സംരംഭകര്‍ക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയില്‍ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളില്‍ സുപ്രധാനമാറ്റം വരുത്തി സര്‍ക്കാര്‍. ഭൂപരിധി ഇളവിന് അപേക്ഷിച്ചാല്‍ ആറു മാസത്തേക്ക് സംരംഭകനെതിരെ നടപടി സ്വീകരിക്കരുതെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഇളവ് അനുവദിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ നടപടിയെടുക്കാനായി ലാന്റ് ബോര്‍ഡിന് വിടും. മന്ത്രിമാരാടങ്ങിയ അഞ്ചംഗ സമിതിയാകും ഭൂപരിധിയില്‍ തീരുമാനമെടുക്കും. സംരംഭകര്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത് ഭൂപരിധിയില്‍ ഇളവ് അനുവദിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2012 മേയ് മൂന്നിലെ ഉത്തരവിലൂടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷകള്‍ പരിശോധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിനായി അതത് ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാനായി ജില്ലാതല സമിതി രൂപീകരിച്ചു. സംരംഭകന്‍ ഭൂപരിധി ഇളവിന് അപേക്ഷിച്ചാല്‍ ആറു മാസത്തേക്കോ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരേയോ സംരംഭകന്റെ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. പരിധയിലധികം ഭൂമി കൈവശം വച്ചാല്‍ മൂന്നു മാസത്തിനകം ലാന്റ് ബോര്‍ഡ് മുമ്പാകെ ഭൂമി സംബന്ധിച്ച പ്രസ്താവന നല്‍കണം. തുടര്‍ന്നാണ് നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തിയത്. ഭൂപരിധി ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേലുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തണം. ഭൂമി വാങ്ങിയ തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ അപേക്ഷ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഈ അപേക്ഷകളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷ നിരസിച്ചാല്‍ ഉടന്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കായി ലാന്റ് ബോര്‍ഡിന് കൈമാറും. അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി നിയമിച്ച ജില്ലാതല സമിതികള്‍ ഒഴിവാക്കി. റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട് വകുപ്പുമന്ത്രിയും അടങ്ങുന്ന അഞ്ചംഗ സമിതിയാകും അപേക്ഷയില്‍ തീരുമാനമെടുക്കയെന്നും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂപരിധി ഇളവിന് 10 കോടിയുടെ നിക്ഷേപവും ഏക്കറിന് 20 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥയും നിലനിര്‍ത്തിയിട്ടുണ്ട്.