
ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോര്‍ട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇത് ഒരാളുടെ ഇന്ത്യന്‍ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ലെന്ന് നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ കേവലം തിരിച്ചറിയല്‍-വിലാസ രേഖകള്‍ മാത്രമാണ്. 1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരമാണ് ഒരാളുടെ ഇന്ത്യന്‍ പൗരത്വം നിയമപരമായി നിശ്ചയിക്കുന്നത്. ജനന തീയതി, മാതാപിതാക്കളുടെ പൗരത്വം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യ വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. ഇതുവരെ 1.47 കോടി ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. പോലീസ് വെരിഫിക്കേഷന്‍ ഒഴികെ, 6 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ ചെലവഴിക്കുന്ന സമയം 45 മിനിറ്റില്‍ താഴെയായി കുറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യത്ത് വെറും 77 പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 545 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും, 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും, 66 രാജ്യങ്ങളില്‍ ഇ-വിസ സൗകര്യവും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു














