കണ്ണൂര്‍ വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പ്രതി പിടിയില്‍. അയല്‍വാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പണവും സ്വര്‍ണാഭരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിലെ സൂചന കേസില്‍ നിര്‍ണായകമായി. കഴിഞ്ഞ മാസം ഇരുപതിനാണ് അരി വ്യാപാരി അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്നത്.
നവംബര്‍ 19 ന് രാവിലെ അഷ്റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്.വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഇരിട്ടി: വാഹനാപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ ഇരിട്ടി പോലീസ് നടത്തിയ മിന്നല്‍ നീക്കം ചെന്നൈ പോലീസിനേയും അപകടത്തില്‍ മരിച്ച യുവാവിന്റെ ബന്ധുക്കളേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി. ചുഴലിക്കാറ്റില്‍ ചെന്നൈ നഗരം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് നാലു മണിക്കൂര്‍ കൊണ്ട് ഇരിട്ടിയില്‍ നിന്നും ചെന്നൈയില്‍ എത്തിയുള്ള ഇരിട്ടി പോലീസിന്റെ മിന്നല്‍ നീക്കം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും ഇരിട്ടിയില്‍ നിന്നും പോലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ചുരുങ്ങിയത് രണ്ട് മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് ചെന്നൈ പോലീസ് മരിച്ച യുവാവിന്റെ കുടുംബത്തെ അറിയിച്ചിരിക്കെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിട്ടി പോലീസ് ചെന്നൈയില്‍ എത്തിയത്. ചെന്നൈ സ്വദേശിയായ ഗൗതം ( 28) ആണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.ഗൗതം മറ്റ് മൂന്ന് സുഹൃത്തക്കള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും ഒരു മാസം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ കാണാനെത്തി തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ ഇരിട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നോത്ത് 32-ാം മൈലില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്.ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.തലയ്ക്ക് സാരമായിപരിക്കേറ്റ ഗൗതമിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ഏറെ നാള്‍ കഴിയവെ കുടുംബം വിദഗ്ധ ചികിത്സയ്ക്കായി ഗൗതമിനെ ചെന്നൈയിലേക്ക് മാറ്റി. അവിടെ നിന്നാണ് ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്. ഇരിട്ടിയില്‍ വെച്ചുണ്ടായ അപകടമായതിനാല്‍ ഇന്‍ക്വസ്റ്റ് നടത്തേണ്ടത് ഇരിട്ടി പോലീസായിരുന്നു.ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് ഇരിട്ടി സി.ഐ എ.കുട്ടിക്കൃഷ്ണന് ഇത് സംബന്ധിച്ച് കുടുംബത്തില്‍ നിന്നും വിവരം ലഭിച്ചത്.ഉടന്‍ തന്നെ സി.ഐ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക ഏര്‍പ്പാട് ചെയ്തു. അവധിയിലായിരുന്ന ഇരിട്ടി എസ് .ഐ റെജി സ്‌ക്കറിയ അവധി ഒഴിവാക്കി ചെന്നൈയിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചതോടെ പിന്നീട് സംഭവിച്ചതെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.ഉടന്‍ തന്നെ സി.ഐ കുട്ടികൃഷ്ണന്‍ മട്ടന്നൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ യാത്രാ സൗകര്യവും ഒരുക്കി.ഇതിനിടയില്‍ അപകടവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ് തെയ്യറാക്കിയ എഫ്.ഐ.ആര്‍ ഉള്‍പ്പെടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റവും നടത്തി. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടി എസ്.ഐ റെജിസ്‌ക്കറിയ ചെന്നൈ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇരിട്ടി പോലീസിന് രേഖാമൂലം ഇന്‍ക്വസ്റ്റിനുള്ള അറിയിപ്പ് പോലും ചെന്നൈ പോലീസ് തെയ്യറാക്കിയിരുന്നില്ല. ദിവസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് കാത്തിരിക്കേണ്ട സാഹചര്യം ഇരിട്ടി പോലീസ് ഇല്ലാതാക്കിയത് കുടുംബത്തിനും ഗൗതമിന്റെ നാട്ടുകാര്‍ക്കും വലിയൊരനുഗ്രഹവുമായി.ഐ.ടി ജീവനക്കാരനായിരുന്നു മരിച്ച ഗൗതം.
തില്ലങ്കേരി:ഡിസംബര്‍ 6, 7 ,8 തീയതികളില്‍ നടക്കുന്ന സിപിഐഎം മട്ടന്നൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം കണ്ണിരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു.സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗം പി ശ്രീമതി പതാക ഉയര്‍ത്തി. ബ്രാഞ്ച് സെക്രട്ടറി രാമകൃഷ്ണന്‍,എന്‍ ഗോവിന്ദന്‍, പ്രണവ്, രഞ്ജിത്ത്, സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍ പൊലീസ്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍ സ്വദേശി കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എന്ന വ്യാജേന വീഡിയോ കാള്‍ വന്നുകൊണ്ടുള്ള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭത്തില്‍ മലയാളികള്‍ അറസ്റ്റിലാകുന്നത്. ഉത്തരേന്ത്യന്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് രണ്ടുപേരുടെയും അറസ്റ്റിലൂടെ പുറത്തുവരുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഡിസംബര്‍ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് അവധി ആയിരിക്കുന്നതും ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് തുടരുന്നു. ഇന്നും വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 70,000 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ 75,821 ഭക്തര്‍ ദര്‍ശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
ഒരേ സമയം കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
ഭക്തരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് വരുമാനവും വര്‍ധിക്കുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 15 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സീസണില്‍ ഇതുവരെ ലഭിച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് ചെറിയ തോതില്‍ മഴ പെയ്തു. ഫിന്‍ജാല്‍ ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
വയനാട് എം പി പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. മാനന്തവാടിയിലും ബത്തേരിയിലും കല്‍പ്പറ്റയിലും ഇന്ന് സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ പത്തരയ്ക്ക് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം ഒരുക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ടേക്കാലിന് സുല്‍ത്താന്‍ ബത്തേരിയിലും, ഒന്നരയ്ക്ക് കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും.
ഡിസംബര്‍ 1- ലോക എയ്ഡ്സ് ദിനം. എയിഡ്‌സ് ബാധിതരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ലോകമെമ്പാടും 1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ആചരിച്ചു വരുന്നത്. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ മാത്രം 13 ലക്ഷം ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയില്‍ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. എച്ച്.ഐ.വി. അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ അത് കേരളത്തില്‍ 0.07 ആണ്.
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) ആണ് എയ്ഡ്സ് രോഗം പരത്തുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും രോഗങ്ങളെയും അണുബാധകളെയും തടയാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.
ലക്ഷണങ്ങള്‍:
എയ്ഡ്‌സ് രോഗികളില്‍ എപ്പോഴും പനി, ക്ഷീണം, തൊണ്ടവേദന, ഫ്‌ലൂ തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാം. തുടര്‍ച്ചയായ ഇന്‍ഫെക്ഷനുകള്‍, ശരീരഭാരം കുറയുക, ഇടുപ്പു വേദന, വരണ്ട ചുമ, ശരീര വേദന, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മ്മത്തില്‍ പാടുകള്‍ ഇവയെല്ലാം കാണപ്പെടാം.
എയ്ഡ്സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഒരാള്‍ ഉപയോഗിച്ച സൂചി ഉപയോഗിക്കാതിരിക്കുക.
സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക.
ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുകയും ഇടയ്ക്കിടെ എച്ച്ഐവി പരിശോധന നടത്തുകയും ചെയ്യുക.
എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ എടുക്കുക.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടര്‍ വില തുടര്‍ച്ചയായ അഞ്ചാം മാസവും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ 1980.5 രൂപയായി വില വര്‍ധിച്ചിട്ടുണ്ട്.