Hivision Channel

hivision

ആധാർ: കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം

ആധാർ എടുത്ത കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും
ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) എന്നിവ നിർബന്ധമായും പുതുക്കുന്നത്
2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്തു നൽകും.  കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്.

സമയബന്ധിതമായി ബയോമെട്രിക് പുതുക്കുന്നതിലൂടെ
നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

ഇത് കൂടാതെ, നവജാതശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻട്രോൾ ചെയ്യാം. 0 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാവും.

കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.

പരാതി പരിഹാര നമ്പറുകൾ:
സിറ്റിസൺ കോൾ സെൻറർ-1800 4251 1800, 0471 2335523, സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ-0471 2525442.

ദരിദ്ര കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നല്‍കുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നല്‍കുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാര്‍ഡുള്ള കുടുംബത്തില്‍ ഒരാള്‍ക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം നല്‍കും. എന്നാല്‍ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും. അതേസമയം നിയമഭേദഗതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് കേന്ദ്രം നിയമത്തില്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. 2017ലും സമാന ഭേദഗതിക്ക് കരട് പുറത്തിറക്കിയിരുന്നു.

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം
നിയന്ത്രണങ്ങള്‍ നീക്കിയത് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനസ്ഥാപിക്കും. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബള്‍ക്ക് എല്‍പിജി വിതരണങ്ങള്‍ പുനസ്ഥാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘകാല പരിഹാരമായി പിഎന്‍ജിയിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന നിര്‍ദേശവും കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല. പെട്രോളിയം വിതരണ കമ്പനികളുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധിച്ചതിനാലാണ് രാജ്യത്തെ എല്‍പിജി പ്രതിസന്ധി ഒഴിയുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിലയേറിയതോടെ ഹോട്ടല്‍ ഭക്ഷണത്തിനും ചെലവേറിയിരുന്നു.

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരന്‍

വീര്യം കുറഞ്ഞ് മദ്യത്തിന്റെ നികുതി ഇളവ് വിഷയത്തില്‍, മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നികുതി ഇളവിനുള്ള തീരുമാനം പിന്‍വലിക്കണം. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്യണമായിരുന്നു. പിന്‍വാതില്‍ നടപടി പാടില്ലെന്നും പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ കൃത്യമായി എത്ര ബാര്‍ ഉണ്ടെന്ന് ഇനിയും പുറത്തു വരേണ്ടതുണ്ട്. ചര്‍ച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന സ്ഥിതി. ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലഹരിക്ക് എതിരായ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ വിഎം സുധീരന്‍ പ്രശംസിച്ചു. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് വിഎം സുധീരന്‍ പറഞ്ഞു.

ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ച് എടുക്കുന്ന ഓരോ നയങ്ങളും സ്വീകരിക്കുന്ന ഓരോ നടപടികളും ഔചിത്യം നിലനിര്‍ത്തിക്കൊണ്ടുവേണം മുന്നോട്ടുപോകണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഒരു തീരുമാനം പോലും പാളി പോകരുത്. എല്ലാവരുമായി ആലോചിച്ച് മാത്രമേ മുന്നോട്ടു പോകാവൂ. അതാണ് അഭികാമ്യമെന്ന് സുധീരന്‍ പറഞ്ഞു. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേ മതിയാകൂ എന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ തീരദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണത്തില്‍ അവ്യക്തതയുണ്ട്. കരിമണല്‍ കര്‍ത്ത ആയാലും അദാനി ആയാലും തീരദേശത്ത് കരിമണല്‍ ഖനനം അനുവദിക്കരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലയ്ക്ക് ആണ് ഖനനം എന്നായിരുന്നു പറഞ്ഞത്. പിന്നീട് അത് സ്വകാര്യമേഖലയില്‍ ഉള്ളവര്‍ ഖനനം നടത്തുന്ന സ്ഥിതിയായി. ഇത് മുഖ്യമന്ത്രിയും സര്‍ക്കാരും ആലോചിക്കണമെന്ന് വി എം സുധീരന്‍ പറഞ്ഞു.

മാസപ്പടി കേസ്; വീണ ടി ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍.

ജൂണ്‍ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങലും കരാര്‍ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കര്‍ അടക്കം തുറന്ന പരിശോധന നടത്തി. വീണയുടെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായി സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ ക്യാപ്റ്റില്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരായ കര്‍ത്ത കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ന്നടപടികള്‍.

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോര്‍ട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇത് ഒരാളുടെ ഇന്ത്യന്‍ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ലെന്ന് നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ കേവലം തിരിച്ചറിയല്‍-വിലാസ രേഖകള്‍ മാത്രമാണ്. 1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരമാണ് ഒരാളുടെ ഇന്ത്യന്‍ പൗരത്വം നിയമപരമായി നിശ്ചയിക്കുന്നത്. ജനന തീയതി, മാതാപിതാക്കളുടെ പൗരത്വം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യ വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. ഇതുവരെ 1.47 കോടി ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. പോലീസ് വെരിഫിക്കേഷന്‍ ഒഴികെ, 6 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ ചെലവഴിക്കുന്ന സമയം 45 മിനിറ്റില്‍ താഴെയായി കുറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യത്ത് വെറും 77 പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 545 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും, 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും, 66 രാജ്യങ്ങളില്‍ ഇ-വിസ സൗകര്യവും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു

കരിമണലില്‍ യൂ ടേണ്‍ ഇല്ല, ഒന്നും സ്വകാര്യവല്‍ക്കരിക്കില്ല’; നയം വ്യക്തമാക്കി മുഖ്യമന്ത്രി

ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.ഒരു സ്ഥാപനം പോലും സ്വകാര്യവല്‍ക്കരിക്കില്ല. ഞങ്ങള്‍ക്ക് കൃത്യമായ നയമുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പോകുന്നവയല്ല. പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റില്‍ ഇല്ല. കൃത്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാക്കി ശമ്പളം കൊടുക്കുകയല്ല സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അതിന് തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. ഭാവിയെ കെട്ടിപ്പടുക്കാനുള്ള ഒരു ഡോക്യുമെന്റ് അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ അവതരിപ്പിച്ച ബജറ്റ് അല്ല. കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റി നിര്‍ത്തി ഓരോ മേഖലയിലും എക്‌സ്‌പെര്‍ട്ടിനെ വെക്കുകയാണ്.

വയോജനങ്ങളെ സംരക്ഷിക്കണം.നന്നായി പഠിച്ചിട്ടാണ് വയോജനങ്ങള്‍ക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാളും സാമൂഹികമായി ഒറ്റപ്പെടില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തും. അശരണരെ ചേര്‍ത്തുനിര്‍ത്താനാണ് വണ്‍ കേരള പദ്ധതി. ജനങ്ങളുടെ തലയില്‍ ഭാരം കെട്ടിവെക്കാതെ തന്നെ ഖജനാവ് നിറയ്ക്കും.ജനങ്ങളുടെ തലയില്‍ നികുതിഭാരം കെട്ടിവെച്ചിട്ടല്ല ഖജനാവ് നിറയ്‌ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും,സപ്ലൈകോ ലാഭം ഉണ്ടാക്കും. കൃത്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും.കെഎസ്ഇബി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ ആയിരുന്നു. ഇപ്പോള്‍ കോടികളുടെ നഷ്ടത്തില്‍. കരിമണല്‍ സ്വകാര്യ വത്ക്കരിക്കില്ല. കരിമണലിനെ സംബന്ധിച്ച് താന്‍ പറഞ്ഞതില്‍ വാക്കുമാറില്ല.സര്‍ക്കാരിന് യൂ ടേണ്‍ ഇല്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മോഡല്‍ മങ്ങിയിരിക്കുകയാണ്. കേരള മോഡല്‍ നവീകരിച്ച് നീയോ കേരള മോഡല്‍ ഉണ്ടാക്കണം. കേരള മോഡലില്‍ ഒന്നും ആരും അഭിരമിക്കേണ്ട. ഭൂമിയാണ് സര്‍ക്കാരിന്റെ ഓഹരി, ബാക്കി നിക്ഷേപമായി വരണം എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സാധാരണക്കാരായ പ്രവാസികളെ നിക്ഷേപകരാക്കി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാലയിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ പൊലീസുകാരന്റെ കൈവിരല്‍ അറ്റു. ഇന്നലെ നടന്ന മാര്‍ച്ചിലായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. സര്‍വകലാശാലയിലേക്ക് പ്രവര്‍ത്തകര്‍ കടക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകള്‍ ഭാഗം ഇതിനിടയില്‍ പെട്ടുപോകുകയുമായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13,230 രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,05,840 രൂപ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 27 രൂപ കുറഞ്ഞ് 14,433 രൂപയിലെത്തിയപ്പോള്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,825 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

ഗതാഗത വകുപ്പിന്റെ വന്‍ തീരുമാനം; സംസ്ഥാനത്ത് പുതിയ പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കും

സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം’ (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. കൊട്ടാരക്കരയില്‍ കഴിഞ്ഞദിവസമുണ്ടായ ദാരുണമായ ടിപ്പര്‍ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടല്‍. അപകടങ്ങളില്‍ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന ഈ വിദഗ്ദ്ധ സമിതിയില്‍ അതത് ജില്ലയിലെ ആര്‍.ടി.ഒ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍, പി.ഡബ്ല്യു.ഡി അല്ലെങ്കില്‍ ദേശീയപാത അതോറിറ്റിയിലെ എന്‍ജിനീയര്‍. നാറ്റ്പാക് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. അപകടം നടക്കാന്‍ ഇടയാക്കിയ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകള്‍, വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍, ഡ്രൈവറുടെ അശ്രദ്ധ എന്നിവ വിശദമായി പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുമാണ് ഇവരുടെ ചുമതല. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കും.