Hivision Channel

Kerala news

പേരാവൂര്‍ കാഞ്ഞിരപുഴ പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് അപകടം

പേരാവൂര്‍: കാഞ്ഞിരപുഴ പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് അപകടം.കൊട്ടിയൂര്‍ ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരിക്കേറ്റ വാഹനത്തിലുണ്ടായിരുന്നവരെ പേരാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈദ്യുത തൂണ്‍ പൊട്ടി വീണതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

കര്‍ണ്ണാടക പാക്കറ്റ് മദ്യം പിടികൂടി

ഇരിട്ടി: കര്‍ണ്ണാടക പാക്കറ്റ് മദ്യം പിടികൂടി. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 150 ഓളം ചെറിയ പാക്കറ്റ് മദ്യമാണ് കര്‍ണാടക ആര്‍ടിസിയില്‍ നിന്നും പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴളപ്പിലിന്റെ നേതൃത്വത്തില്‍ കൂട്ടപുഴ പോലീസ് എയിഡ് പോസ്റ്റിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

കേന്ദ്രവിഹിതം രണ്ട് വര്‍ഷമായി കുടിശ്ശിക; സംസ്ഥാനത്ത് ഒരു വിഭാഗത്തിന് ക്ഷേമപെന്‍ഷന്‍ ഇത്തവണയും തികച്ച് കിട്ടില്ല

രണ്ട് വര്‍ഷത്തെ കുടിശിക തീര്‍ത്ത് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെ ഇത്തവണയും സംസ്ഥാനത്തെ ഒരു വിഭാഗം പെന്‍ഷന്‍കാര്‍ക്ക് ക്ഷേമപെന്‍ഷന്‍ തികച്ച് കിട്ടാനിടയില്ല. കേന്ദ്ര വിഹിതം ചേര്‍ത്ത് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പല വിഭാഗങ്ങളിലായി 200 മുതല്‍ 500 രൂപയുടെ വരെ കുറവാണ് പെന്‍ഷന്‍ തുകയില്‍ ഉണ്ടാകുക. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ധനവകുപ്പ് അനുവദിച്ച തുക ജൂണ്‍ എട്ട് മുതല്‍ കിട്ടിത്തുടങ്ങും.

വാര്‍ധക്യ – വിധവാ – ഭിന്നശേഷി പെന്‍ഷന്‍ വിഭാഗങ്ങളിലായി 4.07 ലക്ഷം പേര്‍ക്കുള്ള പെന്‍ഷന്‍ തുക കേന്ദ്ര വിഹിതം കൂടി ചേരുന്നതാണ്. വിവിധ വിഭാഗങ്ങളിലായി 200 രൂപ മുതല്‍ 500 രൂപവരെയാണ് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതമായി നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക കൂടി ഉള്‍പ്പെടുത്തിയാണ് ഇത്രയും പേര്‍ക്ക് 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത്.

എന്നാല്‍ പെന്‍ഷന്‍ വിതരണത്തിന് കേന്ദ്രം നല്‍കേണ്ട 475 കോടിയോളം രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി കുടിശികയുണ്ട്. സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം നേരിട്ട് നല്‍കാമെന്ന നിലപാടിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് വിതരണം ചെയ്ത്, ആ തുക കേന്ദ്രം കുടിശിക വരുത്തിയാല്‍ പ്രതിസന്ധി കാലത്ത് ഇരട്ടി ബാധ്യതയാകുമെന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ധനമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്ന് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കുരുങ്ങി മൂന്ന് മാസത്തെ കുടിശികയായതിന് പുറകെയാണ് ഒരുമാസത്തേക്കുള്ള തുക അനുവദിച്ചത്. 64 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 950 കോടി രൂപ അനുവദിച്ചത് ജൂണ്‍ എട്ട് മുതല്‍ കിട്ടിത്തുടങ്ങും. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്ന് പോകുന്നത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ഇപ്പോഴും രണ്ട് മാസത്തെ കുടിശിക നല്‍കാനുണ്ട്.

മദ്രസ പ്രവേശനോത്സവം

കാക്കയങ്ങാട്: നല്ലൂര്‍ അല്‍ ഹിക്മ സലഫി മദ്രസ പ്രവേശനോദ്ഘാടനം മുഴക്കുന്ന് പഞ്ചായത്തംഗം അഡ്വ. ജാഫര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം കാക്കയങ്ങാട് അധ്യക്ഷത വഹിച്ചു. പൊതുപരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബഷീര്‍ അല്‍ഹിന്ദ് സമ്മാനം വിതരണം ചെയ്തു. മുഹമ്മദ് പാലപ്പുഴ,അബ്ദു റഹീം നല്ലൂര്‍, അജ്മല്‍ മാസ്റ്റര്‍,വി. റംഷീന എന്നിവര്‍ സംസാരിച്ചു.

എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠന സൗകര്യമാണ് നല്‍കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷന്‍ നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അധ്യയന ദിവസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് 210 പ്രവര്‍ത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകര്‍ത്താവാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തി ദിവസം: തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി, കെഎസ്ടിഎ നിലപാട് തള്ളി

ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ എതിര്‍പ്പുന്നയിച്ച കെഎസ്ടിഎ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയാല്‍ ഒരു പാഠ്യാതര പ്രവര്‍ത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാനും കുട്ടികള്‍ക്ക് ഒരാഴ്ച പഠിച്ച പാഠങ്ങള്‍ പഠിക്കാനുമാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്നതാണ് ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂഹത്തെ നയിക്കേണ്ടത്. വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോള്‍ തന്നെ പ്രൈമറിയില്‍ 800 ഉം സെക്കന്ററിയില്‍ 1000 വും ഹയര്‍ സെക്കന്‍ഡറിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഹൃദ്രോഗിയുടെ പോളിസി; നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടെന്ന് ഹൈക്കോടതി

ഹൃദയ രോഗം സംബന്ധിച്ച വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസി എടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. പോളിസി എടുക്കുന്ന സമയത്ത് ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ മറച്ച് വച്ചത് മൂലം പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതി വിശേഷമാണ് സംഭവിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. 1993 നവംബര്‍ 1ാം തീയതിയാണ് കേസിന് ആസ്പദമായ പോളിസി എടുക്കുന്നത്. മൂന്ന് ലക്ഷം രൂപയുടേതായിരുന്നു പോളിസി.

1993 ഡിസംബര്‍ 14 മുതല്‍ പോളിസി നിലവില്‍ വന്നു. 1995 ജൂലൈ 10 നാണ് പോളിസി ഉടമ മരിക്കുന്നത്. ഹൃദയ സംബന്ധിയായ തകരാറിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ ക്ലെയിം തുക ആവശ്യപ്പെട്ട് നോമിനിയായ ഭാര്യ എല്‍ഐസിയെ സമീപിക്കുകയായിരുന്നു. രോഗവിവരം മറച്ച് വച്ച് പോളിസി എടുത്തതെന്ന കാരണത്താല്‍ ക്ലെയിം എല്‍ഐസി നിഷേധിച്ചിരുന്നു. ഇതിനെതിരെ പോളിസി ഉടമയുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. പോളിസി അപേക്ഷയില്‍ വിവരങ്ങള്‍ പൂരിപ്പിച്ചത് ഏജന്റ് ആണെന്നും അതിനാല്‍ തെറ്റായ വിവരങ്ങള്‍ക്ക് പോളിസി ഉടമയ്ക്ക് ഉത്തരവാദിത്തമില്ലെന്നും നിരീക്ഷിച്ച എറണാകുളം സബ്‌കോടതി ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എല്‍ഐസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര; ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം

ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.

ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി, മാനസിക പ്രശ്‌നവുമില്ല

ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നിട്ടുള്ളത്. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേല്‍പിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാല്‍ ഇയാളുടെ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു.പത്ത് ദിവസം ഇയാളെ മെഡിക്കല്‍ ബോര്‍ഡ് നിരീക്ഷിക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. വിശദമായ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനും കോടതിക്കും വൈകാതെ കൈമാറും.

കാലവര്‍ഷം കേരള തീരത്തേക്ക്;ആദ്യം മഴ കിട്ടുക തെക്കന്‍ കേരളത്തില്‍

കാലവര്‍ഷം കേരള തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവര്‍ഷം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. ഈ ദിവസങ്ങളില്‍ കാലവര്‍ഷത്തോട് അനുബന്ധിച്ച മഴ കേരളത്തില്‍ കിട്ടിതുടങ്ങും. ഇന്ന് കാലവര്‍ഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യന്‍മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവര്‍ഷമെത്തുന്നതിനെ വൈകിപ്പിച്ചു. മെയ് 26ന് ശ്രീലങ്കന്‍ കരയിലെത്തേണ്ടിയിരുന്ന കാലവര്‍ഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂണ്‍ 2ന്. നിലവില്‍ ലക്ഷദ്വീപ്, കോമോറിന്‍ തീരത്തായുള്ള കാലവര്‍ഷത്തിന് കേരളാതീരത്തേക്ക് എത്താന്‍ അനുകൂല സാഹചര്യമാണ്. ആദ്യം മഴ കിട്ടുക തെക്കന്‍ കേരളത്തില്‍. നാളെയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമര്‍ദ്ദമായി മാറും. ന്യൂനമര്‍ദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാല്‍ , പതിഞ്ഞ് തുടങ്ങുന്ന കാലവര്‍ഷം മെച്ചപ്പെട്ടേക്കും. ഇയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്.