Hivision Channel

hivision

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി

പാലക്കാട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ള ഉത്തരവ് പ്രകാരം ക്ലാസ്സ് മുറിയിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ല. അതുകൊണ്ട് തന്നെ അധ്യാപകര്‍ ചെയ്തത് നിലവിലുള്ള ഉത്തരവ് പാലിക്കുക എന്നതാണ്. സാധാരണ രീതിയില്‍ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉണ്ട്. അതില്‍ അപൂര്‍വ്വമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ പൊതുപ്രവണതയായി ഈ ഘട്ടത്തില്‍ കാണേണ്ടതില്ല. അഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിര്‍ന്നവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അതാണ് ഓരോ സമൂഹത്തിന്റെയും പരിവര്‍ത്തനങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്. കുട്ടികള്‍ ഈ പ്രായത്തില്‍ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങള്‍ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞു വരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം പരീക്ഷയുടെ വിജയമായി മാത്രം പരിമിതപ്പെടുത്തരുത്.

ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന പല ദൃശ്യങ്ങളിലും കാണുന്ന അക്രമ രംഗങ്ങള്‍ കുട്ടികളില്‍ എന്ത് സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളുടെ മന:ശാസ്ത്രം കൂടി പരിഗണിച്ച് പഠിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും വൈകാരിക പ്രകടനങ്ങള്‍ അടക്കം പരിഗണിച്ചുകൊണ്ട് സ്‌കൂള്‍ സംവിധാനത്തിനകത്ത് മെന്ററിംഗ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. കുട്ടികളെ ശിക്ഷിച്ച് മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍. എന്നാല്‍ ഇക്കാര്യം നമ്മള്‍ അഭിമുഖീകരിച്ചേ പറ്റൂ.

ഇതിനുള്ള സാമൂഹിക അന്തരീക്ഷം വളര്‍ത്തി എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ടതുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പ്രചരിപ്പിക്കുന്നതും ഒട്ടും ശരിയല്ല. ഈ സാഹചര്യത്തിലാണ് എല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒരു കുട്ടിയേയും പുറന്തള്ളുക എന്നുള്ളത് നമ്മുടെ നയമല്ല. ചേര്‍ത്ത് പിടിക്കലാണ് നമ്മുടെ സംസ്‌കാരം. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ പ്രഥമ ശ്രേണിയില്‍ എത്തിയത് ഈ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കൂടിയാണ്- മന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൗജന്യ ഇ.എന്‍.ടി (ENT) രോഗ നിര്‍ണ്ണയ ക്യാമ്പ്

കണ്ണൂര്‍ : 2025 ഫെബ്രുവരി 2 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇ.എന്‍.ടി വിഭാഗം ഡോ. പത്മനാഭന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ.ജാബിര്‍ ബിന്‍ ഉമര്‍ (കണ്‍സള്‍ട്ടന്റ് ) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

മൂക്കിന്റെ വളവ്, ദശ വളര്‍ച്ച, കൂര്‍ക്കം വലി, OSA, സൈനസൈറ്റിസ്, വോയിസ് തെറാപ്പി (സംസാരിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക്), തൈറോയ്ഡ്, ചെവി ചൊറിച്ചില്‍, ചെവിയൊലിപ്പ്, കേള്‍വിക്കുറവ്, സ്‌ട്രോക്ക് വന്നതിനു ശേഷം ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയാണ് സൗജന്യ ഇ.എന്‍.ടി (ENT) രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഇ.എന്‍.ടി വിഭാഗത്തിലെ ഏറ്റവും പുതിയ ചികിത്സാ ലഭിക്കുന്നതിന് ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മികച്ച അവസരം നല്‍കുന്നു. ക്യാമ്പില്‍ റേഡിയോളജി, ലാബ് സേവനങ്ങള്‍ക്ക് കിഴിവ്, കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള ഇളവുകളും ലഭ്യമാണ്. ബുക്കിങ്ങിനായി വിളിക്കുക 94978 26666.

സ്വര്‍ണവില പവന് 60000 കടന്നു

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില്‍പ്പന വില 60200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7525 രൂപയും നല്‍കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി.

ഇന്ന് 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ആര്‍ ജി കര്‍ ആശുപത്രിയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നെയ്യാറ്റിന്‍കര ഗോപന്റെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്,ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നു

സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു.

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകന്‍ ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

നവജാത ശിശുവിന്റെ തുടയില്‍ വാക്‌സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി; കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് പരാതി

വാക്‌സിനെടുത്ത നവജാത ശിശുവിന്റെ തുടയില്‍ നിന്ന് ഇഞ്ചക്ഷന്‍ ചെയ്യാന്‍ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കണ്ണൂര്‍ പെരിങ്ങോത്തെ ശ്രീജു രേവതി ദമ്പതികളുടെ മകളുടെ തുടയില്‍ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കല്‍ കോളജില്‍ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളില്‍ എടുക്കേണ്ട രണ്ട് വാക്സിന്‍ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്‌സിനേഷന്‍ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാന്‍ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്‌സിനേഷന്‍ സമയത്ത് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വളരെ പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുവരുന്നത്. പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാറില്ല. ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കാണ് നിലവില്‍ കൊവിഡ് പരിശോധന നടത്തുന്നത്. കൊവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞുവരികയാണെന്നും ഐഎംഎ അറിയിച്ചു.

നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ

മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വര്‍ഷം അധിക ശിക്ഷയും കോടതി വിധിച്ചു.

പ്രമാദമായ കൂടത്തായി കേസിനോട് സാമ്യതകള്‍ ഏറെയുളള തോട്ടര സ്വദേശിനിയായ നബീസ വധക്കേസില്‍ 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. പുണ്യമാസത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയില്‍ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കി മരണം ഉറപ്പിച്ചു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിച്ചു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം റോഡരികില്‍ കണ്ട കാര്യം ബഷീര്‍ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്.കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ ഫസീലയോട് നബീസക്കുണ്ടായിരുന്ന താത്പര്യക്കുറവാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൃപ്പുണ്ണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലും,കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലുമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫസീല.വല്യുമ്മയുടെ താത്പര്യക്കുറവ് പ്രകോപനകാരണമായപ്പോള്‍ കൂട്ടുനിന്നത് സ്വന്തം ഭര്‍ത്താവും. ബഷീറിന്റെ രക്ഷിതാക്കളുടെ മരണത്തിലും ഫസീലക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മെത്തോമൈന്‍ എന്ന വിഷപദാര്‍ത്ഥം നല്‍കി പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.