Hivision Channel

latest news

വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന്  കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം എന്നിവിടങ്ങളിലാണ് സന്ദർശിക്കുക. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഈവനിംഗ് ടീ സ്നാക്സ്, ഡിന്നർ, എൻട്രി ഫീ ഉൾപ്പെടെ ഒരാൾക്ക് 1140 രൂപയാണ് ചാർജ്.ആഗസ്റ്റ് 21ന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തീവ്രമഴ കാരണം നിർത്തി വെച്ചിരുന്ന പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്കുള്ള അഡ്വഞ്ചർ ടൂർ പാക്കേജും 21ന് പുനരാരംഭിക്കും. 750 രൂപയാണ് ചാർജ്. രാവിലെ എഴിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഫോൺ: 9605372288, 8089463675.

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം

നീണ്ടുനോക്കി: തൊഴിലുറപ്പ് ദിനങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പുഷ്പകുമാരി, എം.വി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊട്ടിയൂര്‍: ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ സുപ്രീംകോടതി, പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ,കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളായ സി.എ രാജപ്പന്‍ മാസ്റ്റര്‍, ജില്‍സ് എം മേക്കല്‍, സി.വി ജേക്കബ്, പി.കെ ജോസഫ്, എം.എം സണ്ണി, സണ്ണി കണ്ടത്തില്‍ എന്നിവര്‍ നീണ്ടുനോക്കി പോസ്റ്റാഫീസില്‍ എത്തി കത്തുകള്‍ അയച്ചു.

സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മറ്റി ഓഫീസ് പി.വി നാരായണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം

പേരാവൂര്‍: സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മറ്റി ഓഫീസ് പി.വി നാരായണന്‍ സ്മാരക മന്ദിരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു

ഹര്‍ ഘര്‍ തിരംഗയെ നെഞ്ചേറ്റി രാജ്യം; വിറ്റത് 30 കോടി ദേശീയ പതാകകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനെ നെഞ്ചേറ്റി ഇന്ത്യ. 30 കോടിയിലധികം ദേശീയ പതാകകളാണ് ഇത്തവണ വിറ്റു പോയതെന്നാണ് കണക്കുകള്‍. ഇതില്‍ നിന്ന് ഏകദേശം 500 കോടിയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. വീടുകളില്‍ ഉള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനത്തോടെ ജൂലൈ 22നാണ് പ്രധാന മന്ത്രി ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.

പേരാവൂര്‍ എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി

കേളകം: പേരാവൂര്‍ എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്തമായി അടക്കാത്തോട്, കേളകം ടൗണുകളിലെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി 1 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു.

പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ജെയിംസ് സി.എം,ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മജീദ് കെ.എ, രമീഷ് കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹാഷിം എ, ഡിഗ്ന റോസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85)അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ഗോപി. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി.സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്ക് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും. ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്നതിനുള്ള ബില്ല് നേരത്തെതന്നെ സംസ്ഥാന സര്‍ക്കാര്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനാണ് നിലവില്‍ മന്ത്രിസഭയുടെ അധികാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 22ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. നിലവില്‍ മൂന്ന് അംഗങ്ങളുള്ള സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നത്. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, സര്‍വകലാശാലയുടെ പ്രതിനിധി എന്നിവരാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഗവര്‍ണര്‍ തന്നെ നിശ്ചയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്കുള്ള ഭേദഗതിക്കാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

കൊട്ടിയൂര്‍: ഹെല്‍ത്ത് കേരള ക്യാമ്പയിനിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ടൗണുകളിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഭാഗ്യശ്രീ എം.പി, സന്ധ്യ സി.ആര്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധനയില്‍ മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന വീണ്ടും തുടരുമെന്നും അറിയിച്ചു.

കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം

തെറ്റുവഴി: സി.പി.ഐ.എം നേതാവും മണത്തണ ലോക്കല്‍ കമ്മറ്റിയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം തെറ്റുവഴിയില്‍ നടന്നു. സി.പി.എം തെറ്റുവഴി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രന്‍ മാസ്റ്റര്‍, മണത്തണ ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍, പി.പി വേണുഗോപാല്‍, കെ.വി ബാബു, കെ.കെ രാജന്‍, പ്രകാശന്‍ പാറായി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കായിക മേഖലയില്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ രഞ്ജിത്ത് മാക്കുറ്റിയെയും, വോളിബോള്‍ താരം സെബിന്‍ ബെന്നിയെയും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍ ഹന്ന റോസ് റിജോയെയും അനുമോദിച്ചു.