Hivision Channel

latest news

സപ്തദിന സഹവാസ ക്യാമ്പ് ‘സ്വാതന്ത്ര്യാമൃതം 2022’ സമാപിച്ചു

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 സമാപിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ എന്‍.ഐ ഗീവര്‍ഗീസ്, മാനേജര്‍ റവ.ഫാ.ബിനു ജോസഫ്, ഹെഡ് മാസ്റ്റര്‍ എം.വി മാത്യു, പ്രോഗ്രാം ഓഫീസര്‍ എ.സി ഷാജി, പവിത്രന്‍ ഗുരുക്കള്‍, ആര്‍. അനിത, കുമാരി ദേവപ്രിയ എന്നിവര്‍ സംസാരിച്ചു.

ബിജു തയ്യിലിനെ ആദരിച്ചു

കണിച്ചാര്‍: കര്‍ഷക ദിനത്തിന്റെ ഭാഗമായി ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി കണിച്ചാര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് പരിധിയിലെ മികച്ച ജൈവകര്‍ഷകനായ ബിജു തയ്യിലിനെ ആദരിച്ചു. ബ്രാഞ്ച് മാനേജര്‍ പി.ജെ ജേക്കബ് പൊന്നാട അണിയിച്ചു. ജിബിന്‍ വര്‍ഗീസ് മൊമെന്റോ നല്‍കി. ജീവനക്കാരായ റെഹിയാനത്, ഷീന, ശ്രീലേഖ, രചന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി. ഇതിന്റെ ഫലമായി ലക്ഷ്യ അംഗീകാരം ലഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകള്‍

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിന കേസുകള്‍ പതിനായിരത്തില്‍ താഴെയായിരുന്നു. ഓഗസ്റ്റ് 17ന് 9062 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 16ന് 8,813 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,01,343 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 72 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി ഉയര്‍ന്നു. 98.58 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടിപിആര്‍ 3.48 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 4.20 ശതമാനമായും ഉയര്‍ന്നു. ഇതിനോടകം 4,36,70,315 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിര്‍ക്കും; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിര്‍ക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതിയില്ലാതെ നിരക്ക് വര്‍ധിപ്പിക്കാനാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്. വിയോജിപ്പ് അറിയിച്ച് ഉടന്‍ കേന്ദ്രത്തിന് മറുപടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല

കേരള സര്‍ക്കാരിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആപ്പ് വൈകുമെന്ന് തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറില്‍ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. കേരള സവാരിയെന്ന പേരില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സവാരി, മോട്ടോര്‍ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം.ഇവ രണ്ടും സംയോജിപ്പിക്കുകയാണ് കേരള സവാരിയിലൂടെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് ഇതര ഓണ്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സര്‍വീസ് ചാര്‍ജ്, മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകള്‍ പോലെ തിരക്ക് കൂടുമ്പോള്‍ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം.പൊലീസ് ക്ലിയറന്‍സുള്ള ഡ്രൈവര്‍മാര്‍ ആണ് ഇതില്‍ ഉണ്ടാകുക. ഗതാഗത തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് കേരള സവാരി നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍മാരില്‍ 22 പേര്‍ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഫലപ്രദമെന്ന് കണ്ടാല്‍ മറ്റ് ജില്ലകളില്‍ തുടങ്ങുമെന്ന് കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അസംഘടിത തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: അസംഘടിത തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂര്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് കെ.പി രക്തസാക്ഷി പ്രമേയവും അരവിന്ദാക്ഷന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ടി വിജയന്‍, സി.പി ഐ.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ രജീഷ്, അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം എം.കെ ബാബു, രജന, വി.കെ ഷൈലജ, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അസംഘടിത ക്ഷേമനിധി തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക,മഴക്കെടുതി മൂലം നാശനഷ്ടം ഉണ്ടായ കര്‍ഷകര്‍ക്കും മറ്റ് നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ട പരിഹാരം പെട്ടന്ന് നല്‍കുക,ബഫര്‍സോണ്‍ വിഷയത്തിലെ അവ്യക്തത തീര്‍ത്ത് നല്‍കണമെന്നും,വന്യമൃഗാക്രമങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി എം.സി.ഡി പട്ടാനൂരിനെ പ്രസിഡന്റായും, എം.സി രാജീവന്‍, നിഷ പ്രദീപന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ടി വിജയനെ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സുഭാഷ് കെ.പി,രജിന എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

നക്ഷത്ര വന വൃക്ഷ തൈ നടീലും ആദ്യകാല ചെയര്‍മാന്‍മാരുടെ ഫോട്ടോ അനാഛാദനവും

പേരാവൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നക്ഷത്ര വന വൃക്ഷ തൈ നടീലും ഫോട്ടോ അനാഛാദനവും നടന്നു. പരിപാടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ദിനേശ് ബാബുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം കെ.കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. അത്ലറ്റിക് താരം രഞ്ചിത്ത് മാക്കുറ്റിയെ ഡോ. വി രാമചന്ദ്രന്‍ ആദരിച്ചു. കെ.വി രാജീവന്‍, കെ ജയപ്രകാശ്, ഷബി നന്ത്യത്ത്, കെ രമാഭായി, കെ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

തില്ലങ്കേരി: ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് പടിക്കച്ചാലില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി നടീല്‍, വിത്തു വിതരണം, വിവിധ കര്‍ഷകരെ ആദരിക്കല്‍, തെങ്ങും തൈ വിതരണം എന്നിവ നടന്നു. വാര്‍ഡ് മെമ്പര്‍ എന്‍.മനോജിന്റെ അധ്യക്ഷതയില്‍ കൃഷി ഓഫീസര്‍ അഞ്ജന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബാബു ഈയ്യം ബോഡ്, ലിജീഷ് ഇ.വി, പി.പി മോഹന്‍ദാസ്, നിശാന്ത് പടിക്കച്ചാല്‍, എം.കെ, വിനോദ് കുമാര്‍, പി.കെ.മഹേഷ് കുമാര്‍, അമീന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ വാഴയില്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകന് പോലീസിന്റെ ആദരം

ആറളം: കര്‍ഷക ദിനത്തോടനുബന്ധിച്ച് ആറളം സ്വദേശി തങ്കച്ചന്‍ തുരുത്തിപ്പള്ളിയെ ആറളം പോലീസ് വീട്ടിലെത്തി ആദരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദാസിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ വി.ജെ ജോസഫ്, സുനില്‍ വളയങ്ങാടന്‍, റെജി, ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു.