
ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ചിങ്ങം ഒന്നിന് തന്ത്രിയായി ബ്രഹ്മദത്തൻ ചുമതലയേൽക്കും.ബ്രഹ്മദത്തന് താന്ത്രികവൃത്തിയിൽ പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കാനായി അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ നേത്യത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു വിദഗ്‌ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹം താന്ത്രിയാകാൻ യോഗ്യൻ ആണെന്ന് വിദഗ്‌ധസമിതി പരിശോധിച്ചുകൊണ്ട് ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.
തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. അനാരോഗ്യം മൂലം മാറി നിൽക്കുകയാണെന്നും മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രി ആക്കണമെന്നും ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം പരിഗണിച്ചാണ് ബ്രഹ്മദത്തനെ തന്ത്രിയാക്കാനുള്ള താത്പ്പര്യം ദേവസ്വം ബോർഡ് സ്വീകരിച്ചത്.














