Hivision Channel

Kerala news

വിപണി വില നിയന്ത്രിക്കാൻ കൃഷി വകുപ്പ്;ജില്ലയിൽ 143 ഓണക്കാല കർഷക ചന്തകൾ

ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. സെപ്റ്റംബർ നാലു മുതൽ ഏഴുവരെ ജില്ലയിൽ 143 കർഷക ചന്തകൾ ഒരുക്കും. കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളുണ്ടാവും. ഹോർട്ടികോർപ്പിന്റെ മുപ്പതും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആറും ചന്തകളാണ് ഉണ്ടാവുക. കൃഷി വകുപ്പിന് കീഴിൽ 89 കൃഷിഭവൻ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമാണ് ചന്തകൾ നടക്കുക. ഇതിന് പുറമെ തെരഞ്ഞെടുത്ത ഏഴു പഞ്ചായത്തുകളിൽ പ്രത്യേക ചന്തകളുണ്ടാകും. പയ്യന്നൂർ ബ്ലോക്കിൽ 10, തളിപ്പറമ്പ് 15, കല്യാശ്ശേരി ഒമ്പത്, കണ്ണൂർ ഒമ്പത്, എടക്കാട് ഒമ്പത്, തലശ്ശേരി 12, പാനൂർ ഏഴ്, കൂത്തുപറമ്പ് ഒമ്പത്, പേരാവൂർ എട്ട്, ഇരിട്ടി ഒമ്പത്, ഇരിക്കൂർ 10 എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ചന്തകളുടെ എണ്ണം. കരിമ്പത്തെ ജില്ലാ ഫാം, കാങ്കോൽ, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നീ ഫാമുകളിലാണ് ചന്തകൾ ഒരുക്കുക.
ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ നാലിന് രാവിലെ 11ന് കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും. പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാവും. ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകളും ഏഴു വരെ വിവിധ കേന്ദ്രങ്ങളിൽ യാത്ര നടത്തുന്നുണ്ട്. എല്ലാ ദിവസവും ജില്ലയിലെ വിവിധ വിപണികളിലെ വില അടിസ്ഥാനമാക്കി ജില്ലാ കൃഷി ഓഫീസിൽ നിന്ന് നേരിട്ട് സംഭരണ വിലയും വിപണന വിലയും നിശ്ചയിക്കുമെന്ന് മാർക്കറ്റിങ് വിഭാഗം അസി. ഡയരക്ടർ സി വി ജിതേഷ് അറിയിച്ചു.

ആരവം 2കെ22: ഓണാഘോഷ പരിപാടികള്‍

എടത്തൊട്ടി: ഡി പോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ആരവം 2കെ22 എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര, വടംവലി,ഉറിയടി തുടങ്ങിയ മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് ഫാ. ജോര്‍ജ് പൊട്ടയില്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. പീറ്റര്‍ ഊരോത്ത്, ജോമി തെക്കേല്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.

എം.വി ഗോവിന്ദന്‍ രാജിവെച്ചു, എം.ബി രാജേഷ് മന്ത്രി, ഷംസീര്‍ സ്പീക്കര്‍

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എം വി ഗോവിന്ദന്‍. എം വി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്പീക്കറായി എ എന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എം ബി രാജേഷിന്റെ വകുപ്പ് തീരുമാനിച്ചിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.

മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഓണാഘോഷം പായം ഗ്രാമ പഞ്ചായത്ത് അംഗം പി. സാജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി, സ്‌കൂള്‍ മാനേജര്‍ പി.സി ചന്ദ്രമോഹനന്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി.

ഗണേശോത്സവം; സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു

മുഴക്കുന്ന്: ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ അഡ്വ. എ.വി കേശവന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ശ്രീജിത്ത്, ഒ.ടി മഹേഷ്, പി.വി ഭാഗ്യരാജ്, സോജന്‍ലാല്‍ ശര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഭരതശ്രീ കലാക്ഷേത്രം മട്ടന്നൂരിന്റെ നേതൃത്വത്തില്‍ നൃത്ത നിശയും അരങ്ങേറി.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ലാസുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളെ ഉള്‍പ്പെടുത്തി 3 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കള മത്സരവും നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങളും നടന്നു. ഓണാഘോഷ പരിപാടികള്‍ക്ക് പ്രധാനാധ്യാപിക സിമി, മാനേജര്‍ ജെ ദേവാസ്, അരവിന്ദാക്ഷന്‍, ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ഇരിട്ടി: കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കള മത്സരം വടംവലി, മറ്റ് വിവിധ മത്സരങ്ങളോടെയായിരുന്നു ഓണാഘോഷം. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ആനി പെരുന്നിലം, അധ്യാപകരായ സജിത്ത്, പ്രേമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഷവര്‍മ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ഷവര്‍മ മാര്‍ഗ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വന്നു. ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ഷവര്‍മ തയാറാക്കാന്‍ ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് അടുത്ത നാല് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍കടല്‍വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴ തുടരാന്‍ കാരണം.