Hivision Channel

അങ്കം കുറിക്കാൻ പാര്‍ട്ടികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആദ്യ പട്ടിക നാളെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പോരിനിറങ്ങാൻ പാര്‍ട്ടികള്‍. തീയതി പ്രഖ്യാപിച്ച ഉടൻ ഇന്ന് തന്നെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. ബിജെപിയും നാളെയായിരിക്കും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നാൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അങ്കം കുറിക്കപ്പെടും. എൽഡിഎഫിൽ മുഴുവൻ സീറ്റിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. സിപിഐയും അവരുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാൽ ഉടൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എൽഡിഎഫ് ക്യാംപ് നടത്തുന്നത്. അതേസമയം, ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തികാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. കേരളത്തിൽ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് എൻഡിഎ അങ്കത്തിനിറങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം പി മാർ മത്സരിക്കണമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *