2019 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
അടയ്ക്കാത്തോട്: ഗവ. യു.പി സ്‌കൂളില്‍ ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മുന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രസന്ന ക്ലാസ് എടുത്തു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും മൊബൈല്‍ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്സ്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജിതിന്‍ ദേവസ്യ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് ക്ലാസ്സ് പുതിയ അനുഭവമായി
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് രാവിലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രാവിലെ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വീണ്ടും ഇടിവ് രേഖപ്പെടുത്തി. രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്.
നിടുംപൊയില്‍: മാനന്തവാടി റോഡില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി സ്വദേശി വിജയന്‍, തലപ്പുഴ സ്വദേശി തുഷാര നിവാസില്‍ സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിട്ടി:കിളിയന്തറയിലെ കൂട്ടുപുഴഎക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 10 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കൂടാളി താറ്റിയോട് സ്വദേശി അർഷാദ് ടി വി ( 28) നെയും , 0.330 ഗ്രാം MDMA യുമായി മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി സ്വദേശി ഉമ്മർ ഫാറൂഖ് (32) എന്നയാളെയും എക്സൈസ് സംഘം പിടികൂടിയത്.
ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്റ്റർ കെ.പി.ഗംഗാധരനും, പ്രിവന്റീവ് ഓഫീസർമാരായ എം പി സജീവൻ, കെ കെ രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ എന്നിവരും ചേർന്നാണ് കഞ്ചാവും എം ഡി എം എ യും പിടികൂടിയത്.
കണ്ണൂർ:ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ ബീച്ചിലെ പി സിലേഷിന്റെ പൂകൃഷിയിടത്തിൽ ആഗസ്റ്റ് 23ന് രാവിലെ 9ന് മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചർ നിർവഹിക്കും.
ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കുക, പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 വാർഷിക പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലയിൽ ഗുണമേന്മയുള്ള ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവൻ മുഖേന സൗജന്യമായി നൽകിയത്. ചുരുങ്ങിയത് 15 സെന്റ് കൃഷിസ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നൽകിയിരുന്നത്. പ്രായമായ ഒരു ചെടിയിൽ നിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കൾ ലഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ 200 ടൺ വരെ പൂക്കൾ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.
പാലപ്പുഴ: കോണ്‍ഗ്രസ് പാലപ്പുഴ 76-ാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സി.കെ പ്രകാശന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗീസ്, സി.ജെ മാത്യു, യു.ഡി.എഫ് കണ്‍വീനര്‍ വി. രാജു, നാരായണന്‍ മാസ്റ്റര്‍, ഗോപി മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, ദിവാകരന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, തെങ്ങുംപള്ളില്‍ കുഞ്ഞൂട്ടി, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതല്‍ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും നാളെ വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വ്വഹിക്കും. ഓഗസ്റ്റ് 23,24 തീയതികളില്‍ (ചൊവ്വാഴ്ചയും ബുധനാഴ്ചയും) മഞ്ഞ കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ (വ്യാഴം,വെള്ളി ,ശനി) പിങ്ക് കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉളളവര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തീയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. എല്ലാ റേഷന്‍ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണ്. അതുപോലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൊളക്കാട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിനായി നിര്‍മ്മിക്കുന്ന സുശീല ഗോപാലന്‍ സ്മാരക മന്ദിരത്തിന്റെ ധനശേഖരണാര്‍ത്ഥം ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊളക്കാട്, കാടന്‍മല യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി. സന്ധ്യാ ഷാജു, സുബിത സതീഷ്, സി.സി സന്തോഷ്, കെ,വി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പേരാവൂര്‍: സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ജോസ് അധ്യക്ഷത വഹിച്ചു. ജോയികുട്ടി കെ.ജെ, ടി കൃഷ്ണന്‍, കാര്‍ത്തിയാനി, കെ.കെ നാരായണന്‍, പി.വി പ്രഭാകരന്‍, സി.ടി അനീഷ്, സി സജീവന്‍, എം.സി.ഡി പട്ടാനൂര്‍, സന്തോഷ്, വിജി മോഹന്‍, ബിന്ദു എം, നിഷ കെ തുടങ്ങിയവര്‍ സംസാരിച്ചു.