Hivision Channel

Kerala news

ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു

പേരാവൂര്‍: സേവാ ഭാരതി, കണ്ണൂര്‍ ചിന്മയ മിഷന്‍, സത്യസായി സേവ സംഘടന, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് എന്നിവയുടെ സഹായത്തോടെ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന 150 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. സേവാഭാരതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി മോഹനന്‍,സജീവന്‍ ആറളം, സോജന്‍ ലാല്‍ ശര്‍മ്മ, സുജേഷ് പാലക്കല്‍, ചന്ദ്രന്‍ വേക്കളം, അഖില്‍,
ഹൃദ്യ, ബിജു, സന്തോഷ്, ശരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

രക്ഷാകര്‍ത്തൃ ബോധവത്കരണ ക്ലാസ്

കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂളില്‍ രക്ഷാകര്‍ത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസിലെ മോട്ടിവേഷന്‍ ട്രെയിനര്‍ സിനീയ ജെറിന്‍ ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് ബിനോയി, ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ്, കെ.പി പസന്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് ജയ ബിജു എന്നിവര്‍ സംസാരിച്ചു.

സഹായ ധനം കൈമാറി

കണിച്ചാര്‍:ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനായി സി.പി.ഐ.എം കൊളക്കാട് ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച സഹായ ധനം കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന് കൈമാറി. ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി സുരേഷാണ് തുക കൈമാറിയത്. പഞ്ചായത്ത് അംഗം ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍, എം.ജെ ബെന്നി, ബിജു തോമസ് എന്നിവര്‍ സംബന്ധിച്ചു.

കുടിവെള്ള പൈപ്പുകള്‍ നല്‍കി

പൂളക്കുറ്റി: കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കുടിവെള്ള പൈപ്പുകള്‍ നഷ്ടപ്പെട്ട 45 കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പുകള്‍ വിതരണം ചെയ്തു. 30 കുടുംബങ്ങള്‍ക്ക് റവന്യു വകുപ്പും, 15 കുടുംബങ്ങള്‍ക്ക് കണിച്ചാര്‍ കുടുംബശ്രീയുമാണ് കുടിവെള്ള പൈപ്പുകള്‍ വിതരണം ചെയ്തത്. റവന്യു വകുപ്പ് ഒന്നര ലക്ഷം രൂപയും കുടുംബശ്രീ 70000 രൂപയുമാണ് നല്‍കിയത്. പൂളക്കുറ്റിയിലെ ക്യാമ്പില്‍ കഴിയുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വന്തം വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തത് കുടിവെള്ള പ്രശ്നം നേരിടുന്നതിനാലായിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ ഒരു പരിധിവരെ പരിഹാരം ആയിരിക്കുന്നത്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ കുടിവെള്ള വൈപ്പുകള്‍ വിതരണം ചെയ്യും. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇരിട്ടി തഹസില്‍ദാര്‍ സി.വി പ്രകാശന്‍, വില്ലേജ് ഓഫീസര്‍ ബിജി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

നാടന്‍ തോക്കുമായി ഒരാളെ പിടികൂടി

മുഴക്കുന്ന്: വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ് പോളും സംഘവും പിടികൂടി. മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടന്‍ അക്ഷയ് (23) ആണ് പിടിയിലായത്. മുഴക്കുന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് പിടികൂടിയത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍ : എന്‍.എസ്.എസ്.കെ യു.പി സ്‌കൂളില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം, പതാക നിര്‍മ്മാണം, ദേശഭക്തി ഗാനം, ഫ്‌ലാഷ് മോബ്, വന്ദേ മാതരം എന്നീ മത്സരങ്ങള്‍ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ്.സുമിത നടത്തി. അധ്യാപകരായ ടി.ഡി ബീന, വി.എസ് ജിഷാറാണി, കെ.പ്രജിന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

സ്‌കൂളുകളിലേക്കുള്ള ദേശീയ പതാക വിതരണത്തിന്റെ കേളകം പഞ്ചായത്ത് തല ഉദ്ഘാടനം

കേളകം: ഹര്‍ഘര്‍ തിരംഗിന്റെ ഭാഗമായി കേളകം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലേക്കുള്ള ദേശീയ പതാക വിതരണത്തിന്റെ കേളകം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപിക സജിഷയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ രജനി പ്രശാന്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍, ബീന, മറിയക്കുട്ടി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

മരത്തിന്റെ ശിഖരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.

പേരാവൂർ:പേരാവൂര്‍ മാലൂര്‍ റോഡില്‍ തെരുവത്താണ് മരത്തിന്റെ ശിഖരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടത്.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പേരാവൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ബസ് ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കണ്ണൂര്‍ ജില്ല ചെറുകിട മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: കണ്ണൂര്‍ ജില്ല ചെറുകിട മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ കാനത്തില്‍ സ്മാരക ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി ജോസഫ്, കെ.ജെ ജോയിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു

കീഴൂര്‍: വാഴുന്നവേഴ്സ് യു പി സ്‌കൂളില്‍ സംസ്‌കൃതം ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി പി സി ശശിധരന്‍ ടി എം വിശിഷ്ടാതിഥിയായി. ഉണ്ണി മാസ്റ്റര്‍, ശ്രീനിവാസന്‍, പ്രശാന്ത്, പി.പി സനോജ്, സി.കെ ലളിത എന്നിവര്‍ സംസാരിച്ചു. സംസ്‌കൃത പ്രദര്‍ശനവും നടന്നു.