്റെ സമീപത്ത് സംഘടിപ്പിച്ച ആരോഗ്യമേളയില്‍ പ്രദേശവാസികള്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സയും എന്നിവ നടന്നു. മാടത്തില്‍ വാര്‍ഡ് മെമ്പര്‍ പി സാജിത് , നിമിഷ എംഎല്‍എസ്പി, ആശാവര്‍ക്കര്‍ ചിത്രലേഖ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രൈവറ്റ് ബസുകളില്‍ ക്ഷയരോഗ ബോധവല്‍ക്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു

ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ ക്ഷയരോഗ ബോധവല്‍ക്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ അഡ്വ.ടി സരള ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ടി ബി സെന്റര്‍, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലാ ബസ് ഓപ്പറേറ്റേസ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടി ബി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.രജ്ന ശ്രീധര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ ജഗന്‍ലാല്‍, ജില്ലാ ടി ബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം ബിന്ദു, ജില്ലാ ടി ബി സെന്റര്‍ എ സി എസ് എം കോര്‍ഡിനേറ്റര്‍ പി വി അക്ഷയ, ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് പി കെ പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പത്താം തീയതിക്കകം ശമ്പളം നല്‍കണം; ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാര്‍ നല്‍കിയ ശമ്പള ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെഎസ്ആര്‍ടിസി. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കെഎസ്ആര്‍ടിസിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോ സൗജന്യ അരി

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സംസ്ഥാനത്തെ 27.50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്.

ഇതില്‍ 2,32,786 കുട്ടികള്‍ പ്രീ-പ്രൈമറി വിഭാഗത്തിലും 14,57,280 കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10,59,934 കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു. 13,750 മെട്രിക് ടണ്‍ അരിയാണ് വിതരണത്തിനായി ആകെ വേണ്ടിവരുന്നത്. ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം നടത്തുന്നത്. വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (സപ്ലൈകോ) അരി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുന്‍പായി അരി വിതരണം പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സപ്ലൈക്കോയുമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്.

വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്ന അരി പി.ടി.എ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദര്‍ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും ഏറ്റുവാങ്ങി, തുടര്‍ന്ന് അത് അളവില്‍ കുറയാതെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുവാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിതരണം പൂര്‍ത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുവാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മാഹിയില്‍ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു

മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി ആര്‍പിഎഫിന്റെ കസ്റ്റഡിയില്‍. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആര്‍പിഎഫ് എസ്ഐ കെ ശശിയുടെ നേതൃത്വത്തിലാണ്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം കണ്ണൂരില്‍ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. രണ്ടുപേര്‍ ആര്‍പിഎഫ്

ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു;റോവര്‍ സമ്പൂര്‍ണ പ്രവര്‍ത്തനത്തില്‍

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി.അമ്പിളിക്കലയെ കൈക്കുമ്പിളിലാക്കിയ ഇന്ത്യയുടെ കീര്‍ത്തി ചക്രം ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു. ഇതോടെ ചന്ദ്രയാന്‍ 3 സമ്പൂര്‍ണ വിജയമെന്ന് ഇസ്രോ. വിക്രം പകര്‍ത്തിയ ചിത്രങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. മിഷന്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതില്‍ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികള്‍ തുടങ്ങിയത്.

റോവറിലെ സോളാര്‍ പാനല്‍ വിടര്‍ന്നു. റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനില്‍ പകല്‍ സമയം മുഴുവന്‍ പ്രവര്‍ത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്.ഡല്‍ഹിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നല്‍ മുരളി , മേപ്പടിയാന്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തില്‍പ്പെട്ട മിനിടിപ്പര്‍ ലോറി പൊക്കി മാറ്റാന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ക്രെയിന്‍ ഓപ്പറേറ്റര്‍ മരിച്ചു

തളിപറമ്പ്: മറിഞ്ഞ മിനിടിപ്പര്‍ ലോറി പൊക്കി മാറ്റാന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ക്രെയിന്‍ ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷം വീട് കോളനിക്ക് സമീപത്തെ എം.ടി മുസ്തഫ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെ പട്ടുവം മുതുകുട എല്‍പി സ്‌കൂളിന് സമീപമായിരുന്നു അപകടം. പുഴയില്‍ നിന്നും അനധികൃതമായി മണല്‍ കയറ്റി പോകുകയായിരുന്ന ടിപ്പര്‍ റോഡില്‍ നിന്നും വയലിലെക്ക് മറിയുകയായിരുന്നു . മറിഞ്ഞ വാഹനം മാറ്റുവാനായി ആണ് ചെറുകുന്നില്‍ നിന്നും ക്രെയിന്‍ എത്തിച്ചത്. ടിപ്പര്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.തളിപറമ്പില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് ക്രെയിനില്‍ കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്

സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുമ്പ് ഓണറേറിയം വിതരണം ചെയ്യും

സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,040 സ്‌കൂളുകളിലെ 13,611 പാചകത്തൊഴിലാളികള്‍ക്ക് 2023 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വേതനം നല്‍കുന്നതിനായി പദ്ധതിയ്ക്കുള്ള സംസ്ഥാന അധിക സഹായത്തില്‍ നിന്ന് 50.12 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങള്‍ വഴി പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നല്‍കുന്നതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുന്‍പായി വിതരണം ചെയ്യുന്നത്. തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബര്‍ 5 ന് മുന്‍പായി വിതരണം ചെയ്യുന്നതാണെന്നും വി ശിവന്‍കുട്ടി.

സംസ്ഥാനത്ത് 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 3 – 5 ഡിഗ്രി വരെ കൂടുതലാണിത്.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാള്‍ 3 – 5 വരെ കൂടുതല്‍. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 4 ഡിഗ്രി കൂടുതലാണിത്. ഈ മണ്‍സൂണ്‍ സീസണില്‍ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്.