Hivision Channel

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോ സൗജന്യ അരി

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സംസ്ഥാനത്തെ 27.50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്.

ഇതില്‍ 2,32,786 കുട്ടികള്‍ പ്രീ-പ്രൈമറി വിഭാഗത്തിലും 14,57,280 കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10,59,934 കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു. 13,750 മെട്രിക് ടണ്‍ അരിയാണ് വിതരണത്തിനായി ആകെ വേണ്ടിവരുന്നത്. ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം നടത്തുന്നത്. വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (സപ്ലൈകോ) അരി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുന്‍പായി അരി വിതരണം പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സപ്ലൈക്കോയുമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്.

വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്ന അരി പി.ടി.എ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദര്‍ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും ഏറ്റുവാങ്ങി, തുടര്‍ന്ന് അത് അളവില്‍ കുറയാതെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുവാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിതരണം പൂര്‍ത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുവാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *