Hivision Channel

Kerala news

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ജയിലില്‍ കഴിയുന്ന കാപ്പ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.

അതിനിടെ, കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനമേറ്റ സംഭവവുമുണ്ടായി. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രന് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

ഇന്ന് അയ്യങ്കാളി ജയന്തി

ഇന്ന് അയ്യങ്കാളി ജയന്തി. കേരള നവോത്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു മഹാത്മാ അയ്യങ്കാളി.
ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചിയായിരുന്നു മഹാത്മാ അയ്യങ്കാളി. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നയിച്ച അയ്യങ്കാളിയെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് എന്നാണ് ഇ കെ നായനാര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍. കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര നിഷേധത്തിനെതിരെ നടത്തിയ വില്ലുവണ്ടി യാത്രകളും താണജാതിക്കാര്‍ കല്ലുമാല ധരിക്കണമെന്ന ആചാരത്തിനെതിരെ നടത്തിയ കല്ലുമാല ബഹിഷ്‌ക്കരണ സമരവും താഴ്ന്ന ജാതിക്കാരുടെ മക്കളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ പ്രക്ഷോഭവും കര്‍ഷകത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമായി നടത്തിയ കര്‍ഷകസമരവുമെല്ലാം ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകി.

നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ ജനതയുടേയും അത്താണിയായിരുന്നു അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘം. തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ അയ്യന്‍- മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം തന്നെ ഒരുസമരമായിരുന്നു. 1912-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് സാമാജികനായി നോമിനേറ്റ് ചെയ്യപ്പെട്ട അയ്യങ്കാളി രണ്ട് പതിറ്റാണ്ടുകാലത്തോളം നിയമസഭാ സാമാജികനായി തുടര്‍ന്നു. 1937 ജനുവരി 14ന് ഗാന്ധിജി അയ്യങ്കാളിയെ വെങ്ങാനൂരില്‍ ചെന്നുകണ്ട് ‘ഞാന്‍ താങ്കള്‍ക്കുവേണ്ടി എന്തുചെയ്യണം’ എന്നു ചോദിച്ചപ്പോള്‍ ‘അധഃസ്ഥിതരില്‍ നിന്നും പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം തനിക്ക് മരിക്കാന്‍’ എന്നായിരുന്നു അയ്യങ്കാളിയുടെ മറുപടി.

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി

മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചു.

126 കോടി രൂപ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ട് ബ്രോഡ് കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. ഇതില്‍ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം.

പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ തുടങ്ങിയവ ഇഡി ശേഖരിച്ചു. പണമിടപാടുകളുടെ ഉറവിടം, ഗുണഭോക്താക്കള്‍, ഇടപാടിന്റെ സ്വഭാവം എന്നിവ പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടിയിലേക്ക് ഇഡി കടക്കും.

126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സൊ, മറ്റേതെങ്കിലും ഏജന്‍സിയോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള അന്വേഷണത്തിലേക്ക് ഇഡിയ്ക്ക് കടക്കാം.

അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജി.എസ്.ടി കമ്മീഷണര്‍ക്കാണ് എസ്ഐടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജിഎസ്ടിയുടെ എസ് ഐ ടി വിഭാഗം നികുതി വെട്ടിപ്പില്‍ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലില്‍ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ കഴിഞ്ഞദിവസം നല്‍കിയിരുന്നു.

നീറ്റ് പരീക്ഷ 2027 മുതല്‍ ഓണ്‍ലൈന്‍ ആയേക്കുമെന്ന് സൂചന

നീറ്റ് പരീക്ഷ 2027 മുതല്‍ ഓണ്‍ലൈന്‍ ആയേക്കുമെന്ന് സൂചന. 2027ല്‍ പരീക്ഷ ഓണ്‍ലൈന്‍ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദന്‍ നിലേകനി പാനല്‍ അവതരിപ്പിച്ചത്. ജെഇഇ മാതൃകയില്‍ സിബിറ്റി പരീക്ഷ രീതിയില്‍ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതല്‍ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകള്‍ ഒരുക്കും. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായ മലയാളികളും. പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം ഇന്ന് നേപ്പാളിലേക്ക് തിരിക്കും. കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്ന് പൊന്നാനി എംഎല്‍എ നൗഷാദ് അലി പറഞ്ഞു.

പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍,ലക്ഷ്മി,ഋഷബ്,രുദ്ര എന്നിവരെയാണ് കാണാതായത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍ നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു. അധികാരികള്‍ ഇടപെട്ട് എത്രയും വേഗം ഇവരെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നത് ആശങ്കയാകുന്നുണ്ട്. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിഹാറിലെ ഗണ്ടക് നദിയില്‍ ജലനിരപ്പുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 13 ഹിമതടാകങ്ങള്‍ ദുരന്തസാധ്യതാ പട്ടികയിലാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ, കര്‍ശന നീരീക്ഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയില്‍

ഇരിട്ടി: കൂട്ടുപുഴയില്‍ 29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലെ മുഖ്യപ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആതിരകം സ്വദേശി വിശാഖിനെയാണ് കണ്ണൂരിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്.

ഇരിട്ടി ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് വിശാഖെന്ന് പോലീസ് അറിയിച്ചു.
കേസിലെ ഇയാളുടെ കൂട്ടാളിയും പേരാവൂര്‍ വേക്കളം സ്വദേശിയുമായ സതീഷിനെ കഴിഞ്ഞ ദിവസം കൂട്ടുപുഴയില്‍ വച്ച് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 29 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വന്‍ കയറ്റത്തിനൊടുവിലാണ് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 117200 രൂപയും ഇന്ന് നല്‍കേണ്ടി വരും.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (27/08/2026) രാവിലെ 8.30 മുതല്‍ (28/08/2026) വൈകിട്ട് 05.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു.

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചു തേവര്‍ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഇയാള്‍ . പ്രദേശത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് ആര്‍ ആര്‍ ടി വിവരം നല്‍കിയിരുന്നു . എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം എത്തിയത് ഒച്ചു തേവര്‍ അറിഞ്ഞില്ല. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം

നോവല്‍, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാര്‍ത്തി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി ആദരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ചൊരു എഴുത്തുകാരന്‍ എന്നതിലുപരി പ്രശസ്തനായ ഒരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം. പെരുന്തച്ചന്‍, കടല്‍ക്കാക്ക, ഒരു വിലക്ക് എന്നീ സിനിമകളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.