ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാൻ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുടർച്ചയായി ജാമ്യാപേക്ഷപരിഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്.ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായകമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയ ശേഷം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തകർച്ചയും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നതാണ് നിലവിലെ വിലവർധനവിന് പ്രധാന കാരണം. ആഗോളതലത്തിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കാറുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് യുദ്ധസാഹചര്യമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ, ഓഹരി വിപണികൾ തകരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റാറുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലായതിനാൽ, ഡോളറിൻ്റെ മൂല്യ വ്യതിയാനവും വിലയെ സ്വാധീനിക്കും. ഇന്ത്യയിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അവരുടെ സ്വർണ ശേഖരം വർധിപ്പിക്കുന്നതും വില കൂടാനുള്ള കാരണമാണ്.
കാഴ്ചയുടെ പരിമിതിയെന്ന കടമ്പ മറികടന്നാണ് തലശ്ശേരി പുനിയിൽ വീട്ടിൽ അപർണ്ണ ഹൈസ്കൂൾ അധ്യാപനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറിയത്. സഹായമായത് എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ നിയമനവും. ദീനുൽ ഇസ്ലാം സഭ ഹൈസ്കൂളിൽ ഗണിതവിഭാഗം ഹൈസ്കൂൾ അധ്യാപികയായാണ് അപർണ്ണക്ക് നിയമനം ലഭിച്ചത്. അപർണ ഉൾപ്പെടെ ജില്ലയിലെ ഭിന്നശേഷിക്കാരായ 55 പേർക്കാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ കുപ്പ് എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ നിയമന പ്രകാരം അധ്യാപകരായുള്ള നിയമന ഉത്തരവ് നൽകിയത്. ഓഫീസ് അസിസ്റ്റന്റ്, പാർട്ട് ടൈം മീനിയൽ തസ്തികയിൽ രണ്ടുപേർക്കും നിയമനം നൽകി. ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.ഷൈനി ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 40 ശതമാനം കാഴ്ച്ച പരിമിതിയുള്ള കെ.ടി. അപർണ്ണക്ക് ഗണിതത്തിൽ എം.എസ്സിയും ബിഎഡും ഉണ്ട് . ‘അമ്മ സുധാറാണി തയ്യൽ തൊഴിലാളിയാണ്. അച്ഛൻ ഒ.അശോകൻ കൂലിപ്പണിക്കാരനും. എന്നാൽ ഈ പരിമിതികളും കാഴ്ചയുടെ വെല്ലുവിളിയും എല്ലാം നേരിട്ടാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവ പൂർത്തിയാക്കിയത്. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് ധർമ്മശാലയിൽ നിന്ന് ബി.എഡും നേടി . എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ നിയമനം അപർണ്ണക്ക് ജീവിതത്തിൽ പുതിയ വെളിച്ചമായി മാറുകയാണ്.
ചടങ്ങിൽ എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഇ.സി.വിനോദ് അധ്യക്ഷനായി. വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി.സുധീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.ശകുന്തള, വി.ദീപ, കണ്ണൂർ ഡി.ഡി.ഇ ഓഫീസ് ജൂനിയർ സൂപ്രണ്ട് എ.പി.സജീവൻ, കെ.രാജീവൻ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, സ്കൂൾ മാനേജർമാർ എന്നിവർ പങ്കെടുത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറാൻ പോകുകയാണെന്നും അന്താരാഷ്ട്ര ഭൂപടത്തിൽ ഇത് ഒരു നിർണായക സ്ഥാനമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നും വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമല്ല എന്നും ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ യാഥാർഥ്യമാക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസ്സങ്ങൾ അതിജീവിച്ച് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ തുടക്കം മുതൽ നിരവധി പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016- മുതൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, കോവിഡ് മഹാമാരി, പദ്ധതിക്ക് ആവശ്യമായ ഘടകങ്ങൾക്കുണ്ടായ തടസ്സങ്ങൾ എന്നിവ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിനാണ് ലഭിച്ചത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖ നിർമ്മാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇത് വിഴിഞ്ഞത്തെ ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ, രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് ചേർത്ത് 2028-ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസന സാധ്യതകൾ കണക്കിലെടുത്ത് നിശ്ചയിച്ചതിലും 17 വർഷം മുൻപേ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാൻ അദാനി പോർട്സുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങുമെന്നും ഇത് പ്രതീക്ഷിച്ചതിനേക്കാൾ വലിയ തുകയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2024 ജൂലൈയിൽ ആദ്യ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തിയതും 2025 മെയ് രണ്ടിന് തുറമുഖം പൂർണ്ണമായി നാടിന് സമർപ്പിക്കുമെന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
തുറമുഖത്തോടൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. വിഴിഞ്ഞത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായതായും അതിന്റെ ഉദ്ഘാടനം ഇതിനോടൊപ്പം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കം ഉടൻ ആരംഭിക്കാനാകും.
റെയിൽ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അന്തിമഘട്ടത്തിലാണ്. നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹകരണത്തോടെയുള്ള റിങ് റോഡ് പദ്ധതിയിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി അനുമതി ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ ഭാഗമായി 3000 ഏക്കറോളം സ്ഥലം വിവിധ അനുബന്ധ പദ്ധതികൾക്കായി ഉപയോഗിക്കപ്പെടും.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ വിദേശ തുറമുഖങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ലോകത്തെ ഭീമൻ കപ്പലുകൾ ഇപ്പോൾ കേരളത്തിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വലിയ തോതിലുള്ള പ്രാദേശിക വികസനത്തിന് വഴിതെളിക്കും. ചരക്ക് നീക്കത്തിന് മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചുവെന്നും ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും, ആത്മവിശ്വാസമുള്ളവരായി വളർത്താനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കരമന ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സുവർണ്ണ ജൂബിലി ആഘോഷവും മെറിറ്റ്ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൈടെക് ക്ലാസ് മുറികളും, അത്യാധുനിക ലാബുകളും, മികച്ച ഭൗതിക സാഹചര്യങ്ങളും ഒരുക്കിയതിലൂടെ സർക്കാർ സ്കൂളുകൾ മാറ്റത്തിന്റെ പാതയിലാണ്. അമ്പത് വർഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും അത് സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിന്റെ സാക്ഷ്യപത്രമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആയിരക്കണക്കിന് പെൺകുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി, അവരെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതങ്ങളിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ തന്റേതായ ഇടം കണ്ടെത്തിയ കരമന ഹയർ സെക്കൻഡറി സ്കൂൾ പെൺകുട്ടികളുടെ ശാക്തീകരണത്തിൽ വഹിച്ച പങ്ക് നിസ്തുലമാണെന്നും മന്ത്രി വ്യക്തമാക്കി.
എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. സന്ദർശനം സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. അതേസമയം ഈ ഐക്യം സാമൂഹികമായി ഒരു ചലനവും ഉണ്ടാക്കാൻ കഴിയാത്തത് ആണെന്ന് വിമർശിക്കുകയാണ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
എസ്എൻഡിപി യോഗം വിശാല കൗൺസിൽ സമുദായ ഐക്യത്തിന് പച്ചക്കൊടി കാട്ടിയതോടെ ചർച്ചകൾ വേഗത്തിലാവുകയാണ്. ഇന്ന് തന്നെ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കാണണമെന്നായിരുന്നു എസ്എൻഡിപി യോഗം തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയ നിർദ്ദേശം. എന്നാൽ തിരുവനന്തപുരത്ത് എൻഡിഎ യോഗം നടക്കുന്നതിനാൽ തുഷാർ വെള്ളാപ്പള്ളി ഇന്ന് എത്തിയില്ല. നാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും തുഷാർ പെരുനയിൽ എത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുക. ഇന്നലെ രാത്രിയിലാണ് തുഷാർ വെള്ളാപ്പള്ളി സുകുമാരൻ നായരെ ഫോണിൽ വിളിച്ചു പെരുന്നലേക്ക് വരുന്ന കാര്യം അറിയിച്ചത്. തുഷാറിനെ സുകുമാരൻ നായർ സ്വാഗതം ചെയ്തു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങളെ സുകുമാരൻ നായർ തുഷാറിന്റെ സന്ദർശനം സംബന്ധിച്ചുള്ള വിവരം അറിയിച്ചിട്ടുണ്ട്.
തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ് ഐക്യത്തോട് യോജിപ്പാണ്. സുകുമാരൻ നായരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ മുന്നോട്ടു വെക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും എസ്എൻഡിപി യോഗം ധാരണയിൽ എത്തിയിട്ടുണ്ട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുള്ള ചർച്ചകൾ മാത്രമേ നടക്കൂ എന്നാണ് എൻഎസ്എസ് നിലപാട്. നായാടി മുതൽ നസ്രാണി വരെ ഐക്യം എന്ന എസ്എൻഡിപി ആവശ്യത്തോട് എൻഎസ്എസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, എൻഎസ്എസ് എസ്എൻഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്. മുൻപ് പലതവണ ചർച്ച ചെയ്ത് പരാചയപ്പെട്ട എൻഎസ്എസ് എസ്എൻഡിപി ഐക്യം വീണ്ടും ഉയരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്ന വിമർശനത്തോട് കെപിഎംഎസും യോജിക്കുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു.
ഗൃഹസന്ദർശനത്തിനിടെ താൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ സാംസ്കാരിക ശൂന്യതയും ഉള്ളിൽ ഉറച്ചുപോയ ഫ്യൂഡൽ മനോഭാവവുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് ‘മോശമാണെന്ന്’ കരുതുന്നവർക്ക് മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് നൽകുന്ന പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. “ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം” എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം. അവിടെ നാം കുട്ടികളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. അച്ഛൻ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലെന്ന് പാഠ പുസ്തകത്തിൽ പറയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് ‘മോശമാണെന്ന്’ കരുതുന്നവർ ഒന്നാം ക്ലാസ്സിലെ ഈ പാഠമൊന്ന് വായിക്കണം..
മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് നൽകുന്ന പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. “ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം” എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം.
ദീപക്കിന്റെ ആത്മഹത്യ, പ്രതി ഷിംജിത അറസ്റ്റില്‍. പിടിയിലായത് വടകരയില്‍ നിന്ന്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. വടകരയിലെ ബന്ധു വീട്ടില്‍ നിന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.