Hivision Channel

സുപ്രധാന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉള്‍പ്പെടെ വന്‍ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷന്‍ സമുദ്ര പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തെ ലോകമാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയായി ഉയര്‍ത്തുകയാണ് മിഷന്‍ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

ധാതുമേഖലയില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് സതേണ്‍ കേരള ഇക്കോണമിക് കോറിഡോര്‍ പ്രഖ്യാപിച്ചു. ഇതിനായി അമ്പത് കോടി വകയിരുത്തി. നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയും പ്രഖ്യാപിച്ചു. ഏവിയേഷന്‍ ലോജിസ്റ്റിക് ഹബ്ബിന് ഇരുന്നൂറ് കോടി രൂപ വകയിരുത്തി. കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും.

തൊഴില്‍ മേഖലയയില്‍ വലിയ മാറ്റത്തിന് തുടക്കമിടാന്‍ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.തൊഴില്‍ ശക്തി ആസൂത്രണമാകും മുഖ്യചുമതല. സാറ്റലൈറ്റ് ടെക്നോളജിയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. സ്വകാര്യ ഉപഗ്രഹ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതല്‍ മിഷന്‍ ലക്ഷ്യം വെയ്ക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മന്‍ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.

ഉന്നതവിദ്യാഭ്യാസമമേഖലയില്‍ ബജറ്റില്‍ സുപ്രധാനപ്രഖ്യാപനങ്ങള്‍ നടത്തി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി രൂപ അനുവദിച്ചു. വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടിയും കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു. സ്വകാര്യ സര്‍വകലാശാല ബില്ലില്‍ മുന്‍ സര്‍ക്കാരിന്റെ വഴിയെ യുഡിഎഫും. ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നാണ് ബജറ്റില്‍ പ്രഖ്യാപനം. സ്വകാര്യ സര്‍വകലാശാല ബില്ലില്‍ മാറ്റം വരുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപത് കോടി രൂപ അനുവദിക്കുമെന്നും വി ഡി സതീശന്‍.മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി അമ്പത് കോടി രൂപ അനുവദിച്ചു.കേരളത്തെ സ്വര്‍ണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. റബറിന്റെ താങ്ങുവില 200 നിന്ന് 250 ആക്കുമെന്ന് ബജറ്റില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *