Hivision Channel

Kerala news

‘ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ വേണം’, പ്രതിഷേധം ശക്തമാക്കാന്‍ റേഷന്‍ വ്യാപാരികളുടെ സംഘടന, നിയമ നടപടി തുടരും

കൊച്ചി: ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ റേഷന്‍ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷന്‍ കുടിശികയായ 60 കോടി രൂപ നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. നിലവില്‍ സൗജന്യമായി കിറ്റ് കൈപ്പറ്റുന്ന മുന്‍ഗണന വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന്‍ തുക അനുവദിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടനയുടെ ആവശ്യം. കൊവിഡ് കാലത്ത് പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ മുന്നിട്ടിറങ്ങിയ റേഷന്‍ വ്യാപാരികള്‍ ഇപ്പോള്‍ നിരാശയിലാണ്. കിറ്റ് സംഭരണത്തില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ അധികമുറി വാടകയ്ക്ക് എടുത്ത് കിറ്റ് സൂക്ഷിച്ചവര്‍ക്ക് വരെ ആ തുകയുമില്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷനുമില്ല. കിറ്റ് ഇറക്കുന്നത് മുതല്‍ സംഭരണം തുടങ്ങി വിതരണം വരെ റേഷന്‍ വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. കൊവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറല്ല. ഹൈക്കോടതി ഇടപെട്ടിട്ടും വ്യാപാരികള്‍ക്ക് തുക ലഭിക്കുന്നില്ല.

നിലവില്‍ കിറ്റ് വിതരണത്തിന്റെ ഗതാഗത ചിലവിനുള്‍പ്പെടെ 13 രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. അഞ്ച് രൂപ കൂടി അധികമായി നീക്കിവെച്ച് സംസ്ഥാനത്തുള്ള 14,500 റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കൂടി നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. കൊവിഡ് ബാധിച്ച് 65 റേഷന്‍ വ്യാപാരികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന സംഘടനയുടെ കണക്ക് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതോടെ നഷ്ടപരിഹാരവും കിട്ടിയില്ല. സേവന മനോഭാവത്തില്‍ റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒരുഭാഗത്ത് മാത്രം വിട്ട് വീഴ്ച എന്തിനെന്നാണ് റേഷന്‍ വ്യാപാരികളുടെ ചോദ്യം.

കോവിന്‍ പോര്‍ട്ടല്‍ വഴി ഇനി രക്ത-അവയവ ദാനവും; നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിന്‍ പോര്‍ട്ടലില്‍ രക്ത-അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി പോര്‍ട്ടലിനു കീഴില്‍ കൊണ്ടുവരും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനം ഡിജിറ്റലൈസ് ചെയ്യും. ഇത് ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനം പ്ലാറ്റ്‌ഫോമില്‍ തുടരും. പോര്‍ട്ടല്‍ വഴി പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്തുവെച്ചുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് ആവശ്യക്കാരുടെ അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്കാണ് പുതുക്കിയ പതിപ്പ് ലഭ്യമാക്കുക. തുടര്‍ന്ന് ഇത് ദേശീയ തലത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. യു.ഐ.പി-ക്കു കീഴില്‍ ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് നല്‍കുന്നത്.

കേരളത്തിലേക്കുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ സര്‍വീസ് ഓണത്തിന്

ഭാരത് ഗൗരവ് സ്‌കീമില്‍പ്പെട്ട ട്രെയിന്‍ സര്‍വീസ് കേരളത്തിലേക്ക്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഭാരത് ഗൗരവ് ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഇത്. ഈ സ്‌കീമില്‍ യാത്രയോടൊപ്പം തന്നെ താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയും ഉലറെയില്‍ ട്രാവല്‍ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് ഓണത്തിന് കേരളത്തിലെത്തുക. സെപ്തംബര്‍ 2 ന് കേരളത്തിലെത്തുന്ന ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാനാകും.

സപ്തദിന സഹവാസ ക്യാമ്പ് ‘സ്വാതന്ത്ര്യാമൃതം 2022’ സമാപിച്ചു

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 സമാപിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ എന്‍.ഐ ഗീവര്‍ഗീസ്, മാനേജര്‍ റവ.ഫാ.ബിനു ജോസഫ്, ഹെഡ് മാസ്റ്റര്‍ എം.വി മാത്യു, പ്രോഗ്രാം ഓഫീസര്‍ എ.സി ഷാജി, പവിത്രന്‍ ഗുരുക്കള്‍, ആര്‍. അനിത, കുമാരി ദേവപ്രിയ എന്നിവര്‍ സംസാരിച്ചു.

ബിജു തയ്യിലിനെ ആദരിച്ചു

കണിച്ചാര്‍: കര്‍ഷക ദിനത്തിന്റെ ഭാഗമായി ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി കണിച്ചാര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് പരിധിയിലെ മികച്ച ജൈവകര്‍ഷകനായ ബിജു തയ്യിലിനെ ആദരിച്ചു. ബ്രാഞ്ച് മാനേജര്‍ പി.ജെ ജേക്കബ് പൊന്നാട അണിയിച്ചു. ജിബിന്‍ വര്‍ഗീസ് മൊമെന്റോ നല്‍കി. ജീവനക്കാരായ റെഹിയാനത്, ഷീന, ശ്രീലേഖ, രചന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി. ഇതിന്റെ ഫലമായി ലക്ഷ്യ അംഗീകാരം ലഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകള്‍

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിന കേസുകള്‍ പതിനായിരത്തില്‍ താഴെയായിരുന്നു. ഓഗസ്റ്റ് 17ന് 9062 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 16ന് 8,813 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,01,343 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 72 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി ഉയര്‍ന്നു. 98.58 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടിപിആര്‍ 3.48 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 4.20 ശതമാനമായും ഉയര്‍ന്നു. ഇതിനോടകം 4,36,70,315 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിര്‍ക്കും; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിര്‍ക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതിയില്ലാതെ നിരക്ക് വര്‍ധിപ്പിക്കാനാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്. വിയോജിപ്പ് അറിയിച്ച് ഉടന്‍ കേന്ദ്രത്തിന് മറുപടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല

കേരള സര്‍ക്കാരിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആപ്പ് വൈകുമെന്ന് തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറില്‍ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. കേരള സവാരിയെന്ന പേരില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സവാരി, മോട്ടോര്‍ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം.ഇവ രണ്ടും സംയോജിപ്പിക്കുകയാണ് കേരള സവാരിയിലൂടെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് ഇതര ഓണ്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സര്‍വീസ് ചാര്‍ജ്, മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകള്‍ പോലെ തിരക്ക് കൂടുമ്പോള്‍ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം.പൊലീസ് ക്ലിയറന്‍സുള്ള ഡ്രൈവര്‍മാര്‍ ആണ് ഇതില്‍ ഉണ്ടാകുക. ഗതാഗത തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് കേരള സവാരി നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍മാരില്‍ 22 പേര്‍ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഫലപ്രദമെന്ന് കണ്ടാല്‍ മറ്റ് ജില്ലകളില്‍ തുടങ്ങുമെന്ന് കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അസംഘടിത തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: അസംഘടിത തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂര്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് കെ.പി രക്തസാക്ഷി പ്രമേയവും അരവിന്ദാക്ഷന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ടി വിജയന്‍, സി.പി ഐ.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ രജീഷ്, അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം എം.കെ ബാബു, രജന, വി.കെ ഷൈലജ, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അസംഘടിത ക്ഷേമനിധി തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക,മഴക്കെടുതി മൂലം നാശനഷ്ടം ഉണ്ടായ കര്‍ഷകര്‍ക്കും മറ്റ് നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ട പരിഹാരം പെട്ടന്ന് നല്‍കുക,ബഫര്‍സോണ്‍ വിഷയത്തിലെ അവ്യക്തത തീര്‍ത്ത് നല്‍കണമെന്നും,വന്യമൃഗാക്രമങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി എം.സി.ഡി പട്ടാനൂരിനെ പ്രസിഡന്റായും, എം.സി രാജീവന്‍, നിഷ പ്രദീപന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ടി വിജയനെ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സുഭാഷ് കെ.പി,രജിന എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.