Hivision Channel

നഞ്ചിയമ്മയുടേത്
പ്രകൃതിയുടെ സംഗീതം- ടി പത്മനാഭൻ

പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.  കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികള്‍ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തില്‍ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാല്‍ കൂടുതലായാല്‍ അതും ഭാരമാണ്. സംഗീതജ്ഞര്‍ക്ക് മുമ്പേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കല്‍ നഞ്ചിയമ്മ ചോദിച്ചു.

ആ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിരുന്നു പരിപാടി.
സംവിധായകന്‍ സച്ചി അട്ടപ്പാടിയിലേക്ക്  വഴിവെട്ടി വന്ന് പലര്‍ക്കും വഴികാട്ടിക്കൊടുത്തുവെന്ന് നഞ്ചിയമ്മ പറഞ്ഞു. എനിക്ക് പാട്ടിന്റെ വഴി പറഞ്ഞു തന്നു. ഇപ്പോള്‍ അട്ടപ്പാടിയിലേക്ക് ഒരു പാട് പേര്‍ വരുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്-നഞ്ചിയമ്മ പറഞ്ഞു നിര്‍ത്തി. പിന്നെ കാത്തിരുന്നവരുടെ കാതുകളിലേക്ക് നഞ്ചിയമ്മയുടെ പാട്ടുകള്‍ കാട്ടരുവി പോലെ ഒഴുകിയെത്തി. മണ്ണിന്റെ മണമുള്ള പാട്ടിലൂടെ നഞ്ചിയമ്മ സദസിന്റെ മനവും മിഴിയും നിറച്ചു.

തുടര്‍ന്ന് അതുല്‍ നറുകരയും സംഘവും നാടന്‍ പാട്ടിലൂടെ സദസിനെ കയ്യിലെടുത്തു.
അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ,പ്രോഗ്രാം ഓഫീസര്‍ പി.വി ലവ്‌ലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *