പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകന്‍ ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.