Hivision Channel

കേരളത്തിലൊന്നും നേരെ ചൊവ്വേ നടക്കില്ല എന്ന് ആക്ഷേപിച്ചവർക്കുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖം- പിണറായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറാൻ പോകുകയാണെന്നും അന്താരാഷ്ട്ര ഭൂപടത്തിൽ ഇത് ഒരു നിർണായക സ്ഥാനമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നും വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമല്ല എന്നും ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ യാഥാർഥ്യമാക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസ്സങ്ങൾ അതിജീവിച്ച് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ തുടക്കം മുതൽ നിരവധി പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016- മുതൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, കോവിഡ് മഹാമാരി, പദ്ധതിക്ക് ആവശ്യമായ ഘടകങ്ങൾക്കുണ്ടായ തടസ്സങ്ങൾ എന്നിവ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിനാണ് ലഭിച്ചത്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖ നിർമ്മാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇത് വിഴിഞ്ഞത്തെ ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ, രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് ചേർത്ത് 2028-ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസന സാധ്യതകൾ കണക്കിലെടുത്ത് നിശ്ചയിച്ചതിലും 17 വർഷം മുൻപേ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാൻ അദാനി പോർട്സുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങുമെന്നും ഇത് പ്രതീക്ഷിച്ചതിനേക്കാൾ വലിയ തുകയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2024 ജൂലൈയിൽ ആദ്യ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തിയതും 2025 മെയ് രണ്ടിന് തുറമുഖം പൂർണ്ണമായി നാടിന് സമർപ്പിക്കുമെന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

തുറമുഖത്തോടൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. വിഴിഞ്ഞത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായതായും അതിന്റെ ഉദ്ഘാടനം ഇതിനോടൊപ്പം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കം ഉടൻ ആരംഭിക്കാനാകും.

റെയിൽ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അന്തിമഘട്ടത്തിലാണ്. നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹകരണത്തോടെയുള്ള റിങ് റോഡ് പദ്ധതിയിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി അനുമതി ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ ഭാഗമായി 3000 ഏക്കറോളം സ്ഥലം വിവിധ അനുബന്ധ പദ്ധതികൾക്കായി ഉപയോഗിക്കപ്പെടും.

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ വിദേശ തുറമുഖങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ലോകത്തെ ഭീമൻ കപ്പലുകൾ ഇപ്പോൾ കേരളത്തിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വലിയ തോതിലുള്ള പ്രാദേശിക വികസനത്തിന് വഴിതെളിക്കും. ചരക്ക് നീക്കത്തിന് മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചുവെന്നും ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *