Hivision Channel

latest news

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള ഭേദഗതി ഓര്‍ഡിനന്‍സിന് കാബിനറ്റ് അംഗീകാരം നല്‍കി. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് 7 വര്‍ഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി. നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്.

ഓര്‍ഡിനന്‍സില്‍ പരാതി ഉണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടു വരും. ഡോക്ടര്‍മാരുടെ ചിരകാല ആവശ്യമായിരുന്ന ഓര്‍സിനന്‍സ്. കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം

തൊണ്ടിയില്‍: മുല്ലപ്പള്ളി പാലത്തിന് സമീപം ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം. കൈക്ക് പരിക്കേറ്റ ലോറി ഡ്രൈവറെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് കുഴല്‍ക്കിണര്‍ സാമഗ്രികളുമായി പോകുകയായിരുന്ന ലോറി അപകടത്തില്‍ പ്പെട്ടത്.

തൊണ്ടിയില്‍ എം ആര്‍ എസ് എഡ്യു ഷോപ്പ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

തൊണ്ടിയില്‍: എം ആര്‍ എസ് എഡ്യു ഷോപ്പ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലാലന്‍ ഉദ്ഘാടനം ചെയ്തു.ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഡോ തോമസ് കൊച്ചുകരോട്ട് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ബാബു കെ വി,നൂറുദ്ദീന്‍ മുള്ളേരിക്കല്‍,ടി പി എസ്തപ്പാന്‍,ബിനോയി എടത്താഴെ എന്നിവര്‍ സംബന്ധിച്ചു. സണ്ണി സിറിയക്ക് പൊട്ടങ്കല്‍ ആദ്യ വില്‍പന നിര്‍വഹിച്ചു.

കേളകം ഇ.എം.എസ് ലൈബ്രറി ഗ്രന്ഥാലയം വാര്‍ഷിക പൊതുയോഗം

കേളകം: ഇ.എം.എസ് ലൈബ്രറി ഗ്രന്ഥാലയം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു ലൈബ്രറി പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനുശോചന പ്രമേയം വിജയപ്രസാദ് അവതരിപ്പിച്ചു.പി.എം രമണന്‍, ഇ.പി ഐസക്, പി.ജി സന്തോഷ്, തങ്കമ്മ സ്‌കറിയ, ബീന ഉണ്ണി, അമ്പിളി എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ തന്നെ കാലവര്‍ഷം ശക്തിപ്പെട്ടിരുന്നു

ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡെങ്കിപനി ദിനചാരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്

കൊട്ടിയൂര്‍: കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ജനപ്രതിനിധികള്‍, വ്യാപാരപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് ഡെങ്കിപനി ദിനചാരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടകം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍, ആനന്ദ്, മനോജ് ജേക്കബ്, പിഎച്എന്‍ റീന സി.ജെ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണയെക്കാള്‍ 2 °C – 4 °C കൂടുതല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36°C വരെയും താപനില ഉയരാം. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കും; മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്‌കൂളുകളില്‍ മെഷീന്‍ സ്ഥാപിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ജൂണ്‍ 1 നാണ് സ്‌കൂള്‍ പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്‌സ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.മെയ് 27 ന് മുമ്പ് സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കും.

47 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കൂള്‍ അന്തരീഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

അവയവ മാറ്റത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നതായി മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറയി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ അവയവ മാറ്റത്തിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്നു. മിതമായ നിരക്കില്‍ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു. സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ജനങ്ങള്‍ ഒന്നിച്ചു നിന്നു പ്രതിരോധിച്ചു. മുഖ്യമന്ത്രി പറഞ്ഞു.

ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു

കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതക കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നീനോ മാത്യു ,ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം എന്നിവരുടെ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടാകുന്നത്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നീനോ മാത്യു, ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം തുടങ്ങിയവരുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവയാണ് പരിശോധിക്കുന്നത്.

2014 ലാണ് നിനോ മാത്യു തന്റെ പെണ്‍ സുഹൃത്തിന്റെ ഭര്‍തൃമാതാവിനെയും 3 വയസുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 2016ലായിരുന്നു എറണാകുളത്ത് നിയമ വിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം. ഇരുവരുടെയും സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നത് പരിശോധിക്കും. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 ടീമാണ് പഠനം നടത്തി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. രണ്ട് മാനസികാരോഗ്യ വിദഗ്ധരെ കൊണ്ട് പ്രതികളുടെ മാനസിക നിലയും പരിശോധിക്കണം. നിലവില്‍ ജയിലിലിലെ പെരുമാറ്റ രീതി ഉള്‍പ്പടെ ജയില്‍ ഡി.ജി പി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും വധശിക്ഷയിലിളവ് നല്‍കുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജിയും, ശിക്ഷാ വിധിക്കെതിരായ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടുകളും ,സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളും പരിശോധിച്ചു കൊണ്ടാണ് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാനുള്ള കോടതി നടപടി.