Hivision Channel

hivision

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

കണിച്ചാര്‍ : ഇ.കെ നായനാര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് വടശ്ശേരി, ബി.കെ ശിവന്‍, എം.എന്‍ ഷീല, പി.ബിജു എന്നിവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു.

പെരുമ്പുന്ന ടൗണും പരിസരങ്ങളും ശുചീകരിച്ചു

പെരുമ്പുന്ന: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പുന്ന സ്വാന്തനത്തിന്റെ നേതൃത്വത്തില്‍ പെരുമ്പുന്ന ടൗണും പരിസരങ്ങളും ശുചീകരിച്ചു. ഭാരവാഹികളായ ബാബു ജോസ്, മഹേഷ്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അനുസ്മരണം സംഘടിപ്പിച്ചു

ഇരിട്ടി: സി.പി.ഐ ഇരിട്ടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി കുന്നോത്തെ പി.എ പീറ്റര്‍, പി.എ മറിയാമ്മ, പി.എ സോളമന്‍, വി.ടി തോമസ് തുടങ്ങിയവരുടെ അനുസ്മരണം സംഘടിപ്പിച്ചു. അഡ്വ. പി.സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജി ശിവരാമകൃഷ്ണന്‍, പായം ബാബുരാജ്, ജോണ്‍സണ്‍ കലവൂര്‍, പി.ജി ശശീന്ദ്രന്‍, എന്‍.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്തി.

പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു

തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെയും ഭാഗമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. തൊണ്ടിയില്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് കേളകം എസ്.ഐ ജാന്‍സി നാടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ പൊട്ടക്കല്‍, സി. മെര്‍ലിന്‍ ജോസ് എസ്.എച്ച്, ആന്‍മേരി ചിറമേല്‍, ജോസ് മൂക്കനോലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാവൂര്‍ ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു

പേരാവൂര്‍: കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു.

ശുചീകരണ പ്രവര്‍ത്തിക്ക് ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റര്‍, സി ഹരിദാസ്, അജ്നാസ്, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സണ്ണി മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി

പേരാവൂര്‍: ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മറ്റി കാരുണ്യ സ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപാഭവന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഫ്ളാഗ് ഓഫ് ചെയ്തു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റര്‍, സി ഹരിദാസ്, അജ്നാസ്, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

മാലൂര്‍: കാഞ്ഞിലേരി മള്ളന്നൂരില്‍ പുഴയില്‍ വീണ് കാണാതായ ആളുടെ മൃതദേഹം അഗ്‌നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു. മള്ളന്നൂരിലെ പുതിയപുരയില്‍ ഈരായി രാജനാണ് (59) ശനിയാഴ്ച ജോലിക്ക് പോകുന്നതിനിടയില്‍ പുഴയില്‍ വീണത്. പെരുമ്പൊയിലന്‍ കൃഷ്ണന്റെയും പാഞ്ചുവിന്റെയും മകനാണ്. ഷീനയാണ് ഭാര്യ. സവിനേഷ്, സവ്യ എന്നിവരാണ് മക്കള്‍.

സ്വാതന്ത്ര്യ സ്മൃതി സംഗമവും ഉന്നത വിജയം നേടിയ ബാലസഭ കുട്ടികള്‍ക്കുള്ള അനുമോദനവും

പേരാവൂര്‍: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികളുടെ സ്വാതന്ത്ര്യ സ്മൃതി സംഗമവും ഉന്നത വിജയം നേടിയ ബാല സഭ കുട്ടികള്‍ക്കുള്ള അനുമോദനവും തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ശരത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രഞ്ചുഷ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍, ബാലസഭ ഉപസമിതി കണ്‍വീനര്‍ ടി ഗീത, തൊഴിലുറപ്പ് ഉപസമിതി കണ്‍വീനര്‍ ഷീബ ബാബു എന്നിവര്‍ സംസാരിച്ചു. സ്മൃതി സംഗമ പ്രതിജ്ഞയും, വൃക്ഷ തൈ നടീലും, വിവിധ കലാപരിപാടികളും നടന്നു.

കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പൊലീസിന് 12 മെഡലുകള്‍ ലഭിച്ചു. വിശിഷ്ട സേവനത്തിന് രണ്ടുപേര്‍ക്കാണ് മെഡല്‍ ലഭിച്ചത്. എ.ഡി.ജി ബി മനോജ് എബ്രഹാമിനും, എ.സി.പി ബിജി ജോര്‍ജ് താന്നികോട്ടിനുമാണ് വിശിഷ്ട സേവാ മെഡല്‍. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ 10 പേര്‍ക്കാണ്. ഡി.സി.പി കുര്യാക്കോസ് വി.യു, എസ്.പി മുഹമ്മദ് ആരിഫ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. സുബ്രമണ്യന്‍ ടി.കെ, സജീവന്‍ പി.സി, സജീവ് കെ.കെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടി.പി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ.വി, ഹരിപ്രസാദ് എം.കെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാനം. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. രാജ്യം 75 -ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫീസുകളിലും, മന്ത്രിമാരുടെ ഔദ്യോഗിക വാസതികളിലും ദേശീയപതാക ഉയര്‍ത്തി. നാളെ രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും. പോലീസ് കമാന്‍ഡോ സംഘം മുതല്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് പുറമെ ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പതാക ഉയര്‍ത്തും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി സംസ്ഥാന വ്യാപകമായി തന്നെ ഇക്കുറി ആഘോഷങ്ങളുണ്ടാകും.വന്‍ സുരക്ഷയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളില്‍ പ്രത്യേക ഗതാഗത നിയന്ത്രണമുണ്ടാകും. രാത്രികാല പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല ആഘോഷങ്ങങ്ങളടക്കം പോലീസിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാകും നടക്കുക.