Hivision Channel

വിപണി വില നിയന്ത്രിക്കാൻ കൃഷി വകുപ്പ്;ജില്ലയിൽ 143 ഓണക്കാല കർഷക ചന്തകൾ

ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. സെപ്റ്റംബർ നാലു മുതൽ ഏഴുവരെ ജില്ലയിൽ 143 കർഷക ചന്തകൾ ഒരുക്കും. കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളുണ്ടാവും. ഹോർട്ടികോർപ്പിന്റെ മുപ്പതും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആറും ചന്തകളാണ് ഉണ്ടാവുക. കൃഷി വകുപ്പിന് കീഴിൽ 89 കൃഷിഭവൻ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമാണ് ചന്തകൾ നടക്കുക. ഇതിന് പുറമെ തെരഞ്ഞെടുത്ത ഏഴു പഞ്ചായത്തുകളിൽ പ്രത്യേക ചന്തകളുണ്ടാകും. പയ്യന്നൂർ ബ്ലോക്കിൽ 10, തളിപ്പറമ്പ് 15, കല്യാശ്ശേരി ഒമ്പത്, കണ്ണൂർ ഒമ്പത്, എടക്കാട് ഒമ്പത്, തലശ്ശേരി 12, പാനൂർ ഏഴ്, കൂത്തുപറമ്പ് ഒമ്പത്, പേരാവൂർ എട്ട്, ഇരിട്ടി ഒമ്പത്, ഇരിക്കൂർ 10 എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ചന്തകളുടെ എണ്ണം. കരിമ്പത്തെ ജില്ലാ ഫാം, കാങ്കോൽ, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നീ ഫാമുകളിലാണ് ചന്തകൾ ഒരുക്കുക.
ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ നാലിന് രാവിലെ 11ന് കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും. പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാവും. ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകളും ഏഴു വരെ വിവിധ കേന്ദ്രങ്ങളിൽ യാത്ര നടത്തുന്നുണ്ട്. എല്ലാ ദിവസവും ജില്ലയിലെ വിവിധ വിപണികളിലെ വില അടിസ്ഥാനമാക്കി ജില്ലാ കൃഷി ഓഫീസിൽ നിന്ന് നേരിട്ട് സംഭരണ വിലയും വിപണന വിലയും നിശ്ചയിക്കുമെന്ന് മാർക്കറ്റിങ് വിഭാഗം അസി. ഡയരക്ടർ സി വി ജിതേഷ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *