Hivision Channel

latest news

ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹര്‍ഘര്‍ തിരംഗിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഓഫീസിന് മുന്നില്‍ കെ.കെ രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി. പി.അബ്ദുള്ള, പി. പുരുഷോത്തമന്‍, സമീര്‍, ഷീജ ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പതാക ദിനം ആചരിച്ചു

പേരാവൂര്‍: ആഗസ്റ്റ് 23, 24 തീയതികളില്‍ തൃശ്ശൂരില്‍ വച്ച് നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. കേരള പ്രവാസി സംഘം പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പതാക ദിനത്തിന്റെ ഭാഗമായി ഏരിയ പ്രസിഡണ്ട് ടി.വിജയന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി.വി വേലായുധന്‍, നാസര്‍, ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, സി.പി ബാബു എന്നിവര്‍ സംബന്ധിച്ചു.

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു

കേളകം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേളകം ഇ.എം.എസ് സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കെ.പി ഷാജി, കെ.പി അമ്പിളി എന്നിവര്‍ സംസാരിച്ചു.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയര്‍ന്നത് 640 രൂപയാണ്. ബുധനാഴ്ച രണ്ട് തവണയായി ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 40 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 35 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്.

പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് പുനരാരംഭിക്കും

കൊട്ടിയൂർ:കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് മുതൽ പുനരാരംഭിക്കും. മഴക്ക് ശമനം ആയതോടെയാണ് നിർത്തിവെച്ച പാലുകാച്ചി മല ട്രക്കിംഗ് ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുന്നത് .

ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

file

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ (ആഗസ്റ്റ് 15) എല്ലാ വർഷത്തേയും പോലെ  കൊടിമരത്തിൽ പതാക ഉയർത്തണമെന്നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നഞ്ചിയമ്മയുടേത്
പ്രകൃതിയുടെ സംഗീതം- ടി പത്മനാഭൻ

പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.  കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികള്‍ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തില്‍ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാല്‍ കൂടുതലായാല്‍ അതും ഭാരമാണ്. സംഗീതജ്ഞര്‍ക്ക് മുമ്പേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കല്‍ നഞ്ചിയമ്മ ചോദിച്ചു.

ആ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിരുന്നു പരിപാടി.
സംവിധായകന്‍ സച്ചി അട്ടപ്പാടിയിലേക്ക്  വഴിവെട്ടി വന്ന് പലര്‍ക്കും വഴികാട്ടിക്കൊടുത്തുവെന്ന് നഞ്ചിയമ്മ പറഞ്ഞു. എനിക്ക് പാട്ടിന്റെ വഴി പറഞ്ഞു തന്നു. ഇപ്പോള്‍ അട്ടപ്പാടിയിലേക്ക് ഒരു പാട് പേര്‍ വരുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്-നഞ്ചിയമ്മ പറഞ്ഞു നിര്‍ത്തി. പിന്നെ കാത്തിരുന്നവരുടെ കാതുകളിലേക്ക് നഞ്ചിയമ്മയുടെ പാട്ടുകള്‍ കാട്ടരുവി പോലെ ഒഴുകിയെത്തി. മണ്ണിന്റെ മണമുള്ള പാട്ടിലൂടെ നഞ്ചിയമ്മ സദസിന്റെ മനവും മിഴിയും നിറച്ചു.

തുടര്‍ന്ന് അതുല്‍ നറുകരയും സംഘവും നാടന്‍ പാട്ടിലൂടെ സദസിനെ കയ്യിലെടുത്തു.
അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ,പ്രോഗ്രാം ഓഫീസര്‍ പി.വി ലവ്‌ലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പേരാവൂർ:നിടുംപൊയിൽ ഇരുപത്തിനാലാം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പുന്നാട് സ്വദേശി താഹിറയ്ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഇവരെ പേരാവൂർ സൈറസ് പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി. സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടിക ആധാറുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ awww.nvsp.inഎന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 17 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നി നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. ഇതിനു ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന മൂന്ന് യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.