Hivision Channel

Local News

കൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പീജി വിദ്യാർത്ഥിനി അതിക്രൂരമായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ദേശീയതലത്തിൽ നടക്കുന്ന മെഡിക്കൽ സമരത്തിൽ കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വയനാട് ജില്ലയെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കി.

പശ്ചിമ ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഐ. എം. എ ദേശവ്യാപകമായി 17/8/ 2024 ശനിയാഴ്ച നടത്തുന്ന പ്രതിഷേധ സമരത്തിന് കെ. ജി. എം. ഒ. എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അത്യാഹിത-അടിയന്തിര സേവനങ്ങൾക്ക് ഭംഗം ഉണ്ടാകാത്ത വിധത്തിൽ അംഗങ്ങൾ അവധിയെടുത്ത് പ്രതിഷേധത്തിൽ പങ്ക് ചേരുന്നതാണ്.
പ്രസ്തുത വിഷയത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ. ജി. എം .ഒ. എ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, ദേശീയ തലത്തിൽ തന്നെ, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആരോഗ്യസ്ഥാപനങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കോഡ് ഗ്രേ പ്രോട്ടോകോൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.ആരോഗ്യ സ്ഥാപനങ്ങളെ സുരക്ഷിത ജോലിസ്ഥലങ്ങൾ ആക്കി മാറ്റുന്നതിനുള്ള അടിയന്തര നിയമനിർമാണം ദേശീയതലത്തിൽ ഉണ്ടാവേണ്ടതും അത്യന്താപേക്ഷിതമാണെന്നും സമൂഹമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള മൃഗീയമായ ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണം പൊതു സമൂഹത്തിൽ നിന്ന് ഉയർന്നു വരേണ്ടതുണ്ടെന്നും.
പ്രതിഷേധ സമരത്തിന് സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം സംഘടന ആവശ്യപ്പെടുന്നു. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമായി ആശുപത്രി സന്ദർശനം പരിമിതപ്പെടുത്തി ഈ സമരത്തെ പിന്തുണയ്ക്കുവാൻ പൊതുജനങ്ങളോട് കെ ജി എം ഓ എ അഭ്യർത്ഥിച്ചു. നീതിയ്ക്കായുള്ള ഈ പോരാട്ടത്തിൽ ഞങ്ങളോട് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

4 സംസ്ഥാനങ്ങളില്‍ തെര‍ഞ്ഞെടുപ്പ് വരുന്നു, കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലും ആകാംക്ഷ, പ്രഖ്യാപനം 3  മണിക്ക്

ലോക് സഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക് നടക്കും. ജമ്മുകശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന നാല് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ നവംബര്‍ മൂന്നിനും, മഹാരാഷ്ട്രയില്‍ നവംബര്‍ 26നും നിയമസഭയുടെ കാലാവധി കഴിയും. ഹരിയാനയും, കശ്മീരും ആദ്യ ഘട്ടം പ്രഖ്യാപിച്ച് പിന്നീട് മഹാരാഷ്ട്ര പ്രഖ്യാപിക്കാനാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്. കശ്മീരിനൊപ്പം ഹരിയാനയും സന്ദര്‍ശിച്ച കമ്മീഷന്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും സന്ദര്‍ശിച്ചിട്ടില്ല.ജാര്‍ഖണ്ഡില്‍ ഡിസംബറിലേ നിയമസഭയുടെ കാലാവധി കഴിയുന്നുള്ളൂ. വൈകി പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകളും   പ്രഖ്യാപിക്കാനാകും സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.

ലോക് സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്. പുനംസഘടനക്ക് ശേഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജമ്മുവിലെ ഫലം ബിജെപിക്ക് ആശ്വാസം നല്‍കിയെങ്കിലും കശ്മീരില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഹരിയാനയിലും, മഹാരാഷ്ട്രയിലും ഉണ്ടാക്കിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. എന്നാല്‍ ലോക് സഭ തെരഞ്ഞെടുപ്പിലെ ട്രെന്‍‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന് വാദിക്കുന്ന ബിജെപി മോദിയെ തന്നെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തയ്യാറെടുക്കുന്നത്. 

തിരൂരില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍വീണ് മരിച്ചു

ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം.വി. മുഹമ്മദ് ഷെഹ്‌സിന്‍ (ആറ്) ആണ് മരിച്ചത്. താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എല്‍.പി. സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്. മുഹമ്മദ് ഷാദില്‍ സഹോദരനാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച കബടക്കം നടത്തും. ഷെഹ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച ഫാത്തിമ മാതാ എല്‍.പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

ലോറി വഴിമാറി ഓടി, നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളില്‍ കാബിന്‍ കുടുങ്ങി, അപകടം ഒഴിവായി 

കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം.മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര്‍ ടൗണില്‍നിന്ന് 150 മീറ്റര്‍ വടക്കു ഭാഗത്തുവെച്ച് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിന്‍ കുടുങ്ങിയത്. ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി.

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം; ഇഒഎസ്-08നെ ബഹിരാകാശത്തെത്തിച്ചു

ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ EOS-08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി. ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി-ഡി3) ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു. ഒരു വർഷത്തെ ദൗത്യകാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്.

ഐഫോണിൽ ഹിറ്റായ വാട്‌സാപ്പ് ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡിലും, ഒരു കൂട്ടം അപ്‌ഡേറ്റുകളുമായി കമ്പനി

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ കൂടി എത്തിയിരിക്കുന്നു. ആനിമേറ്റഡ് സ്റ്റിക്കര്‍ പ്ലാറ്റ്‌ഫോമായ ജിഫി (Giphy) ഇനി വാട്‌സാപ്പില്‍ ലഭ്യമാവും. ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കര്‍ ടൂള്‍ അവതരിപ്പിച്ചു. പുതിയ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ അപ്‌ഡേറ്റ് വിവരങ്ങള്‍ പങ്കുവെച്ചത്.ജിഫിയുടെ സ്റ്റിക്കറുകള്‍ വാട്‌സാപ്പില്‍ നേരിട്ട് ലഭ്യമാവും. ചാറ്റുകളില്‍ ഉചിതമായ സ്റ്റിക്കറുകള്‍ തിരഞ്ഞുകണ്ടുപിടിക്കുന്നത് ഇതുവഴി എളുപ്പമാവും. അതിനായി ആപ്പില്‍ നിന്ന് പുറത്ത് പോകേണ്ടി വരില്ല. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാം.

ഐഒഎസില്‍ നേരത്തെ തന്നെ ലഭ്യമാക്കിയ കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് വാട്‌സാപ്പ്. ഗാലറിയിലെ ചിത്രങ്ങള്‍ എളുപ്പം സ്റ്റിക്കറാക്കി മാറ്റാനും സ്റ്റിക്കര്‍ ട്രേയില്‍ സൂക്ഷിക്കാനും ഇതുവഴി സാധിക്കും.

എഐ സ്റ്റിക്കറുകള്‍ ആവശ്യമായ സ്റ്റിക്കറുകള്‍ തിരഞ്ഞുകണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മെറ്റ എഐയെ മറക്കരുത് കൂടുതല്‍ സ്റ്റിക്കറുകള്‍ ആവശ്യാനുസരണം നിര്‍മിക്കാന്‍ മെറ്റ എഐയുടെ സഹായത്തോടെ സാധിക്കും. നിലവില്‍ യുഎസില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.

സ്റ്റിക്കര്‍ ഓര്‍ഗനൈസേഷന്‍ ഫീച്ചര്‍, ഈ പുതിയ സംവിധാനത്തിലുടെ വാട്‌സാപ്പിന്റെ സ്റ്റിക്കര്‍ പാക്കുകള്‍ നിങ്ങളുടെ സ്റ്റിക്കര്‍ ട്രേയുടെ താഴെയായി പ്രദര്‍ശിപ്പിക്കും. സ്റ്റിക്കര്‍ ട്രേയിലെ സ്റ്റിക്കറുകളുടെ സ്ഥാനം മാറ്റാന്‍ സ്റ്റിക്കറുകള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത് അവ മറ്റൊരിടത്തേക്ക് നീക്കുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.

Content Highlights: whatsapp stickers, How to get Giphy stickers on Whatsapp, Custom Sticker Maker on Whatsapp

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകി.

തില്ലങ്കേരി കണ്ണിരിട്ടി ഭാവന സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നൽകി. സംഘം സെക്രട്ടറി വിശ്വനാഥനിൽ നിന്നും കെ എ ഷാജി തുക ഏറ്റുവാങ്ങി. 15000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘം നൽകിയത്.

ശ്രേയസ് ബസ് തൊഴിലാളി സൗഹൃദ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

ഇരിട്ടി :ശ്രേയസ് ബസ് തൊഴിലാളി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.ഭാരവാഹികളായ വി ഡി ജോസ് , ഡെന്നി പിസി, സി കെ മനോജ് ,സി ജനാർദ്ദനൻ , മനോജ് എടത്തൊട്ടി , മധു ഉളിക്കൽ , ഉത്തമൻ മാട്ടറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ മുന്നറിയിപ്പ്, രണ്ടിടത്ത് ഓറഞ്ച്

സംസ്ഥാനത്ത് വ്യാപക മഴ സാധ്യത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിര്‍ദേശം. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

2024 ആഗസ്റ്റ് 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം

രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല. മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ട്ടാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വര്‍ഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് വിക്രം മൈതാനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയര്‍ത്തി. 

മലപ്പുറം എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജൻ പതാക ഉയര്‍ത്തി. കോട്ടയം ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍  ബിന്ദു പതാക ഉയര്‍ത്തി. എറണാകുളം കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി. പാലക്കാട് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി എംബി രാജേഷ് പതാക ഉയര്‍ത്തി. പത്തനംതിട്ടയിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ മന്ത്രി സജി ചെറിയാൻ പതാക ഉയര്‍ത്തി. ദില്ലിയിലെ കേരള ഹൗസിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.


കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു. പരേഡില്‍ സതേണ്‍ നേവല്‍ കമാന്‍ഡിംങ് ചീഫ്
വൈസ് അഡ്‍മിറല്‍  വി.എസ്.ശ്രീനിവാസ് സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണ നാവിക ആസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ വീരമൃത്യുവരിച്ച
ജവാന്‍മാരുടെ സ്മരണയില്‍ പുഷ്പചക്രമര്‍പ്പിച്ച ശേഷമായിരുന്നു പരേഡ്. ദുരന്തമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങളെ
പ്രസംഗത്തില്‍ വി.എസ്.ശ്രീനിവാസ് അഭിനന്ദിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി. ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, റൂറൽ പോലീസ് മേധാവി ഹേമലത എന്നിവർ സന്നിഹിതർ അയിരുന്നു. 22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്നു. ധർമ്മടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  രജീഷ് തെരുവത്ത് പീടികയിൽ സെറിമോണിയൽ പരേഡിന് നേതൃത്വം നൽകി.