
എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു. ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു.
എന്‍ട്രന്‍സ് കമ്മീഷണര്‍ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്മിഷന്‍ എടുക്കേണ്ട ആറു ദിവസത്തില്‍ ബാങ്ക് പ്രവര്‍ത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കിയത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിയിരുന്നത്. ചെല്ലാന്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. മാത്രമല്ല, അവധി ദിവസമായതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫിന്റെ കുറവുമുണ്ടാകും.
ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവേശനം നേടണം. എന്നാല്‍ കേരളത്തില്‍ ആ സമയങ്ങളില്‍ വെറും രണ്ട് ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഓണം അവധി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി വന്നത്. എന്നാല്‍ അവധി ദിവസങ്ങള്‍ പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപെടുകയായിരുന്നു. തുടര്‍ന്നാണ് പ്രവേശന നടപടികള്‍ക്കുള്ള തീയതി 28 മുതല്‍ സെപ്റ്റംബര്‍ 5 വരെ ആക്കി കൊണ്ടുള്ള തീരുമാനമുണ്ടായിരിക്കുന്നത്.














