Hivision Channel

Kerala news

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം യാത്രക്കാരുടെ ജീവന് ഭീഷണി; ഹൈക്കോടതി

ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. പൊലീസും, മോട്ടോര്‍ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലഹരി ഉപയോഗിച്ചവര്‍ വാഹനമോടിക്കുന്നത് ഗുരുതര ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയെന്ന് ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയമത്തിനുള്ളില്‍ നിന്ന് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സമൂഹ ഗണപതി ഹോമം നടന്നു

കേളകം : മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ ഗണേശോത്സവത്തിനോടനുബന്ധിച്ച് സമൂഹ ഗണപതി ഹോമം നടന്നു. ക്ഷേത്രം മേല്‍ശാന്തി ശര്‍മ്മാജിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗണപതി ഹോമത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഈ മാസം 25 മുതല്‍ 31 വരെ ഗണേശോത്സവത്തിനോടനുബന്ധിച്ച്
ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, ഉഷപൂജ, ഗണപതിയര്‍ച്ചന, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു വരുന്നുണ്ട്. 31 ന് വാദ്യഘോഷ നാമ ജപത്തോടു കൂടി ഗണപതി വിഗ്രഹം എഴുന്നള്ളിച്ച് ബാവലിപ്പുഴയില്‍ വിഗ്രഹ നിമഞ്ജനം ചെയ്യും.

സംരംഭകര്‍ക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയില്‍ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളില്‍ സുപ്രധാനമാറ്റം

സംരംഭകര്‍ക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയില്‍ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളില്‍ സുപ്രധാനമാറ്റം വരുത്തി സര്‍ക്കാര്‍. ഭൂപരിധി ഇളവിന് അപേക്ഷിച്ചാല്‍ ആറു മാസത്തേക്ക് സംരംഭകനെതിരെ നടപടി സ്വീകരിക്കരുതെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഇളവ് അനുവദിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ നടപടിയെടുക്കാനായി ലാന്റ് ബോര്‍ഡിന് വിടും. മന്ത്രിമാരാടങ്ങിയ അഞ്ചംഗ സമിതിയാകും ഭൂപരിധിയില്‍ തീരുമാനമെടുക്കും. സംരംഭകര്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത് ഭൂപരിധിയില്‍ ഇളവ് അനുവദിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2012 മേയ് മൂന്നിലെ ഉത്തരവിലൂടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷകള്‍ പരിശോധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിനായി അതത് ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാനായി ജില്ലാതല സമിതി രൂപീകരിച്ചു. സംരംഭകന്‍ ഭൂപരിധി ഇളവിന് അപേക്ഷിച്ചാല്‍ ആറു മാസത്തേക്കോ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരേയോ സംരംഭകന്റെ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. പരിധയിലധികം ഭൂമി കൈവശം വച്ചാല്‍ മൂന്നു മാസത്തിനകം ലാന്റ് ബോര്‍ഡ് മുമ്പാകെ ഭൂമി സംബന്ധിച്ച പ്രസ്താവന നല്‍കണം. തുടര്‍ന്നാണ് നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തിയത്. ഭൂപരിധി ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേലുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തണം. ഭൂമി വാങ്ങിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ അപേക്ഷ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഈ അപേക്ഷകളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷ നിരസിച്ചാല്‍ ഉടന്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കായി ലാന്റ് ബോര്‍ഡിന് കൈമാറും. അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി നിയമിച്ച ജില്ലാതല സമിതികള്‍ ഒഴിവാക്കി. റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട് വകുപ്പുമന്ത്രിയും അടങ്ങുന്ന അഞ്ചംഗ സമിതിയാകും അപേക്ഷയില്‍ തീരുമാനമെടുക്കയെന്നും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂപരിധി ഇളവിന് 10 കോടിയുടെ നിക്ഷേപവും ഏക്കറിന് 20 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയും നിലനിര്‍ത്തിയിട്ടുണ്ട്.

പാലം തകർന്നു

ഇരിട്ടി:കനത്ത മഴയിൽ വള്ളിത്തോട് സെന്റ് ജൂഡ് നഗർ വാഴയിൽ പാലം തകർന്നു. പായം പഞ്ചായത്തിലെ ആനപ്പന്തിക്കവല സെന്റ് ജൂഡ് നഗറുമായും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്മായും ബന്ധിപ്പിക്കുന്ന ജീപ്പ് പാലമാണ് തകർന്നത്.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോളയാട് ഡിവിഷനിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി കുഞ്ഞഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗം റജീന സിറാജ്, വിവിധ സ്‌കൂള്‍ പ്രധാന അധ്യാപകര്‍,പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റോഡുകളിലെ കുഴികളെണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം; എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി. റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് നീക്കം. വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേരളം ഉണ്ടായ അന്ന് മുതല്‍ റോഡുകളില്‍ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷകാറ്റ് ശക്തമായതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ആഗസ്റ്റ് 31 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ അതിശക്ത മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. നിലവില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ് സംസ്ഥാന വ്യാപകമായി മഴ കനക്കുന്നത്.

മാനന്തവാടി നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

നെടുംപൊയില്‍ സെമിനാരിവില്ലയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം.മാനന്തവാടി നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.മലവെള്ളപാച്ചിലില്‍ റോഡില്‍ കല്ലുകളും മറ്റും വന്നടിഞ്ഞതാണ് ഗതാഗത തടസം ഉണ്ടാകാന്‍ കാരണമായത്.ജെസിബി ഉപയോഗിച്ച് കല്ലുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.തുടര്‍ച്ചയായിപെയ്യുന്ന മഴ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

പെന്‍ഡിംങ്ങ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, നമ്പറിംഗ് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ പെന്‍ഡിംങ്ങ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, സെക്രട്ടറി അശോകന്‍ മലപ്പിലായി, എ.ഇ ജീജ പി.സി, ഓവര്‍സിയര്‍ വിവേക് ഹരീന്ദ്രന്‍, സീനിയര്‍ ക്ലര്‍ക്ക് കെ.രഞ്ചിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

യാനം 2022 കഥകളി മഹോത്സവം പതിമൂന്നാം ദിവസം പിന്നിട്ടു

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന യാനം 2022 കഥകളി മഹോത്സവം പതിമൂന്നാം ദിവസം പിന്നിട്ടു. കഥകളി മഹോത്സവത്തോടനുബന്ധിച്ച് പാത്ര ചരിതം ഓട്ടന്‍തുള്ളല്‍ അരങ്ങേറി.