Hivision Channel

latest news

മട്ടന്നൂര്‍ എടയന്നൂര്‍ മഞ്ഞകുന്ന് മടപ്പുര ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു

മട്ടന്നൂര്‍: എടയന്നൂര്‍ മഞ്ഞകുന്ന് മടപ്പുര ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട ഇളനീര്‍കാവ് സംഗത്തിലെ അച്ഛനും മരിച്ചു. പാപ്പിനിശ്ശേരി പുലക്രവയല്‍ സ്വദേശി രാജേഷാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മകന്‍ രംഗിത് രാജ് ഇന്നലെ മരിച്ചിരുന്നു. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എടയന്നൂര്‍ പടിയില്‍ തങ്ങുന്ന ഇളനീര്‍ സംഘത്തിലെ അച്ഛനും മകനുമാണ് ഞായറാഴ്ച ഉച്ചയോടെയാണ് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്.രംഗിത് ഇന്നലെ മരിച്ചിരുന്നു.ഗുരുതരാവസ്ഥയിലായ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.ഒരാഴ്ച വൃതാനുഷ്ടാനങ്ങളോടെ പടിയില്‍ തങ്ങിയതിന് ശേഷമാണ് ഇളനീര്‍ വെപ്പിനുള്ള ഇളനീര്‍ കാവുമായി സംഘം പുറപ്പെടുക. പല ഭാഗത്ത് നിന്നു മുള്ള 51 പേരാണ് പടിയില്‍ താമസിച്ചിരുന്നത്. അപകടം നടക്കുന്ന സമയം ഇളനീര്‍ ശേഖരിക്കുന്നതിന് വേണ്ടി സംഘത്തിലുള്ളവര്‍ പുറത്ത് പോയിരുന്നു. തിരിച്ചു വന്നപ്പോള്‍ കുളത്തിന്റെ കരയിലെ വസ്ത്രങ്ങളും രുദ്രാക്ഷമാലയും കണ്ട് പരിശോധിക്കുകയായിരുന്നു. ആദ്യം രാജേഷ് പൊന്തി വരികയായിരുന്നു.
തുടര്‍ന്നാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ രാജേഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു.ഗീതയാണ് രാജേഷിന്റെ ഭാര്യ. മരിച്ച രംഗിത് ഏക മകനാണ്. ഓട്ടോറിക്ഷ ഡ്രൈവറാണ് രാജേഷ്

സിപിഐഎം കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈ നട്ടു

കാക്കയങ്ങാട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സിപിഐഎം കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈ നട്ടു.സിപിഎം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി കെ സുരേഷ് ബാബു അധ്യക്ഷനായി.എ ഷിബു,വി.വി വിനോദ്,പി ഹക്കിം,മുഹമ്മദ് റാഫി ,ജഗതി ബിജു,കെ ഉണ്ണികൃഷ്ണന്‍ ,കെ പി ബീന,പി കെ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് റോഡിലെ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങി

സംസ്ഥാനത്ത് റോഡിലെ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങി. ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ ആളായി യാത്ര ചെയ്യാന്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്തുടനീളം റോഡില്‍ ക്യാമറകള്‍ സജ്ജമായി. നിയമം ലംഘിക്കുന്നവരെ ഉടനടി പിടികൂടും. ഓരോ തവണ നിയമം ലംഘിക്കുമ്പോഴും വലിയ പിഴയാണ് ചുമത്തുന്നത്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപ പിഴയീടാക്കും. ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 ഈടാക്കും. അനധികൃത പാര്‍ക്കിംഗിന് 250 രൂപയും അമിത വേഗത്തിന് 1500 രൂപയും ഈടാക്കും. നിയമലംഘനം ഓരോ തവണ ക്യാമറയില്‍ പകര്‍ത്തുമ്പോഴും പിഴ ആവര്‍ത്തിക്കും.രണ്ടിലേറേ പേര്‍ ടൂവീലറില്‍ യാത്ര ചെയ്താല്‍ 1000 രൂപയാണ് പിഴ. മൂന്നാമത്തെയാള്‍ 12 വയസസില്‍ താഴെയുള്ള കുട്ടിയെങ്കില്‍ തല്‍ക്കാലം പിഴ നോട്ടീസ് അയക്കില്ല. രാത്രികാല ദൃശ്യങ്ങള്‍ അടക്കം പകര്‍ത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകള്‍ കൂടി ഉടന്‍ സജ്ജമാകും. തുടക്കത്തില്‍ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും. അപ്പീലിനും അവസരമുണ്ടാകും.

വൃക്ഷതൈ നട്ടു

പായം: സിപിഐഎം പായം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായത്ത് വൃക്ഷതൈ നട്ടു. ഇരിട്ടി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പായം ലോക്കല്‍ സെക്രട്ടറി എം സുമേഷ് അധ്യക്ഷത വഹിച്ചു.

വൃക്ഷതൈ നട്ടു

പായം: സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായം കോണ്ടമ്പ്രയില്‍ വൃക്ഷത്തൈ നട്ടു. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍ ഏരിയ തല ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.പായം ലോക്കല്‍ സെക്രട്ടറി എം സുമേഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വൃക്ഷതൈ നട്ടു

ഇരിട്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ എം ഇരിട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു.ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മനോഹരന്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി വിജയന്‍, ആര്‍ കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് ലോക പരിസ്ഥിതി ദിനം

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1973 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. ആഗോളതാപനം, മലിനീകരണം, വരള്‍ച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങള്‍, മനുഷ്യ-മൃഗ സംഘര്‍ഷം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകള്‍ പുതിയ കാലത്ത് ഇങ്ങിനെയാണ് നീണ്ടുപോകുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതില്‍ നിന്നും നമുക്ക് ബോധ്യമാകുന്നത്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

വരും തലമുറകള്‍ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ”പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍” എന്നതാണ് ഇക്കൊല്ലത്തെ തീം. ഹരിതാഭമായ നമ്മുടെ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍ക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും വേണ്ടുവോളം നല്‍കുന്നുണ്ട്. നമ്മുടെ മരങ്ങളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍കാടുകളും പാടങ്ങളും നദികളും മലകളുമെല്ലാം നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്നുണ്ട്.

തൊണ്ടിയില്‍ ഹൈസ്‌കൂള്‍ ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ശുചീകരിച്ചു

തൊണ്ടിയില്‍: ഹൈസ്‌കൂള്‍ ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ശുചീകരിച്ചു. പരിസരവാസികളുടെയും വാര്‍ഡ് മെമ്പര്‍ നൂറുദ്ദീനിന്റെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനം സൗദി സമയം പുലര്‍ച്ചെ 4:30-നാണ് ജിദ്ദയിലെത്തിയത്. 145 തീര്‍ത്ഥാടകര്‍ ആദ്യ സംഘത്തിലുണ്ടായിരുന്നു. ഇമിഗ്രേഷന്‍ നടപടിക്രമങ്ങളെല്ലാം പെട്ടെന്നു പൂര്‍ത്തിയായി ജിദ്ദയില്‍ നിന്നും പുറപ്പെട്ട സംഘം 8 മണിയോടെ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തി. മക്കയില്‍ ഹജ്ജ് സര്‍വീസ് ഏജന്‍സിയുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണമാണ് തീര്‍ഥാടകര്‍ക്ക് നല്‍കിയത്.

പ്രാര്‍ഥനയോടെയാണ് ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍ തീര്‍ഥാടകരെ സ്വീകരിച്ചത്. മികച്ച സേവനങ്ങളും സൗകര്യങ്ങളും അനുഭവിച്ച് പുണ്യഭൂമിയില്‍ എത്തിയ സന്തോഷത്തിലാണ് തീര്‍ഥാടകര്‍. കെഎംസിസി, ആര്‍എസ്സി, വിക്കായ, ഒഐസിസി, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധ സംഘടനാ പ്രതിനിധികളും തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയില്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും ഹജ്ജ് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.

ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും; കുട്ടികള്‍ക്ക് പിഴയില്ലെന്ന് ഗതാഗതമന്ത്രി

ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കള്‍ രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്‌ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കില്‍ കേരളം മുന്നിലാണ്.ശരാശരി 161 അപകടങ്ങള്‍. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങള്‍ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

നൈറ്റ് വിഷന്‍ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോള്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്. ജൂണ്‍ രണ്ടിന് 242746 റോഡ് നിയമലംഘനം പിടിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അഴിമതി ഉണ്ടെങ്കില്‍ അത് പ്രതിപക്ഷം തെളിയിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.