Hivision Channel

Kerala news

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

ബജറ്റില്‍ റാഗിങ് തടയാനുളള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥന്റെ പേരിലാണ് പദ്ധതി. ക്യാമ്പസുകളില്‍ റാഗിങ് തടയാന്‍ സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്സിറ്റിക്ക് മുന്‍ഗണന നല്‍കുമെന്നും ജെഎന്‍യു മോഡലില്‍ ഇന്ത്യയുടെ പരിച്ഛേദമായി ക്യാമ്പസുകളെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ കോളേജുകളില്‍ റാഗിങ് തടയുന്നതിനായി ഡിസ്ട്രസ് ആപ്പ് പുറത്തിറക്കും. അതിനോടൊപ്പം സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് എന്ന പേരില്‍ പുതിയ നിയമം നടപ്പാക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളില്‍ ഓംബുഡ്സ്മാന്‍ സംവിധാനവും അമിത രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അക്കാഡമിക് കൗണ്‍സിലും രൂപീകരിക്കും. ബിരുദധാരികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

2024 ഫെബ്രുവരിയിലാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നതായി കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് സ്ഥിരീകരിച്ചിരുന്നു.

ടെലഗ്രാം നിരോധനം ശരിവെച്ചു; കേന്ദ്രത്തിന്റെ തീരുമാനം നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ദില്ലി ഹൈക്കോടതി

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നല്‍കിയ ഹര്‍ജി തള്ളി. നിരോധനം 22വരെ തുടരും. കേന്ദ്രത്തിന്റെ തീരുമാനം നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി. താല്‍ക്കാലിക നിരോധനത്തിന് കേന്ദ്രം ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചു.

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. കേട്ടു കേള്‍വി ഇല്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേതെന്ന് ടെലഗ്രാം കോടതിയില്‍ വാദിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

നിരോധന നടപടി ഏകപക്ഷീയമാണെന്നും കമ്പനിയെ കേള്‍ക്കാതെയാണ് നിരോധനം എന്നുമാണ് ടെലഗ്രാം ഹര്‍ജിയില്‍ വാദിക്കുന്നത്. ജൂണ്‍ 22 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനത്തെ പരിഹസിച്ച് കമ്പനി സ്ഥാപകന്‍ പവല്‍ ഡുറോവ് രംഗത്ത് എത്തിയിരുന്നു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ഡുറോവ് പ്രതികരിച്ചു. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഗൂഗിള്‍ നീക്കി. ഇതിനിടെ പുനപരീക്ഷയ്ക്കായുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് എന്‍ടിഎ.

കൊട്ടിയൂര്‍ ക്ഷേത്രം തിരുപ്പതി മോഡല്‍ വികസിപ്പിച്ച് ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപനം

തിരക്ക് കൂടുന്നു, ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്ര വികസനത്തിന് വന്‍ പദ്ധതി പ്രഖ്യാപിച്ച് ബജറ്റ്.സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്കായി ‘തിരുപ്പതി മോഡല്‍’ ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം ബജറ്റിലാണ് ഭക്ത ജനങ്ങള്‍ ഏറെയെത്തുന്ന പ്രധാന ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള വമ്പന്‍ പ്രഖ്യാപനമുള്ളത്. തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കുന്നത്. ഈ മൂന്ന് പ്രമുഖ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടത്തില്‍ തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനത്തിനായുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കുക. തീര്‍ത്ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഈ പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിനൊപ്പം തന്നെ നവോത്ഥാന നായകന്‍ ശ്രീ നാരായണ ഗുരുവിന്റെ സ്മാരക കേന്ദ്രം രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിലൂടെ അറിയിച്ചു.

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ പരിരക്ഷ; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകള്‍ക്ക് ബജറ്റില്‍ 10 കോടി

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി നടപ്പാക്കും. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വര്‍ഷത്തിനുള്ളില്‍ പ്രതിദിന പാല്‍ ഉല്‍പാദനം ഒരു കോടി ലിറ്ററാക്കി ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികള്‍ വന്‍തോതില്‍ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടില്‍ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. വിദേശ സര്‍വ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തില്‍ ഉറപ്പാക്കാന്‍ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സര്‍വ്വകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകള്‍ കേരളത്തില്‍ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കേരളത്തിന്റെ കടല്‍ത്തീര സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി ‘മിഷന്‍ സമുദ്ര’ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കും. ഈ വികസന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ തീരമേഖലയില്‍ ഉള്ളവര്‍ക്ക് വലിയ തോതില്‍ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ബജറ്റില്‍ പറയുന്നു. സംസ്ഥാനത്ത് പുതിയൊരു കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം, സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി

സുപ്രധാന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉള്‍പ്പെടെ വന്‍ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷന്‍ സമുദ്ര പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തെ ലോകമാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയായി ഉയര്‍ത്തുകയാണ് മിഷന്‍ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

ധാതുമേഖലയില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് സതേണ്‍ കേരള ഇക്കോണമിക് കോറിഡോര്‍ പ്രഖ്യാപിച്ചു. ഇതിനായി അമ്പത് കോടി വകയിരുത്തി. നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയും പ്രഖ്യാപിച്ചു. ഏവിയേഷന്‍ ലോജിസ്റ്റിക് ഹബ്ബിന് ഇരുന്നൂറ് കോടി രൂപ വകയിരുത്തി. കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും.

തൊഴില്‍ മേഖലയയില്‍ വലിയ മാറ്റത്തിന് തുടക്കമിടാന്‍ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.തൊഴില്‍ ശക്തി ആസൂത്രണമാകും മുഖ്യചുമതല. സാറ്റലൈറ്റ് ടെക്നോളജിയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. സ്വകാര്യ ഉപഗ്രഹ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതല്‍ മിഷന്‍ ലക്ഷ്യം വെയ്ക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മന്‍ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.

ഉന്നതവിദ്യാഭ്യാസമമേഖലയില്‍ ബജറ്റില്‍ സുപ്രധാനപ്രഖ്യാപനങ്ങള്‍ നടത്തി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി രൂപ അനുവദിച്ചു. വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടിയും കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു. സ്വകാര്യ സര്‍വകലാശാല ബില്ലില്‍ മുന്‍ സര്‍ക്കാരിന്റെ വഴിയെ യുഡിഎഫും. ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നാണ് ബജറ്റില്‍ പ്രഖ്യാപനം. സ്വകാര്യ സര്‍വകലാശാല ബില്ലില്‍ മാറ്റം വരുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപത് കോടി രൂപ അനുവദിക്കുമെന്നും വി ഡി സതീശന്‍.മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി അമ്പത് കോടി രൂപ അനുവദിച്ചു.കേരളത്തെ സ്വര്‍ണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. റബറിന്റെ താങ്ങുവില 200 നിന്ന് 250 ആക്കുമെന്ന് ബജറ്റില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു.

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. ആറാം പ്രതി കിരണ്‍,എട്ടാം പ്രതി ഷഫീഖ്,പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയത്. പ്രതിയായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബിനുവിന് രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍.

ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് വേണം ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചിയൂര്‍ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വര്‍ക്കല ഇളകമണ്‍ സ്വദേശി ലെനിന്‍ രാജ്, നെയ്യാറ്റിന്‍കര തെക്കുമ്പുറം കാവിന് സമീപം ജി ആര്‍ നന്ദു, നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി രാഹുല്‍ രാജന്‍, നെടുമങ്ങാട് തറട്ട സ്വദേശി രാഹുല്‍, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്തു

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡോക്ടര്‍ റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി.ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സര്‍ക്കാരിനോട് ആലോചിക്കാതെ ഡയറക്ടര്‍ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്തവരെയും തുരപ്പന്‍ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി സ്റ്റേ ചെയ്തതോടെ ആരോഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്.മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിര്‍ത്തിരുന്നു. ഡയറക്ടറായ റീനയെ തടഞ്ഞുവച്ച് ഉത്തരവിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് കാലാവധി അവസാനിച്ചെന്നും പകര്‍ച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ച് പുറത്താക്കിയത്.

എന്നാല്‍, രണ്ടര ദിവസത്തെ അവധിമാത്രം ആവശ്യപ്പെട്ട് റീന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നു. അതേസമയം കോടതിക്ക് നന്ദി പറഞ്ഞു ഡോക്ടര്‍ റീന രംഗത്തെത്തി. നിയമവ്യവസ്ഥയ്ക്ക് നന്ദിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ റീന പറഞ്ഞു. ഇന്നത്തെ ദിവസം ഡോക്ടര്‍ അസീനയ്ക്ക് സമര്‍പ്പിക്കുന്നു എന്ന് ഡോക്ടര്‍ റീനയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. ഡിഎച്ച്എസിനെ മാറ്റിയ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിനാണ് നിയമവ്യവസ്ഥയ്ക്ക് അവര്‍ നന്ദി അറിയിച്ചു.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് മലപ്പുറം പാലക്കാട് ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്.

മധ്യകേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയങ്ങളില്‍ പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുതെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് എംവിഡി; കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും തീരുമാനം.വടക്കാഞ്ചേരി ജോയിന്റ് ആര്‍ടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.

വടക്കാഞ്ചേരിയില്‍ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്തു നിര്‍ത്തുകയായിരുന്നു ബസ് കണ്ടക്ടര്‍. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഏര്‍ക്കേണ്ടി വന്നത്.

വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് ആയതിനാല്‍ കുറച്ചു പേരെ മാത്രം കൊണ്ടു പോകാന്‍ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താന്‍ വൈകുമെന്നതിനാല്‍ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസന്‍സ് പിടിച്ചുവെച്ചു.

എം വി ഗോവിന്ദനെതിരെ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടകേസ് കോടതി തള്ളി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. തെളിവ് നല്‍കാന്‍ കെ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ്, ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കേസ് തള്ളിയത്. മോന്‍സണ്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തിന് എതിരെയാണ് കെ സുധാകരന്‍ മാനനഷ്ടക്കേസ് കൊടുത്തത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുധാകരന്റെ അഭിഭാഷകന്‍ അറിയിച്ചു.

മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.