Hivision Channel

Kerala news

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി; ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം 50 സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിക്കാന്‍ പ്രൊപ്പോസല്‍

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇടപെടലുമായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം 50 സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1500 കോടി രൂപയുടെ പ്രൊപ്പോസല്‍ ആണ് നല്‍കിയത്. VGF വഴി കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്.

പുറത്തുനിന്ന് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. ഈ വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാന്‍ കഴിയില്ല. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിനായി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ വൈദ്യുതമന്ത്രിക്ക് കെഎസ്ഇബി സമര്‍പ്പിച്ചു.

ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം വഴി സംഭരിച്ച വൈദ്യുതി പീക്ക് സമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഉണ്ടാക്കും. ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനം ആയിരിക്കും സ്ഥാപിക്കുക. ഇതിലൂടെ ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്താന്‍ കഴിയുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിലെ 50 സബ്‌സ്റ്റേഷനുകളില്‍ ആയിരിക്കും BESS സ്ഥാപിക്കുക. നിലവില്‍ ആറിടങ്ങളില്‍ പ്രാരംഭഘട്ടമായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം തീയതി അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസില്‍ അര്‍ജ്ജുന്‍ ആയങ്കിക്കെതിരേ (29) കാപ്പ ചുമത്തി ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കര്‍ഷകരെ ആദരിച്ചു

ഇരിട്ടി:കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി വെളിയില്‍പ്പിള്ളില്‍ റെജി തോമസിന്റെ ഭവനത്തില്‍ വെച്ച് കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ വി വിനോദ് കുമാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു.കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാ ക്ലാസ് നടന്നു.യോഗത്തില്‍, 2026 ലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍ കീഴ്പ്പള്ളി, തോമസ് വട്ടം തൊട്ടിയില്‍ എടൂര്‍,സി.വി സരസ്വതി എന്നിവരെ ആദരിച്ചു.കുര്യന്‍ മൈലാടിയില്‍ ബിനു വെട്ടിക്കാട്ടില്‍, സജി ചെറിയാന്‍ തോമസ് വട്ടംതൊട്ടിയില്‍, സി.വി സരസ്വതി , റെജി തോമസ്, എന്‍. വി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ബെംഗളൂരു കന്റോണ്‍മെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍ എന്നീ സ്റ്റേഷനുകളില്‍നിന്ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ.

  1. ബെംഗളൂരു കന്റോണ്‍മെന്റ് – തിരുവനന്തപുരം നോര്‍ത്ത് (06579/06580)
    ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിന്‍ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 30ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും. കെആര്‍ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസര്‍വേഷന്‍ 21ന് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു.
  2. എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06575/06576)
    എസ്എംവിടി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിന്‍ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 24ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും. ബെംഗളൂരു കന്റോണ്‍മെന്റ്, കെആര്‍ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം കരുനാ?ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസര്‍വേഷന്‍ 21ന് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു.

മുത്തങ്ങയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം ഗീതാന്ദന്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

മുത്തങ്ങയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം ഗീതാന്ദന്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായി വാദം കേള്‍ക്കും. വിചാരണ കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ സലാമിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ എം ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘര്‍ഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളില്‍ ഒന്നാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.

നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട്

നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

ഇന്നലെ മഹാബലിപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ മുന്നോട് വച്ചത്.

ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിമാര്‍ക്കിയില്‍ ഉണ്ടായത്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചിരുന്നു.

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ അറിയാതെയാണ് കെഎംആര്‍എല്‍ പേര് മാറ്റുന്നത് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നത് കേരളം മെട്രോ റെയില്‍ ലിമിറ്റഡ് ആക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെന്ന കെഎംആര്‍എല്‍ന്റെ പ്രസ്താവന തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്ത രാവിലെ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ പേര് മാറ്റം സര്‍ക്കാരിന്റെ ആലോചനയില്‍ പോലുമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനൊട് ആലോചിക്കാതെയാണ് കെഎംആര്‍എല്‍ പത്രവാര്‍ത്ത നല്‍കിയത്. പിന്നെ താനെന്തിന് പ്രതികരിക്കണമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.

കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു. ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു.

എന്‍ട്രന്‍സ് കമ്മീഷണര്‍ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്മിഷന്‍ എടുക്കേണ്ട ആറു ദിവസത്തില്‍ ബാങ്ക് പ്രവര്‍ത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കിയത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിയിരുന്നത്. ചെല്ലാന്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. മാത്രമല്ല, അവധി ദിവസമായതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫിന്റെ കുറവുമുണ്ടാകും.

ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവേശനം നേടണം. എന്നാല്‍ കേരളത്തില്‍ ആ സമയങ്ങളില്‍ വെറും രണ്ട് ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഓണം അവധി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി വന്നത്. എന്നാല്‍ അവധി ദിവസങ്ങള്‍ പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപെടുകയായിരുന്നു. തുടര്‍ന്നാണ് പ്രവേശന നടപടികള്‍ക്കുള്ള തീയതി 28 മുതല്‍ സെപ്റ്റംബര്‍ 5 വരെ ആക്കി കൊണ്ടുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

കുഞ്ഞ് നേരിട്ടത് ക്രൂരമര്‍ദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയില്‍ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നല്‍കി

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നല്‍കി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നുവെന്നും ശരീരത്തില്‍ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറപത്രം. നെടുമങ്ങാട് SC /ST കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.78 പേജ് ഉള്ള കുറ്റപത്രം ആണ് സമര്‍പ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രൂര മര്‍ദ്ദനം, ജെജെ ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയത്.

മെയ് 26നായിരുന്നു സംഭവം. അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാള്‍, സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ഒന്നാം പ്രതിയായ അഷ്‌കറിന്മേല്‍ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നതായും ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണകാരണം.

തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ ഒന്നര വയസുകാരന്‍ തടസമായിരുന്നതിനാലാണ് ക്രൂരമായി മര്‍ദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്‌കര്‍ പോലീസിന് മൊഴി നല്‍കിയത്. കുട്ടി പടിയില്‍ നിന്ന് വീണതെന്നാണെന്നായിരുന്നു ആദ്യം പോലീസിനോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്മേല്‍ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.