
ഗതാഗത നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിച്ചിരുന്ന മോട്ടോർവാഹന വകുപ്പിന്റെ എഐ കാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെ കാമറകൾ വീണ്ടും മിഴിതുറക്കുകയും കഴിഞ്ഞദിവസം മുതൽ നിയമലംഘകർക്ക് പിഴ ചുമത്തിത്തുടങ്ങുകയും ചെയ്തു.
മോട്ടോർവാഹന വകുപ്പിനായി കാമറകൾ സ്ഥാപിച്ച കെൽട്രോണിന് സർക്കാരിൽനിന്ന് ലഭിക്കേണ്ട 55 കോടി രൂപ കുടിശകയായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൽ കാമറകൾക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ നൽകേണ്ട അഞ്ചുലക്ഷം രൂപയും അടച്ചിരുന്നില്ല.
ഇതേത്തുടർന്നാണ് കഴിഞ്ഞ ജൂലൈ ആദ്യം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. റോഡ് സുരക്ഷാ അഥോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തത്കാലം പ്രതിസന്ധി പരിഹരിച്ച് കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചത്.














