സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു.