Hivision Channel

Local News

‘കേസായാല്‍ ഞങ്ങളും കുടുങ്ങും’; മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ വഴങ്ങി ജ്വല്ലറി ഉടമ

മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ കേസ് പിന്‍വലിച്ച് ജ്വല്ലറി ഉടമ. കോഴിക്കോട് മുക്കത്താണ് അപൂര്‍വ സംഭവം നടന്നത്. മുക്കത്തെ ശ്രീരാഗം ജ്വല്ലറി ഉടമ ഷാജിയാണ് തന്റെ സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ ആളോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഷാജിയുടെ ജ്വല്ലറിയില്‍ മോഷണം നടന്നത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് കാല്‍ പവനോളം തൂക്കം വരുന്ന രണ്ട് മോതിരങ്ങളുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരുടെ ശ്രദ്ധ മാറിയ സമയത് ഇയാള്‍ മോതിരങ്ങളുമായി കടയില്‍ നിന്നും ഇറങ്ങി ഓടുകയും മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങള്‍ സഹിതം മുക്കം പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച മുക്കം പോലീസ് കാറിന്റെ നമ്പര്‍ തിരിച്ചറിയുകയും ഉടമയെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ പിതാവിന്റെ പേരില്‍ ആയിരുന്നു കാറിന്റെ രജിസ്‌ട്രേഷന്‍. താന്‍ നിരപരാധി ആണെന്നും നിയമനടപടികളുണ്ടായാല്‍ തന്നെയും ബാധിക്കുമെന്നും ഇദ്ദേഹം ജ്വല്ലറി ഉടമ ഷാജിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഷാജി തയ്യാറാവുകയായിരുന്നു. നഷ്ടമായ സ്വര്‍ണത്തിന് സമാനമായ തുക മോഷ്ടാവിന്റെ പിതാവ് ഷാജിക്ക് തിരികെ നല്‍കി.

‘കേസായാല്‍ ഞങ്ങളും കുടുങ്ങും’; മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ വഴങ്ങി ജ്വല്ലറി ഉടമ Read More »

കെ സുധാകരനെക്കുറിച്ച് ചോദ്യം, ഒഴിഞ്ഞുമാറി സതീശൻ; പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് വിശദീകരണം

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവും എംപിയുമായ കെ സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സതീശൻ വിശദീകരിച്ചു. ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരനെക്കുറിച്ച് ചോദ്യം, ഒഴിഞ്ഞുമാറി സതീശൻ; പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് വിശദീകരണം Read More »

അങ്കം കുറിക്കാൻ പാര്‍ട്ടികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആദ്യ പട്ടിക നാളെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പോരിനിറങ്ങാൻ പാര്‍ട്ടികള്‍. തീയതി പ്രഖ്യാപിച്ച ഉടൻ ഇന്ന് തന്നെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. ബിജെപിയും നാളെയായിരിക്കും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നാൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അങ്കം കുറിക്കപ്പെടും. എൽഡിഎഫിൽ മുഴുവൻ സീറ്റിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. സിപിഐയും അവരുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാൽ ഉടൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എൽഡിഎഫ് ക്യാംപ് നടത്തുന്നത്. അതേസമയം, ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തികാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. കേരളത്തിൽ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് എൻഡിഎ അങ്കത്തിനിറങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം പി മാർ മത്സരിക്കണമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും ചെന്നിത്തല പറഞ്ഞു.

അങ്കം കുറിക്കാൻ പാര്‍ട്ടികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആദ്യ പട്ടിക നാളെ Read More »

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി, പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്

തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിത്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി, പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് Read More »

കേരളം അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബം​ഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 

Read Full Article

കേരളം അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന് Read More »

വ്യോമാതിർത്തി അടച്ചു,137 മിസൈലും 209 ഡ്രോണും നശിപ്പിച്ചു; ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് UAE

ഇറാൻ മിസൈൽ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് യുഎഇ. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു. തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി.

ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ്, ജബൽഅലി തുറമുഖം എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇയിൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം നിർദേശിച്ചു.

ഇതുവരെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേരാണ് യുഎഇയിൽ മരിച്ചത്. ഒരാൾ അബുദാബി വിമാനത്താവളത്തിലും മറ്റൊരാൾ ജബൽ അലിയിലും. 11 പേർക്ക് പരിക്കേറ്റു. ജനവാസമേഖലയിലെല്ലാം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായാണ് വിവരം. ഇവിടങ്ങളിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വ്യോമസനേയും വ്യോമപ്രതിരോധസേനകളും ചേർന്ന് 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടുത്തതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. 132 മിസൈലുകൾ നശിപ്പിച്ചു. അഞ്ചെണ്ണം കടലിൽ വീണു. 195 ഇറാൻ ഡ്രോണുകളാണ് തടുത്തത്. 14 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീണു. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി.

ആക്രമണം തുടരുന്നതിനിടയിലും സേവനങ്ങൾ പുനഃക്രമീകരിക്കാൻ വിമാനത്താവളങ്ങളും എയർലൈനുകളും തമ്മിലുള്ള ഏകോപനം തുടരുകയാണ്. മറ്റിടങ്ങളിലേക്കുള്ള യാത്രമുടങ്ങിയ ട്രാൻസിറ്റ് യാത്രക്കാർക്ക് ഉൾപ്പെടെ ഏകദേശം 20,200 പേർക്ക് ഇതുവരെ താത്കാലിക താമസസൗകര്യവും ഭക്ഷണവും നൽകിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ)യും അറിയിച്ചു.

വ്യോമാതിർത്തി അടച്ചു,137 മിസൈലും 209 ഡ്രോണും നശിപ്പിച്ചു; ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് UAE Read More »

കാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് നാലു യുവാക്കൾക്ക് ദാരുണാന്ത്യം

 പഴയ ദേശീയപാതയിൽ നല്ലളം ഡീസൽപ്ലാന്റിനു സമീപം കാർ ലോറിയിലിടിച്ച് നാലു യുവാക്കൾക്ക് ദാരുണാന്ത്യം. രാമനാട്ടുകര പരിയാപുരത്ത് ശ്രീദിൻ വീട്ടിൽ ദിനിൽ (31), അയൽവാസികളായ ഫാറൂഖ് കോളേജ് കളിപ്പറമ്പിൽ അമ്പാടി വീട്ടിൽ അജീഷ് (35), ഫാറൂഖ് കോളേജ് കളിപ്പറമ്പിൽ കെ.പി. വിമൽകുമാർ (36), കളിപ്പറമ്പിൽ ശ്യാംനിവാസിൽ ശ്യാംലാൽ (33) എന്നിവരാണ് മരിച്ചത്.

പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി ദിജിൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ 3.25-നായിരുന്നു അപകടം .

തിരൂരിൽനിന്ന് കണ്ണൂരിലേക്ക് ചെങ്കല്ല് ലോഡെടുക്കാൻ വരുകയായിരുന്ന ലോറിയും രാമനാട്ടുകര ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗവും ഭാഗികമായി തകർന്നിട്ടുണ്ട്. മോഡേൺ ബസാർ കഴിഞ്ഞയുടൻ വരുന്ന കൊടുംവളവിന് തൊട്ടുമുൻപാണ് സംഭവം നടന്നത്. അപകടമേഖലയായി കണക്കാക്കുന്ന പ്രദേശമാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ഫാറൂഖ് കോളേജിനുസമീപം കോട്ടശ്ശാലി ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തശേഷം ഭക്ഷണം കഴിക്കാൻ രണ്ടുകാറുകളിലായി കോഴിക്കോട്ട് പോയി തിരികെവരുന്നതിനിടയിലാണ് കാർ യാത്രികരായ യുവാക്കൾ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

അഗ്നിരക്ഷാസേനാംഗങ്ങൾ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. തുടർന്ന് മറ്റൊരു കാറിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

സ്ഥിരം അപകടമേഖലയായ റോഡിൽ ഡിവൈഡറോ, അപകടമുന്നറിയിപ്പു ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.

യുഎൽ സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ടാറ്റാ എലക്സിയിൽ സ്പെഷലിസ്റ്റ് സോഫ്റ്റ്‌വേർ എൻജിനിയറാണ് മരിച്ച ശ്യാംലാൽ. ഭാര്യ: സ്വാതി. അച്ഛൻ: പ്രഭു പാറപ്പുറവൻ. അമ്മ: വസന്ത. സഹോദരങ്ങൾ: പ്രസുലാൽ (യുകെ), വർഷ (അധ്യാപിക).

പന്തീരാങ്കാവിൽ സിഡ്കോയ്ക്ക് കീഴിലുള്ള ടൂൾ റൂം കം ട്രെയിനിങ് സെന്ററിൽ സി.എൻ.സി. ഓപ്പറേറ്ററാണ് മരിച്ച ദിനിൽ പരിയാപുരത്ത്. ഡി.വൈ.എഫ്.ഐ പൊറ്റപ്പടി യൂണിറ്റ് സെക്രട്ടറിയും മേഖലാ അംഗവുമാണ്. അച്ഛൻ: പരിയാപുരത്ത് ദിവാകരൻ (റിട്ട. നഴ്സിങ് അസി, ആരോഗ്യവകുപ്പ്). അമ്മ: വിനോദകുമാരി. സഹോദരങ്ങൾ: ദിവിൻ, ദിവ്യ.

ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മരിച്ച അജീഷ്. അച്ഛൻ: പരേതനായ കെ. ഗോപി. അമ്മ: കമല. സഹോദരങ്ങൾ: ലിനീഷ്, രാജേഷ്.

പരേതനായ നാരായണനാണ്‌ മരിച്ച കെ.പി. വിമൽ കുമാറിന്റെ അച്ഛൻ. അമ്മ: എം. തങ്ക. സഹോദരങ്ങൾ: വിനയകുമാർ, വിനോദ്കുമാർ (അധ്യാപകൻ, പെരിന്തൽമണ്ണ കാപ്പ് ഗവ. ഹൈസ്കൂൾ), വിജേഷ് (ദുബായ്).

കാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് നാലു യുവാക്കൾക്ക് ദാരുണാന്ത്യം Read More »

ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

ബെംഗളൂരു : ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ’ടൈം 100 ഹെൽത്ത് ലിസ്റ്റ് 2026′ പ്രഖ്യാപനത്തിൽ പങ്കാളികളായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് ഈ പട്ടികയിലൂടെ ആദരിക്കുന്നത്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 19-ന് ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ പങ്കെടുത്തു.​”ഈ വർഷത്തെ ടൈം 100 ഇംപാക്ടുമായി സഹകരിക്കാൻ സാധിച്ചത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അലീഷ മൂപ്പൻ പറഞ്ഞു. സേവനം എപ്പോഴും ലക്ഷ്യബോധമുള്ളതായിരിക്കണമെന്ന പിതാവ് ഡോ. ആസാദ് മൂപ്പന്റെ ദർശനങ്ങളാണ് തന്നെ നയിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ആരോഗ്യപരിരക്ഷ എന്നത് കേവലം ഒരു തൊഴിലല്ല, മറിച്ച് കാരുണ്യത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ഒരു നിയോഗമാണെന്ന ആസ്റ്ററിന്റെ ഉറച്ച വിശ്വാസവും അവർ പങ്കുവെച്ചു.”മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും ആഗോള വിദഗ്ധരുമായുള്ള ചർച്ചകൾക്കും ശേഷമാണ് ടൈം മാഗസിൻ 100 പേരുടെ ഈ പട്ടിക തയ്യാറാക്കിയത്. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, പോളിസി മേക്കർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രമുഖ നടനും സംവിധായകനുമായ ജെസ്സി ഐസൻബെർഗ്, യുഎസ് നൊവാർട്ടിസ് പ്രസിഡന്റ് വിക്ടർ ബുൾട്ടോ, പ്രശസ്ത കാർഡിയോവാസ്കുലർ മെഡിസിൻ പ്രൊഫസർ ഡോ. കിരൺ മുസുനുരു എന്നിവരുൾപ്പെടെ ലോകത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.അന്താരാഷ്ട്ര തലത്തിൽ സജീവമായ സഹകരണങ്ങൾ ഉറപ്പാക്കി മികച്ച ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ ഈ ചടങ്ങിന്റെ ഭാഗമായത്. ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആരോഗ്യ ശൃംഖലകളിലൊന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആശുപത്രികൾ മുതൽ ഫാർമസികൾ വരെയുള്ള വിപുലമായ സേവനങ്ങളിലൂടെ രോഗികൾക്ക് മികച്ച പരിഗണനയും ലോകോത്തര ചികിത്സയും നൽകാൻ ആസ്റ്റർ എപ്പോഴും മുൻപന്തിയിലുണ്ട്.

ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ Read More »

രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽജില്ലയിലെ കർഷക നേതാക്കളുമായും കർഷകസംഘടന പ്രതിനിധികളുമായും സംവാദം നടത്തും. കെ.പി.സി.സിയാണ് പരിപാടിസംഘടിപ്പിക്കുന്നത്.ഹെലികോപ്ടറിലാണെത്തുന്നതെങ്കിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് രാഹുൽ ഗാന്ധി ഇറങ്ങുക. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഞായറാഴ് പേരാവൂരിലെത്തി ജിമ്മി ജോർജ് സ്റ്റേഡിയവും പാരിഷ ഹാളും സന്ദർശിച്ചു.കാർഷിക മേഖലയിലെ പ്രതിസന്ധികൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ കൂടി ശ്രദ്ധയിലെത്തിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി നഗരസഭ, ആറളം, അയ്യങ്കുന്ന്, പായം, പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകൾ റബർ, കശുമാവ്, നാളികേരം കർഷകർ ഏറ്റവും അധികം ഉള്ള പ്രദേശങ്ങൾ കൂടിയാണ്.ദേശീയ തലത്തിൽകർഷകർ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും ജാഥകളും സംവാദങ്ങളുമായി രാഹുൽ ഗാന്ധി സജീവമാണ്. ഈ സാഹചര്യത്തിലാണ് പേരാവൂരിലെത്തി മലയോരത്തെ ഉൾഗ്രാമങ്ങളിലുള്ള കർഷകരുമായും കർഷക പ്രതിനിധികളുമായും രാഹുൽ ഗാന്ധി സംവദിക്കുന്നത്.

രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത് Read More »

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ഫ്ളാറ്റ് പിച്ച്; പേസർമാർ തിളങ്ങും, അർഷ്ദീപ് തുടർന്ന് കളിച്ചേക്കും

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് സ്പിന്നർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചെന്ന് റിപ്പോർട്ട്. കറുത്ത മണ്ണിലൊരുക്കിയ പിച്ചാണ് ഞായറാഴ്ചത്തെ മത്സരത്തിനായി ഉപയോഗിക്കുകയെന്നാണ് വിവരം.

ഇതോടെ ഒരു അധിക സ്പിന്നറെ ടീമിലെടുക്കണോ അതോ ഒരു അധിക പേസറെ ഉൾപ്പെടുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് അധിക പിന്തുണ ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ പട്ടേൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

സ്പിന്നർമാരേക്കാൾ പേസർമാർക്കാകും പിച്ചിൽ നിന്ന് പിന്തുണ കൂടുതൽ. ഈ സാഹചര്യം പരിഗണിച്ച് മൂന്നാം സ്പിന്നറായി കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിങ്ങിനെ ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ചാണ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ ആലോചന. പിച്ച് പേസർമാർക്ക് അനുകൂലമായതിനാൽ, മൂന്നാം സ്പിന്നറായി കുൽദീപ് യാദവിനെ ഉൾപ്പെടുത്തുന്നതിനേക്കാൾ ഡെത്ത് ഓവറുകളിൽ ഫലപ്രദമായ അർഷ്ദീപ് സിങ്ങിനെ കളിപ്പിക്കാനാണ് ടീം കൂടുതൽ താത്പര്യപ്പെടുന്നത്.

പിച്ചിലെ പുല്ല് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മികച്ച ബൗൺസ് ലഭിക്കുന്ന ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരിക്കും ഇതെന്ന് മുൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്കും അഭിപ്രായപ്പെട്ടു. ഫ്‌ളാറ്റ് വിക്കറ്റായിരിക്കാനാണ് സാധ്യത കൂടുതൽ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ഫ്ളാറ്റ് പിച്ച്; പേസർമാർ തിളങ്ങും, അർഷ്ദീപ് തുടർന്ന് കളിച്ചേക്കും Read More »